രാഷ്ട്രീയ പുരാവസ്തു മൂല്യങ്ങൾ; ഒരു ചിന്ത

Tuesday 05 October 2021 4:23 AM IST

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ ആദ്യപകുതിയിൽ എഴുതിയ 'രുദ്രാക്ഷമാഹാത്മ്യ'ത്തിലൂടെ ഹാസ്യസാമ്രാട്ട് സഞ്ജയൻ മലയാളിയുടെ മന:ശാസ്ത്രത്തെ അപഗ്രഥിച്ചെടുത്തത് എന്താണോ, അത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും മാറ്റമില്ലാതെ തുടരുന്നുവെന്നത്, അദ്ഭുതമാണ്. മാറ്റമില്ലാതെ തുടരുന്നുവെന്നല്ല, സംഗതി അതിലും രൂക്ഷമായിരിക്കുന്നുവെന്ന് പറയണം! അതിന് ശേഷം എത്രയോ നാളുകൾ പിന്നിട്ടിരിക്കുന്നു. പക്ഷേ, ഇന്നിപ്പോൾ ആൾദൈവങ്ങൾ പോലുമുണ്ടാവുകയും രാഷ്ട്രീയ, സാമൂഹ്യ നേതാക്കളുൾപ്പെടെ കൂട്ടത്തോടെ ആൾദൈവങ്ങളെ പുൽകുകയും ചെയ്യുന്ന സ്ഥിതിയാണ്.

സഞ്ജയനും പറങ്ങോടനും ഒരുറുപ്പികയ്ക്ക് ഓഫർ ചെയ്യുന്ന വിലപിടിപ്പുള്ള രത്നം ത്രൈയംബക രുദ്രാക്ഷമാണ്. 'ഹിമാലയത്തിലെ സിദ്ധയോഗി മന്ത്രപൂതമാക്കിയത്' എന്ന് 'സഞ്ജയോവാച:'

പറങ്ങോടൻ നൽകിയ ഒരു പത്രപ്പരസ്യമിങ്ങനെ: "അവൾ നിങ്ങളെ സ്നേഹിക്കുന്നില്ലേ? അദ്ദേഹം നിങ്ങളിൽ വിരക്തി കാണിക്കുന്നുണ്ടോ? പരീക്ഷ പാസാകാൻ സാധിക്കില്ലെന്ന് നിങ്ങൾ തീർച്ചപ്പെടുത്തിക്കഴിഞ്ഞുവോ? ഉദ്യോഗക്കയറ്റത്തിന്റെ കാര്യത്തിൽ നിങ്ങൾ ഹതാശനായിരിക്കുകയാണോ? നിങ്ങളുടെ രോഗം മാറുകയില്ലെന്ന് വൈദ്യന്മാർ തീർച്ചപ്പെടുത്തിയോ? വിവാഹം ചെയ്തിട്ട് ഒരു വ്യാഴവട്ടക്കാലത്തിലധികമായെങ്കിലും ഒരു കുട്ടിയുടെ മുഖം കാണാതെ മരിക്കേണ്ടി വരുമെന്നാണോ നിങ്ങളുടെ ഭയം?- എങ്കിൽ നിങ്ങൾ ഞങ്ങളുടെ ത്രൈയംബക രുദ്രാക്ഷം ഒന്ന് വരുത്തി ഉപയോഗിച്ച് നോക്കുക!"

ഇനി രുദ്രാക്ഷമാഹാത്മ്യത്തിന്റെ കഥാന്ത്യത്തിലേക്ക് : " ആറ് മാസം മുമ്പ് ഒരു ദിവസം ഞങ്ങളുടെ (സഞ്ജയനും പറങ്ങോടനും) റോൾസ് റോയ്സ്, ബംഗ്ളാവിന്റെ ഗേറ്റിനടുത്ത് എത്താറായപ്പോൾ പന്ത്രണ്ടണ വിലയുള്ള ചുരുട്ടിന്റെ അന്ത്യദ്രേക്കാണത്തെ പുറത്തേക്കെറിഞ്ഞ് ഞാൻ പറങ്ങോടനോട് പറഞ്ഞു.

