കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് യാർഡ് : നവീകരണം അവസാനഘട്ടത്തിൽ; ബാക്കി മിനുക്കു പണികൾ മാത്രം

Monday 04 October 2021 10:05 PM IST
നവീകരിച്ച കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ യാർഡ്

കണ്ണൂർ :കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് യാർഡ് നവീകരണം അന്തിമ ഘട്ടത്തിലെത്തി . മിനുക്കുപണികൾ പൂർത്തിയാക്കി യാർഡ് ഒരാഴ്ച്ചക്കകം പൂർണസജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു .മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 72 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം.

പിണറായി പിക്കോസാണ് യാർഡ് നിർമ്മാണം നടത്തുന്നത്. മഴക്കാലമായാൽ ചെളിയും വെള്ളക്കെട്ടും നിറ‌ഞ്ഞ അവസ്ഥയിലായിരുന്നു കണ്ണൂർ‌ ഡിപ്പോ .നിലവിൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലാണ് ഒാഫീസ് പ്രർത്തിക്കുന്നത്. നേരത്തെ തന്നെ പൂർത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസ് കെട്ടിടം ഇതുവരെ ജീവനക്കാർക്കായി തുറന്ന് കൊടുത്തിട്ടില്ല.

2016 ൽ അബ്ദുള്ള എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിലെ ഒരു കോടി തുക വിനിയോഗിച്ചായിരുന്നു ഒാഫീസും കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തിയും തുടങ്ങിയത്.എന്നാൽ യാർ‌ഡും ഒാഫീസ് കെട്ടിടത്തിലേക്കുള്ള വഴിയും ഒരുങ്ങാത്തതിനാൽ ജീവനക്കാ‌ർക്ക് തുറന്ന് നൽകിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

പരാതി തീരാതെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക്

വർഷം നാല് കഴിഞ്ഞിട്ടും ഒാഫീസ് കെട്ടിടം തുറന്ന് നൽകാത്തതിൽ ജീവനക്കാരുടെ സംഘടനകൾ ഇടപെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.700 ഒാളം ജീവനക്കാർക്ക് ഉപകാരപ്പെടുന്ന കെട്ടിടമാണ് വെറുതെയിട്ടിരിക്കുന്നത്. 4.21 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതും ഉത്തരമലബാറിൽ ഏറ്റവും കൂടുതൽ ഷെഡ്യൂൾ നടത്തുന്നതും വരുമാനത്തിൽ മുന്നിലുമുള്ള ഡിപ്പോയാണ് കണ്ണൂർ.എന്നിട്ടും ഡിപ്പോയുടെ വികസനത്തിൽ അധികൃതർ കാട്ടുന്ന അനാസ്ഥ കാട്ടുന്നുവെന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ ആരോപണം.

കണ്ണൂർ ഡിപ്പോയിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തിയായ അഡ്മിനിസ്ട്രേറ്റീവ് ഒാഫീസ് ഇതുവരെ തുറന്ന് കൊടുക്കാത്തത് ജീവനക്കാരോട് കാണിക്കുന്ന വലിയ അനീതിയാണ്.

എ.എൻ.രാജേഷ്,ജില്ലാ പ്രസിഡന്റ് ട്രാൻസ്പോർട്ട് വർക്കേർസ് യൂനിയൻ (എെ.എൻ.ടി.യു.സി)

Advertisement
Advertisement