ലഖിംപൂർ; രാജ്യവ്യാപക പ്രതിഷേധം,​ ആളിക്കത്തി കർഷക രോഷം

Tuesday 05 October 2021 12:12 AM IST

ന്യൂഡൽഹി:ഉത്തർപ്രദേശിലെ ലഖിംപൂർ ഖേഡിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്താകെ പ്രതിഷേധം.കർഷകരുടെ വീടുകൾ സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ കൂടി മരിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. ഞായറാഴ്ചത്തെ സംഘർഷത്തിലാണ് മൂന്നു ബി.ജെ.പി പ്രവർത്തകർ അടക്കമുള്ള മറ്റ് അഞ്ചുപേർ മരിച്ചത്.

കൊല്ലപ്പെട്ട നാലു കർഷകരുടെ ആശ്രിതർക്ക് 45 രൂപ വീതം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് വീതം സർക്കാർ ജോലിയും യു.പി സർക്കാർ ഉറപ്പു നൽകി. പരിക്കേറ്റവർക്ക് പത്തു ലക്ഷം രൂപയും നൽകും. വിരമിച്ച ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ സമിതി അന്വേഷണം നടത്തും.

മൃതദേഹങ്ങളുമായി കർഷകർ തെരുവിൽ ഇറങ്ങുകയും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് യു.പി. സർക്കാർ നഷ്ടപരിഹാരം അടക്കം പ്രഖ്യാപിച്ചത്. തുടർന്ന് മൃതദേഹങ്ങൾ സംസ്കരിക്കാനും പ്രതിഷേധത്തിൽ നിന്ന് പിൻമാറാനും കർഷകർ തയ്യാറായി.

കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്ര തേനിയുടെ മകൻ ആശിഷ് മിശ്ര തേനി ഉൾപ്പടെ 14 പേർക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

സംഘർഷ സ്ഥലത്തും പരിസര ജില്ലകളിലും പൊലീസ് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.

ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദർശനത്തോടനുബന്ധിച്ച് ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ചശേഷം പിരിഞ്ഞുപോവുകയായിരുന്ന ക‌ർഷകർക്കിടയിലേക്ക് മന്ത്രി പുത്രൻ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകൾ ഇടിച്ചു കയറ്റുകയായിരുന്നു.

പ്രിയങ്കനിരാഹാര സമരത്തിൽ

കർഷകരുടെ വസതികൾ സന്ദർശിക്കാൻ പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സിതാപുരിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ വഴിയിൽ തടഞ്ഞ പൊലീസ് ബലം പ്രയോഗിച്ച് സർക്കാർ ഗൗസിലേക്കാണ് മാറ്റിയത്. പ്രിയങ്ക വൈകിട്ട് ഏഴു മണിയോടെ നിരാഹാരം തുടങ്ങി. എസ്. പി നേതാവ് അഖിലേഷ് യാദവിനെയും പൊലീസ് തടഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, ബി.എസ്.പി. നേതാവ് മായാവതി തുടങ്ങിയ നേതാക്കളെ വിമാനം ഇറങ്ങാൻ അനുവദിക്കരുതെന്ന് യു.പി. സർക്കാർ ലക്നൗ എയർപോർട്ട് അധികൃതർക്ക് നിർദേശം നൽകി. ഛണ്ഡീഗഡിൽ ഗവർണർ ഓഫിസിനു മുന്നിൽ സമരം നടത്തിയ കോൺഗ്രസ് നേതാവ് നവജോത് സിദ്ദുവിനെ തടഞ്ഞുവച്ചു.

ഡൽഹിയിലെ യു.പി. ഭവന് മുന്നിൽ പ്രതിഷേധിച്ച കിസാൻ സഭ നേതാവ് പി.കൃഷ്ണപ്രസാദ്,സി.പി.ഐ. ജനറൽ സെക്രട്ടറി ഡി രാജ, നേതാക്കളായ അതുൽകുമാർ അഞ്ജാൻ, ബിനോയ് വിശ്വം, ആനി രാജ, ഡോ. കെ നാരായണ, കെ പ്രകാശ്ബാബു, കെ. പി. രാജേന്ദ്രൻ, എ.ഐ.വൈ.എഫ്. ജനറൽ സെക്രട്ടറി ആർ. തിരുമലൈ, കേരള സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.