അന്നൊരു ദിവസം, നമ്മുടെ രുദ്രാക്ഷത്തിൽ വാസ്തവത്തിൽ നമ്മൾ കാണാത്ത വല്ല മഹത്വവും ഒളിച്ചു കിടക്കുന്നുണ്ടായിരിക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ പുച്ഛരസത്തോടെ ചിരിച്ചതോർമ്മയുണ്ടോ?

പറങ്ങോടൻ: എനിക്കോർമ്മയില്ല. പക്ഷേ അങ്ങനെ വല്ല മഹത്വവും ഉണ്ടെന്നാണോ തന്റെ വിശ്വാസം?

ഞാൻ: അതെ.

പറങ്ങോടൻ: തെളിവ്?

ഈ സമയത്ത് കാർ നാനാസുമസുരഭിലമായ നടയിൽ കൂടി വീടിന്റെ മുൻവശത്തെത്തി നിന്നു. ഞാൻ പുറത്തേക്കിറങ്ങി. സ്വർണം കെട്ടിച്ച ആനക്കൊമ്പുവടി ബംഗളാവിന്റെയും കാറിന്റെയും പൂന്തോട്ടത്തിന്റെയും നേരേ ചൂണ്ടിക്കൊണ്ടുപറഞ്ഞു: തെളിവോ? അതാ, ഇതാ, അതാ!

പറങ്ങോടൻ ചിരിച്ചു. പക്ഷേ ഇത്തവണ ആ ചിരിയിൽ പുച്ഛരസം തീരെ ഉണ്ടായിരുന്നില്ല... "

ശരാശരി മലയാളിയുടെ മനസിലേക്ക് പായിച്ച ആഗ്നേയാസ്ത്രം എല്ലാം വലിച്ചെടുത്ത് സഞ്ജയന് മുന്നിലെത്തിച്ചുവെന്ന് പറയാതിരിക്കാൻ വയ്യ.

ധനലക്ഷ്മി യന്ത്രത്തിലേക്കും കുബേര യന്ത്രത്തിലേക്കും കാലം മുന്നോട്ട് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. സാമ്പത്തികാഭിവൃദ്ധി, വിദ്യാഭ്യാസ ഉയർച്ച ഒക്കെ തന്നെയാണ് യന്ത്രങ്ങളുടെ ഓഫർ. ധനലക്ഷ്മി യന്ത്രം വാങ്ങിയാലുള്ള സാമ്പത്തികാഭിവൃദ്ധിയെപ്പറ്റി ടെലഫോണിൽ 'യന്ത്ര അധികൃതരോട്' ചോദിച്ച കോട്ടയത്തെ രസികൻ ഒരായുർവേദ ഡോക്ടറുടെ സംഭാഷണം യൂട്യൂബിലൊക്കെ വൈറലായിരുന്നു. ഈ യന്ത്രം വാങ്ങിയാൽ അധികമായി കിട്ടുന്ന പണം എവിടെ നിന്നാണെത്തുകയെന്നാണ് അധികൃതരെ ഉത്തരം മുട്ടിച്ച ഡോക്ടറുടെ ചോദ്യം!

അധികമാരും അറിയാതെ പെട്ടെന്ന് ധനികനാവാനുള്ള മോഹം, കൈവശം വല്ല സമ്പാദ്യവുമുണ്ടെങ്കിൽ അത് എവിടെയെങ്കിലും നിക്ഷേപിച്ച് കുറഞ്ഞ കാലം കൊണ്ട് പല മടങ്ങാക്കാനുള്ള ത്വര, ഏതെങ്കിലും പ്രമുഖനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാൽ കണ്ണടച്ച് വിശ്വസിക്കുന്ന മാനസികാവസ്ഥ- ഇതൊക്കെ തന്നെയാണിപ്പോഴും ശരാശരി മലയാളിയെ നയിച്ചുകൊണ്ടിരിക്കുന്നത്.

