അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

Tuesday 05 October 2021 7:13 AM IST

കൊല്ലം: പണം ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ അമ്മയെ കോടാലി ഉപയോഗിച്ച് തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിലായി. ശക്തികുളങ്ങര കന്നിമേൽച്ചേരി മൂലങ്കരത്തറ വീട്ടിൽ ശ്യാംകുമാറിനെയാണ് (25) ശക്തികുളങ്ങര പൊലീസ് അറസ്റ്ര് ചെയ്തത്. തലയിൽ മൂന്ന് സെന്റിമീറ്ററോളം ആഴത്തിൽ മുറിവേറ്റ മാതാവ് സജി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം പണം ആവശ്യപ്പെട്ട് ശ്യാംകുമാർ അമ്മയുമായി വഴക്കിടുകയും വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ സജി തിരികെ വീട്ടിലെത്തിയപ്പോൾ വീണ്ടും ഇയാൾ പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. വാക്കേറ്റത്തിനിടെ വീട്ടിലുണ്ടായിരുന്ന കോടാലി എടുത്ത് ഇയാൾ അമ്മയെ ആക്രമിക്കാൻ മുതിർന്നപ്പോൾ പിതാവ് സുദർശനൻ തടയാൻ ശ്രമിച്ചെങ്കിലും വെട്ട് തലയ്ക്ക് കൊണ്ട് പരിക്കേറ്റു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശ്യാംകുമാറെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ യു. ബിജു, സബ് ഇൻസ്‌പെക്ടർമാരായ ഷാജഹാൻ, സലീം, എ.എസ്.ഐ പ്രദീപ്, എസ്.സി.പി.ഒമാരായ സുരേഷ് ബാബു, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.