പഞ്ചാബിലെ ദളിത് രാഷ്ട്രീയം

Tuesday 05 October 2021 12:00 AM IST

ഹരിത വിപ്ലവത്തിന്റെ വിളനിലമായ പഞ്ചാബിൽ നിയമസഭാ തിരഞ്ഞടുപ്പ് 2022 ൽ മാത്രമാണെങ്കിലും ചടുലമായ നീക്കങ്ങളിലൂടെ രാഷ്ട്രീയം മുന്നേറുകയാണ്. പഞ്ചാബിൽ ആദ്യമായി ദളിതനായ ചരൺജിത്ത് സിങ് ഛന്നി മുഖ്യമന്ത്രിയായിരിക്കുന്നു . അതുപോലെ തന്നെ ശ്രദ്ധേയമാണ് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള അകാലിദൾ ബിഎസ് പി സഖ്യം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദളിതർ ( 32ശതമാനം )ജീവിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. എന്നാൽ ദളിതർ ഒറ്റ യൂണിറ്റല്ല. അവരിൽ പല വിഭാഗങ്ങളുണ്ട് രവിദാസിയ സിഖ്, രാമദാസിയ സിഖ്, മസാബി സിഖ്, വാല്മീകി തുടങ്ങിയവയാണ് ദളിത് പട്ടികയിലുള്ള 39 സമുദായങ്ങളിൽ പ്രബലമായവ. രാമദാസിയ സിഖുകൾ ഹിന്ദുക്കളിലെ ചാമർ വിഭാഗത്തിൽപ്പെട്ടവരായിരുന്നു. അവർ നാലാം സിഖ് ഗുരുവായ രാമദാസിന്റെ കാലത്ത് സിഖ് വിശ്വാസത്തിലേക്ക് മാറിയെന്നാണ് കരുതപ്പെടുന്നത്. നെയ്‌ത്താണ് ഇവരുടെ കുലത്തൊഴിൽ. പുതിയ മുഖ്യമന്ത്രിയും കാൻഷിറാമും ഈ വിഭാഗത്തിൽപ്പെട്ടവരാണ്.

രവിദാസി സിഖുകളും ചാമർ വിഭാഗത്തിൽപ്പെട്ട ഹിന്ദുകളായിരുന്നു. സിഖ് ഗുരുവായ രവി ദാസിൽ ആകൃഷ്ടരായി സിഖ് മതത്തിലേക്ക് ഇവർ മാറി. തുകൽ ജോലിയാണ് കുലത്തൊഴിൽ. എന്നാൽ ദളിത് സിഖുകളിൽ 60 ശതമാനവും മസാബി സിഖുകളാണ്. ഇവർ ഹിന്ദുക്കളിലെ വാല്മീകി സമുദായത്തിൽ നിന്ന് സിഖ് വിശ്വാസം സ്വീകരിച്ചവരാണ്. മാൽവ മേഖലയിലാണ് ഇവരിൽ ഭൂരിഭാഗവും താമസിക്കുന്നത്. തോട്ടിപ്പണിയാണ് കുലത്തൊഴിൽ. പഞ്ചാബിലെ പ്രബല ഹിന്ദു ദളിത് വിഭാഗമാണ് വാല്മീകികൾ. ഇവർ ദളിത് ജനസംഖ്യയുടെ 11.3ശതമാനമാണ്. ഇവർ പ്രധാനമായും നഗരങ്ങളിലേക്ക് കുടിയേറിയവരാണ്. ഇങ്ങനെ പല തലത്തിലുള്ള ശ്രേണിവത്‌കരണമാണ് ദളിത് രാഷ്ട്രീയത്തിനുള്ള പ്രധാന തടസം . മറ്റൊന്ന് മഹാരാജ രഞ്ജിത്ത് സിംഗിന്റെ കാലം മുതലുള്ള ജാട്ട് സിഖുകളുടെ മേധാവിത്തമാണ്. സ്വാതന്ത്ര്യത്തിന് ശേഷവും അത് തുടർന്നുവെന്ന് മാത്രമല്ല ഹരിത വിപ്ലവത്തിന്റെ സ്വാധീനം കാരണം പരമ്പരാഗതമായി വൻകിട കൃഷിക്കാരായ അവരുടെ അപ്രമാദിത്വം വർദ്ധിച്ചു. പഞ്ചാബ് ചരിത്രത്തിൽ ചരൺസിംഗ് ഛന്നിക്ക് മുൻപ് ജാട്ട് സിഖ് ഇതര സമുദായത്തിൽ നിന്ന് മുഖ്യമന്ത്രിയായ ഏക വ്യക്തി ഗ്യാനി സെയ്ൽ സിംഗ് മാത്രമായിരുന്നു.