തൊണ്ണൂറുകളുടെ പകുതിയായപ്പോൾ അരങ്ങേറിയ ആട്, തേക്ക്, മാഞ്ചിയം, പിന്നീടുണ്ടായ ടോട്ടൽ ഫോർ യു, എൺപതുകളിലെ ലാബെല്ല, സ്വർണച്ചേന എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത തട്ടിപ്പുവേലകൾക്കിരയാകുന്നത് സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ മുന്നിൽ നിൽക്കുന്ന കേരളത്തിലുള്ളവർ തന്നെയാണെന്നത് മുഴച്ചുനിൽക്കുന്ന വൈരുദ്ധ്യമാണ്. അക്കൂട്ടത്തിലേക്ക് കടന്നുവന്ന അവസാനത്തെ പ്രതിഭാധനനായ തട്ടിപ്പുകാരനാണ്, തീർച്ചയായും മോൻസൻ. പുരാവസ്തുക്കൾ ചുളുവിലയ്ക്ക് വാഗ്ദാനം ചെയ്തും ആളുകളെ പ്രലോഭിപ്പിച്ചും സൗന്ദര്യവർദ്ധക ചികിത്സ വാഗ്ദാനം ചെയ്തുമെല്ലാം, പത്താംക്ലാസ് പോലും പാസാകാത്ത ഡോക്ടറായി വിലസിയ മോൻസൻ കേരളത്തിലെ വലിയ, വലിയ പ്രമുഖരെയാണ് കബളിപ്പിച്ചതും വലയിലാക്കിയതും എന്നതാണ് രസകരം. മോൻസനെ വെറും തട്ടിപ്പുകാരനായി കാണാൻ തോന്നുന്നില്ല. യേശുവിനെ ഒറ്റിക്കൊടുത്തതിന് യൂദാസ് കൈപ്പറ്റിയ മുപ്പത് വെള്ളിക്കാശിൽ രണ്ടെണ്ണവും മുഹമ്മദ് നബിയുടെ വിളക്കും ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയുമൊക്കെ വാഗ്ദാനം ചെയ്ത് ആളുകളെ വരുതിയിലാക്കാൻ ഒരു വെറും തട്ടിപ്പുകാരനെക്കൊണ്ട് സാധിക്കുമെന്ന് കരുതാനേയാവില്ല. മോൻസൻ ആളൊരു ഭാവനാസമ്പന്നനായ പ്രതിഭാശാലി തന്നെയാണ്. കോസ്മെറ്റോളജിസ്റ്റെന്നും പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ വരെ തന്റെ സങ്കേതത്തിൽ കിടത്തി ചികിത്സിച്ചുകളഞ്ഞു ഈ വിദ്വാൻ!

മോൻസന്റെ രോഗിയായ സുധാകരൻ

മോൻസൻ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കെത്തിയത് പലരും ആ ഡോക്ടറെപ്പറ്റി വാഴ്ത്തിപ്പാടുന്നത് കേട്ടിട്ടാണെന്ന് കെ. സുധാകരൻ ഇക്കഴിഞ്ഞ ദിവസങ്ങളിലൊക്കെ ആണയിടുകയുണ്ടായി. ഒരർത്ഥത്തിൽ സുധാകരൻ പറഞ്ഞത് ശരിയാണ്. സുധാകരൻ അദ്ദേഹത്തിന്റെ കാര്യമേ പറഞ്ഞിട്ടുള്ളൂ. കേട്ട കഥകൾ മധുരതരമെന്ന് ഊറിച്ചിരിക്കുന്നവരുണ്ടാകാം. കേൾക്കാത്ത കഥകളിലെ കഥാപാത്രങ്ങളുടെ ഉള്ളം കാളുകയുമായിരിക്കാം. ഏതെല്ലാം രാഷ്ട്രീയനേതാക്കൾ സുധാകരനിലും വലിയ ചികിത്സ മോൻസൻ ഡോക്ടറിൽ നിന്ന് നേടിയിട്ടുണ്ടാകുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച പരാതികളിൽ നിന്നാണ് മോൻസന്റെ തട്ടിപ്പുകളിലേക്കുള്ള അന്വേഷണത്തിന്റെ തുടക്കം. പരാതികളിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പങ്ക് എവിടെയോ, എങ്ങനെയോ സംശയരൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അന്വേഷണം ഊർജ്ജിതമായി എന്ന് എതിരാളികൾ ആക്ഷേപിക്കുന്നു. പക്ഷേ, ക്രൈംബ്രാഞ്ച് അന്വേഷണം തകൃതിയാണെങ്കിലും മോൻസന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സേഫ് സോണിൽ തുടരുന്നുവെന്ന സംശയം മാലോകരിൽ ശക്തവുമാണ്. അതിനാൽ പലരും എവിടെയോ എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് കാണുന്നു.

