ഇനിയും കണ്ടില്ലെന്ന് നടിക്കരുത്..... പട്ടിണിയിലാണ് കലാകാരന്മാർ

Tuesday 05 October 2021 12:48 AM IST

ആലപ്പുഴ: സർവ്വമേഖലകളിലും ഇളവുകൾ എത്തിത്തുടങ്ങുമ്പോൾ, തങ്ങളുടെ സമയവും ശരിയാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് സ്റ്റേജ് കലാകാരന്മാർ. മൂന്ന് വർഷം മുമ്പ് പ്രളയകാലത്തോടെ ആരംഭിച്ചതാണ് കലാരംഗത്തെ ശനിദശ.

വെള്ളപ്പൊക്ക കാലത്തെ വറുതിയിൽ നിന്ന് സമിതികളടക്കം കരകയറി വരുന്നതിനിടെയാണ് കൊവിഡ് വാളോങ്ങിയത്. സ്കൂളുകളും, എ.സി സിനിമാ തിയേറ്ററുകളുമടക്കം തുറക്കാമെന്ന് പ്രഖ്യാപനങ്ങൾ വരുമ്പോഴും, തങ്ങളെക്കുറിച്ച് യാതൊരു പരാമർശവുമില്ലാത്തതാണ് കലാകാരന്മാരെ ആശങ്കയിലാക്കുന്നത്. കലാകാരൻമാരിൽ പലരും ഉപജീവനത്തിനായി വഴിയോരക്കച്ചവടമടക്കമുള്ള വിവിധ തൊഴിലുകളിലേക്ക് തിരിഞ്ഞു. നാടക, ബാലെ, നൃത്തസംഘങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് സ്റ്റേജ് സംവിധാനങ്ങളുമെല്ലാം ഉപയോഗിക്കാതെ കിടന്ന് നശിക്കുകയാണ്.

ലഭിച്ചിരുന്ന വരുമാനം

ഒരു സ്റ്റേജ് പരിപാടിക്ക് ...........................പരമാവധി ₹1500 രൂപ

സീസൺ

ഡിസംബർ - ഏപ്രിൽ

പാഴായ ട്രയൽ

പ്രളയത്തിന് ശേഷം കരകയറാം എന്ന പ്രതീക്ഷയോടെ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയും വായ്പ എടുത്ത് പുത്തൻ സജ്ജീകരണങ്ങൾ സെറ്റ് ചെയ്തും പല ട്രൂപ്പുകളും പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ ഇവർക്കാർക്കും പിന്നീട് തട്ടിൽ കയറാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇതോടെ മുതൽ മുടക്ക് ഇനത്തിലും വലിയ നഷ്ടമാണ് കലാമേഖല നേരിട്ടത്.

കൊവിഡ് കാലത്ത് ക്ഷേമനിധി അംഗങ്ങൾക്ക് ലഭിച്ചത് 1000 രൂപ


ഏറ്റവുമധികം സ്റ്റേജ് പരിപാടികൾക്ക് ബുക്കിംഗ് ലഭിക്കുന്ന സീസണാണ് മുന്നിലുള്ളത്. സർക്കാരിന്റെ ഇളവ് പ്രഖ്യാപനത്തിൽ സ്റ്റേജ് കല കൂടി ഉൾപ്പെടുത്തിയാൽ പരിപാടിക്ക് വേണ്ട തയാറെടുപ്പുകൾ എല്ലാവർക്കും ഇപ്പോഴേ ആരംഭിക്കാൻ സധിക്കും. നിരവധി കുടുംബങ്ങൾ സാമ്പത്തികമായി കരകയറും

- കലാഭവൻ കണ്ണനുണ്ണി

Advertisement
Advertisement