ലളിതകലാ അക്കാ‌ഡമിയുടെ കലാപ്രദർശനത്തിന് തുടക്കം

Tuesday 05 October 2021 1:46 AM IST

തിരുവനന്തപുരം: കേരള ലളിതകലാ അക്കാഡമി കൊവിഡ് കാലത്ത് ആവിഷ്കരിച്ച 250 ചിത്രകാരന്മാർ പങ്കെടുത്ത നിറകേരളം ക്യാമ്പിലെയും 50 ശില്പികൾ പങ്കെടുത്ത ശില്പകേരളം ക്യാമ്പിലെയും കലാസൃഷ്ടികളുടെ പ്രദർശനം ആരംഭിച്ചു. അക്കാഡമിയുടെ കാഞ്ഞങ്ങാട്, പയ്യന്നൂർ, തലശ്ശേരി, മാനന്തവാടി, കോഴിക്കോട്, മലപ്പുറം, മലമ്പുഴ, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം എന്നീ ഗ്യാലറികളിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം വൈലോപ്പിള്ളി ആർട്ട് ഗ്യാലറിയിലെ പ്രദർശനത്തിന്റെ ഉദ്ഘാടനം ചിത്രകാരൻ ജി. രാജേന്ദ്രൻ നിർവഹിച്ചു. അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. നിർവാഹക സമിതി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ സ്വാഗതം പറഞ്ഞു. എല്ലാ ഗ്യാലറികളിലും ഒക്ടോബർ 13 വരെയും തിരുവനന്തപുരം വൈലോപ്പിള്ളി ഗ്യാലറിയിൽ രണ്ടാംഘട്ടമായി 15 മുതൽ 24 വരെയും പ്രദർശനം നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രദർശനം.

കൊവിഡ് കാലത്ത് ആദ്യഘട്ടത്തിൽ 105 ചിത്രകാരന്മാർക്കും രണ്ടാംഘട്ടത്തിൽ 300 ചിത്രകാരന്മാർക്കും 20,000 രൂപയും ശില്പികൾക്ക് 30,000 രൂപയും അക്കാഡമി നൽകിയിരുന്നു. ചിത്രകാരന്മാർക്ക് ക്യാൻവാസും വീടുകളിൽ എത്തിച്ചുകൊടുത്തു. ചിത്രങ്ങളും ശില്പങ്ങളും വിറ്റുകിട്ടുന്ന വരുമാനം പൂർണമായും അവർക്കുതന്നെ നൽകുമെന്ന് അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.