പക്ഷേ, ഏറ്റവും കൗതുകകരമായ കാര്യം, മോൻസൻ കേസിൽ വിവാദം മുറുകിയപ്പോൾ, അതും സംസ്ഥാന കോൺഗ്രസിനകത്തെ രാഷ്ട്രീയപ്പോരിന് എരിവ് കൂട്ടുന്ന ചേരുവയായി എന്നതാണ്. അതുകൊണ്ട്, മോൻസൻ കേസ് ഒരു വഴിക്കെത്തുമ്പോൾ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ അതുളവാക്കുന്ന സ്വാധീനവും പ്രത്യാഘാതവും എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

കോൺഗ്രസ് പോരിന്

ഇന്ധനമാകുന്ന പുരാവസ്തുവിവാദം

മോൻസന്റെ പുരാവസ്തുതട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന കടുത്ത ആവശ്യമുയർന്നിരിക്കുന്നത് സംസ്ഥാന കോൺഗ്രസിനകത്ത് നിന്നാണ് എന്നതാണ് ഈ ദിവസങ്ങളിലെ രാഷ്ട്രീയ കൗതുകം. സി.ബി.ഐ അന്വേഷണാവശ്യം വന്നു എന്നതിലല്ല കൗതുകം. പിന്നെയോ, കോൺഗ്രസിനകത്ത് നിന്ന് ആ ആവശ്യം ഉയർന്നുവെന്നതിലാണ്.

സംസ്ഥാനസർക്കാരാണ് കേസിൽ മുൻകൈയെടുത്തതും തുടർന്ന്, ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയതും മോൻസനെ അറസ്റ്റ് ചെയ്തതും. തട്ടിപ്പുകാരൻ മോൻസനുമായി ബന്ധപ്പെട്ട പലരുടെയും പേരുവിവരങ്ങൾ പുറത്തുവന്ന കൂട്ടത്തിൽ രാഷ്ട്രീയനേതൃത്വത്തിൽ പ്രമുഖൻ കെ. സുധാകരനാണ്. അല്ലാത്തവരിൽ മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുണ്ട്, അഡിഷണൽ ഡി.ജി.പി മനോജ് എബ്രഹാമുണ്ട്, അതിന് താഴേക്കുള്ള ഡി.ഐ.ജിയും എസ്.പിയുമടക്കം അസംഖ്യം ഉദ്യോഗസ്ഥരുണ്ട്.

കള്ളന് കഞ്ഞിവച്ച പൊലീസ് എന്ന പഴി ഇതിനകം കേരള പൊലീസ് കേട്ടുകഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനത്തിന് ചുക്കാൻ പിടിക്കുന്ന ഡി.ജി.പിയെ പോലും 'ടിപ്പുവിന്റെ സിംഹാസന'ത്തിലിരുത്തി കബളിപ്പിച്ച തട്ടിപ്പുകാരൻ വിലസുന്ന നാട്ടിൽ സാധാരണക്കാരന്റെ ജീവനും സ്വത്തിനും എന്ത് സുരക്ഷയാണെന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാനുമാവില്ല. മാത്രമോ, ബീറ്റ് പൊലീസ് സംവിധാനം പോലും മോൻസന്റെ വീട്ടിൽ പുരാവസ്തു സംരക്ഷണത്തിനെന്ന പേരിൽ ഏർപ്പെടുത്തിക്കളഞ്ഞു സംസ്ഥാന പൊലീസ് നേതൃത്വം!

