കന്നുകാലി വളർത്തലിൽ നിന്ന് ഗ്രാമീണമേഖല പിന്തിരിയുന്നു വളർന്നും തളർന്നും ക്ഷീരമേഖല

Tuesday 05 October 2021 1:39 AM IST

ചിറയിൻകീഴ്: ക്ഷീരമേഖലയിൽ സർക്കാർ സ്വയം പര്യാപ്തത നേടാൻ ശ്രമിക്കുമ്പോൾ വിവിധ കാരണങ്ങളാൽ ഗ്രാമീണ മേഖല കന്നുകാലി വളർത്തലിൽ നിന്ന് പിന്തിരിയുന്നു.

കാലിത്തീറ്റയുടെ വിലക്കയറ്റവും കന്നുകാലികൾക്ക് വരുന്ന അസുഖങ്ങളും ക്ഷീരകർഷകർക്ക് നഷ്ടങ്ങളുടെ കണക്കാണ് സമ്മാനിക്കുന്നത്. പുല‌ർച്ചെ മുതൽ ആരംഭിക്കുന്ന മൃഗപരിപാലനം രാത്രിവരെ നീണ്ടാലും അവർ അദ്ധ്വാനിക്കുന്നതിനുള്ള കൂലിപോലും പലപ്പോഴും കിട്ടാറില്ലത്രേ. ശരാശരി 8 ലിറ്റർ പാൽ കിട്ടുന്ന ഒരു പശുവിന് സംഘത്തിൽ പാൽ നൽകിയാൽ പ്രതിദിനം 300 രൂപയോളമാണ് ലഭിക്കുന്നത്. ഈ പശുവിന്റെ ദൈനംദിന ചെലവുകൾ നോക്കുമ്പോൾത്തന്നെ 300 രൂപയ്ക്ക് മുകളിൽ ചെലവ് വരും. പലരും ശുദ്ധമായ പാലിനെക്കരുതിയും മറ്റ് ജോലികളുടെ അഭാവവും കാരണമാണ് ഈ മേഖലയിൽ തുടരുന്നത്. ചിലരൊക്കെ വീടുകളിൽ പാലെത്തിച്ചാണ് (ഒരു ലിറ്റർ 50 രൂപ) ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നത്. ഇതിന് പുറമെ പശുക്കൾക്കുണ്ടാകുന്ന അകിട് വീക്കം, പനി, മറ്റ് പല അസുഖങ്ങൾ എന്നിവ മുഖേനയും പാൽ ദിവസങ്ങളോളം കുറയുവാൻ സാദ്ധ്യതയുണ്ട്. അപ്പോഴൊക്കെ ക്ഷീരകർഷകർ പരിപാലനത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണ്. രണ്ട് മാസത്തിനിടയിൽ പെരുങ്ങുഴിയിലെ തണ്ണീർക്കോണം, തോപ്പ് തുടങ്ങിയ ഭാഗങ്ങളിൽ പ്രസവിച്ച് രണ്ട് മാസത്തിനുള്ളിൽ ആറോളം പശുക്കിടാങ്ങൾ ചത്തിരുന്നു. മോശപ്പെട്ട കാളകളുടെ ബീജങ്ങളാണ് കുത്തിവയ്ക്കുന്നതെന്നും അതിനാൽ തന്നെ ഗർഭധാരണം നടന്നാലും ഉത്പാദനശേഷി കുറവുളളതിനാലാണ് പശുക്കിടാങ്ങൾ ചാകുന്നതെന്നും മുൻകാലങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പെരുങ്ങുഴി ക്ഷീരസംഘം പ്രസിഡന്റ് തന്നെ സാക്ഷ്യം വഹിക്കുന്നു.

കർഷകർ മുന്നോട്ടുവയ്ക്കുന്ന ആശയം

സംഘങ്ങൾ വഴി പാൽ നൽകുന്ന കർഷകർക്ക് പഞ്ചായത്തിന്റെ ഉത്പാദന മേഖലയിൽ നിന്ന് ഒരു ലിറ്ററിന് 3 രൂപയാണ് ഇപ്പോൾ ഇൻസെന്റീവായി ലഭിക്കുന്നത്. ഇത് 10 രൂപയാക്കി വർദ്ധിപ്പിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. കാലിത്തീറ്റയുടെ വില കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ തന്നെ ചാക്കിന് 200 രൂപയോളമാണ് വർദ്ധിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ കന്നുകാലിത്തീറ്റയ്ക്ക് വിലനിയന്ത്രണ സമിതി ഉണ്ടായിരുന്നു. ആ സമിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷീരകർഷകരെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവും കർഷകർ മുന്നോട്ടുവയ്ക്കുന്നു.