കേന്ദ്രമന്ത്രിയെ പുറത്താക്കണം: കെ.സി. വേണുഗോപാൽ

Tuesday 05 October 2021 12:11 AM IST

ന്യൂഡൽഹി: യു.പിയിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം വളരെ ആസൂത്രിതമാണെന്നും അജയ് മിശ്രയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തുനിന്ന് ഉടൻ പുറത്താക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയും കുടുംബവും ഇതിനുമുമ്പും കർഷകർക്കെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയും കേന്ദ്ര മന്ത്രിയോടൊപ്പം അവിടെ എത്താനിരുന്നതാണ്. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുകയാണ്.

കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കാണാൻ പ്രതിപക്ഷ നേതാക്കളെ അനുവദിക്കുന്നില്ല. ഹത്രാസിലും ഇതാണ് സംഭവിച്ചത്. സ്ത്രീയായ പ്രിയങ്കാ ഗാന്ധിയോട് പോലും പൊലീസ് എങ്ങനെയാണ് പെരുമാറിയതെന്ന് നാം കണ്ടു. വളരെ സമാധാനപരമായി ഐതിഹാസികമായ സമരമാണ് കർഷകർ നടത്തുന്നത്. സമരത്തെ ചോരയിൽ മുക്കി കൊല്ലാൻ അനുവദിക്കില്ല. രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ എല്ലാ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു. പഞ്ചാബിലും ഹരിയാനയിലും ഉത്തരാഖണ്ഡിലുമൊക്കെ കോൺഗ്രസ് സമരം നടക്കുകയാണ്.

പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കണ്ട ശേഷമേ മടങ്ങൂവെന്ന നിലപാടിലാണെന്ന് വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പ്രതിഷേധം പാർട്ടി ആസൂത്രണം ചെയ്യും.

Advertisement
Advertisement