ക്രൈംബ്രാഞ്ചിനെക്കൊണ്ട് പരാതി ലഭിച്ചയുടൻ അന്വേഷിപ്പിക്കാൻ തീരുമാനിക്കുകയും മോൻസനെ അറസ്റ്റ് ചെയ്യുകയും ചെയ്യുക വഴി മാനം രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് ശ്രമിച്ചതുകൊണ്ട് മാത്രമാണ് വലിയ നാണക്കേടിനെ ഒരു പരിധിവരെ തടുത്തുനിറുത്താനായത്.

അത് പൊലീസിന്റെ കാര്യം. രാഷ്ട്രീയ നേതാക്കളുടെ സ്ഥിതി അതല്ല. കെ. സുധാകരന് മോൻസനുമായുള്ളത് വലിയ അടുപ്പമാണെന്ന രഹസ്യവിവരം കിട്ടിയത് കൊണ്ടാകുമോ സർക്കാർ അന്വേഷണത്തിന് മുൻകൈയെടുത്തത് എന്ന ചോദ്യം പോലും ഉയർന്നു. എന്നിട്ടും സുധാകരനെ കടന്നാക്രമിച്ചുള്ള രാഷ്ട്രീയപ്രചരണ പരിപാടികളിൽ നിന്ന് സി.പി.എം വിട്ടുനിൽക്കുന്നത് എന്തുകൊണ്ടായിരിക്കാം.

ആ ചോദ്യത്തെ, ചോദ്യമായി നിലനിറുത്തി തന്നെ നമുക്ക് കോൺഗ്രസിലേക്ക് വരാം. നിലവിലെ രാഷ്ട്രീയകാലാവസ്ഥയിൽ കെ. സുധാകരൻ മാത്രമാണ് പ്രതിരോധത്തിൽ നിൽക്കുന്നത് എന്നിരിക്കെ, പുരാവസ്തു തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടേണ്ടിയിരുന്നത് ശരിക്കും ഇടതുപക്ഷമായിരുന്നു. അവരത് ചെയ്യാതിരുന്നപ്പോൾ അതിശക്തമായി സി.ബി.ഐ അന്വേഷണത്തിനായി വാദിക്കുന്നത് വി.എം. സുധീരനും ബെന്നി ബെഹനാനുമായി.

സുധീരൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റും മുൻമന്ത്രിയും മുൻ എം.പിയും മുൻ സ്പീക്കറുമൊക്കെയാണ്. സർവോപരി പൊതുകാര്യപ്രസക്തൻ. ഈയടുത്ത ദിവസങ്ങളിൽ അദ്ദേഹം കോൺഗ്രസിനകത്ത് കലാപത്തിന് മുതിർന്നു. പുതിയ സംസ്ഥാന നേതൃത്വം ഗൗനിക്കുന്നില്ലെന്ന പരാതിയുമായി കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യസമിതിയിൽ നിന്നും എ.ഐ.സി.സിയിൽ നിന്നും രാജിവച്ചു. എ.ഐ.സി.സി ആ രാജി അംഗീകരിച്ചിട്ടില്ല. പക്ഷേ, ഹൈക്കമാൻഡ് അദ്ദേഹത്തിന് പ്രതീക്ഷിച്ചത് പോലെ പരിഗണന നൽകുന്നുണ്ടോയെന്ന് സംശയമാണ്. അവർ സുധാകരനെ അംഗീകരിക്കുന്നു. സുധീരനാണെങ്കിൽ സുധാകരനോടാണ് വിയോജിപ്പത്രയും. അതിനാലദ്ദേഹം പുരാവസ്തു തട്ടിപ്പിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെടുമ്പോൾ അതിന് രാഷ്ട്രീയമാനം കല്പിക്കപ്പെടുന്നു.