ദളിത് രാഷ്ട്രീയത്തിന്റെ നാൾവഴികൾ
കാൻഷിറാം ജനിച്ചത് പഞ്ചാബിലെ രൂപ്‌നഗറിൽ ആയിരുന്നു.1984 ൽ ബഹുജൻ സമാജ് പാർട്ടി സ്ഥാപിതമായി. എന്നാൽ ആദ്യമായി സീറ്റ് നേടിയത് 1989 ലോകസഭാ തിരഞ്ഞടുപ്പിൽ ആണ് (പിലാവൂർ ).1992 ലെ ലോക്‌സഭാ തിരഞ്ഞടുപ്പിൽ ഒരു സീറ്റ് നേടി. തൊട്ടടുത്ത് നടന്ന നിയമസഭാ തിരഞ്ഞടുപ്പിലാണ് ബി.എസ്.പി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് (ഒൻപത് മണ്ഡലങ്ങൾ ).

1996 ലെ തെരഞ്ഞടുപ്പിൽ അകാലിദൾ ബി.എസ്.പിയുമായി സഖ്യം സ്ഥാപിച്ചു. 13 ൽ 11 ലോക്‌സഭാ സീറ്റുകളിലും വിജയം കൊയ്തു. ബി.എസ്.പി മൂന്ന് സീറ്റിൽ ജയിച്ചു. കാൻഷിറാം ഹോസിറാൻപൂരിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. എന്നാൽ വൈകാതെ ബി.എസ്.പി അകാലിദൾ സഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യത്തിലായി ഇതിനെത്തുടർന്ന് നടന്ന 1997 ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ബി.എസ്.പി ഒരു സീറ്റിലൊതുങ്ങി. ഇക്കാലത്ത് ബി.എസ്.പി ദുർബലമായി. മറ്റ് ദളിത് ഗ്രൂപ്പുകളും പാർട്ടികളും ഉദയം ചെയ്തു. അതിൽ ശ്രദ്ധേയമായതാണ് സത്നം സിംഗ് ഖെയ്ന്ത് രൂപികരിച്ച ബഹുജൻ സമാജ് മോർച്ച. അകാലിദൾ 1998 ലും 99 ലും പിലാവൂർ ലോക്‌സഭാ സീറ്റ് ബി.എസ്.എമ്മിന് വിട്ടുകൊടുത്തു. ഖെയ്ന്ത് 1998 ൽ ജയിച്ചെങ്കിലും 1999 ൽ പരാജയപ്പെട്ടു. 2002 നിയമസഭാ തിരഞ്ഞടുപ്പിലും അകാലിദൾ രണ്ട് സീറ്റ് ബി.എസ്.എമ്മിന് നൽകിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഖെയ്ന്ത് പാർട്ടി കോൺഗ്രസിൽ ലയിച്ചു. 2002 -2017 കാലയളവിലെ നിയമസഭാ തിരഞ്ഞടുപ്പുകളിൽ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 2017 ൽ ബിഎസ് പിയുടെ വോട്ട് ശതമാനം 1.5യിലെക്ക് കൂപ്പ് കുത്തുകയും ചെയ്തു. എന്നാൽ 2019 ൽ ലോക്‌സഭാ തിരഞ്ഞടുപ്പ് നേരിട്ട ബി.എസ്‌.പി 3.5 ശതമാനം വോട്ട് നേടിയത് കൂടാതെ ജലന്ധറിൽ രണ്ട് ലക്ഷം വോട്ടുകൾ കരസ്ഥമാക്കുകയും ,മറ്റ് രണ്ട് സീറ്റുകളിൽ ഒരു ലക്ഷത്തിന് മുകളിൽ വോട്ട് നേടുകയും ചെയ്തു.

എൻ.ഡി.എയുടെ സ്ഥാപക അംഗങ്ങളിൽ പ്രധാനിയായ ശിരോമണി അകാലിദൾ 2020 ൽ രണ്ട് പതിറ്റാണ്ട് നീണ്ട ബി.ജെ.പി സഖ്യം കർഷക ബില്ലിന്മേലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉപേക്ഷിച്ചു. ആ പശ്ചാത്തലത്തിലാണ് അകാലിദൾ ബി.എസ്.പി സഖ്യം വീണ്ടും സജീവമാകുന്നത്
സമകാലീന രാഷ്ട്രീയത്തിൽ ദളിത് സംഘടനകൾ ദളിത് സ്വത്വം ഉയർത്തിപ്പിടിച്ചുള്ള ആത്മാഭിമാന പ്രചാരണത്തിൽ മുൻപന്തിയിലാണ് നിലകൊള്ളുന്നത് . അവർ സ്വയം ശക്തമായി മുന്നോട്ട് വരുന്നുണ്ട്. ആദ്യമായി ഒരു ദളിത് മുഖ്യമന്ത്രിയുണ്ടായതും ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. പക്ഷേ തുല്യനീതി ഉറപ്പാക്കാൻ ദളിത് രാഷ്ട്രീയം പഞ്ചാബിൽ ഏറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു

(ലേഖകൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്സ് എം.എ ആദ്യവർഷ വിദ്യാർത്ഥിയാണ് )

Advertisement
Advertisement