ബെന്നി ബെഹനാൻ ചാലക്കുടി എം.പിയും കറകളഞ്ഞ എ ഗ്രൂപ്പ് നേതാവുമാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് സംസ്ഥാന കോൺഗ്രസിനെ നയിക്കേണ്ടവരെന്ന് അദ്ദേഹം ധരിക്കുന്നുണ്ടെന്ന്, സമീപകാലത്തെ അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങൾ തോന്നിപ്പിക്കുകയുണ്ടായി. ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്ന ശേഷം ഉമ്മൻ ചാണ്ടിയും രമേശും രോഷാകുലരായപ്പോൾ, അവരെ പിന്തുണച്ച ചിലരുടെ കൂട്ടത്തിൽ ബെന്നിയുമുണ്ടായിരുന്നു.

കെ. സുധാകരന്റെ ഭാഗത്ത് ജാഗ്രത വേണമായിരുന്നു എന്നാണ്, മോൻസൻ തട്ടിപ്പ് കേസ് വിവാദമുയർത്തിയപ്പോൾ ആദ്യം ബെന്നി പ്രതികരിച്ചത്. പിന്നീടിപ്പോൾ അദ്ദേഹം ശക്തിയുക്തം സി.ബി.ഐ അന്വേഷണമാവശ്യപ്പെടുന്നു.

ക്ലൈമാക്സിൽ നാടകീയ വഴിത്തിരിവുകളുമുണ്ടാകുന്നുണ്ട്. ഒരു ചാനൽ ചർച്ചയിൽ, മോൻസനുമായി അടുപ്പമുണ്ടായിരുന്ന ഇറ്റലിയിൽ താമസിക്കുന്ന മലയാളി യുവതി വെളിപ്പെടുത്തിയത് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും മോൻസനുമായി കോടികളുടെ പണമിടപാടുണ്ടെന്നാണ്. 25 കോടിയുടെ ഇടപാടെന്നാണ് അവരുയർത്തിയ ആക്ഷേപം. രമേശ് ചെന്നിത്തല തന്ത്രപരമായ മൗനത്തിലാണ്. മാത്രവുമല്ല, കെ. സുധാകരനെതിരായ മറ്രൊരു പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചപ്പോൾ, സുധാകരനു വേണ്ടി ശക്തിയായി വാദിച്ച് അദ്ദേഹം ഫേസ്ബുകിൽ കുറിപ്പുമിട്ടു.

പുരാവസ്തുക്കളുടെ പേര് പറഞ്ഞുള്ള തട്ടിപ്പുയർത്തിയ വിവാദത്തിൽ കണ്ണികളാകുന്ന ചിലരെങ്കിലും രാഷ്ട്രീയമായും പുരാവസ്തുക്കളാകുന്നുവെന്നതും ഇക്കാലത്തെ കൗതുകകരമായ കാഴ്ച. വി.എം. സുധീരൻ ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും മുന്നിലിപ്പോൾ പുരാവസ്തുവായി. രമേശ് ചെന്നിത്തലയും ഈയടുത്ത കാലത്തായി സമാനസ്ഥിതിയിലാണ്. പൊലീസ് മേധാവിസ്ഥാനത്ത് നിന്നൊഴിഞ്ഞ ബെഹ്റയും ആഭ്യന്തരവകുപ്പിനെ സംബന്ധിച്ചിടത്തോളം പുരാവസ്തുവാണെന്നും ഓർക്കുക. പുരാവസ്തുക്കൾക്ക് മൂല്യം കൂടുമോയെന്ന് സുധീരന്റെയടക്കം ഭാവിനീക്കങ്ങളെയും അത് സൃഷ്ടിക്കാനിടയുള്ള സ്വാധീനത്തെയും ആശ്രയിച്ചിരിക്കുന്നു!

Advertisement
Advertisement