പ്രായമായവരെ സ്നേഹിക്കുന്ന പഞ്ചായത്തുകൾ

Wednesday 06 October 2021 12:30 AM IST

കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ശരാശരി ആയുസ് 47 വയസായിരുന്നു. വയോജനങ്ങളുടെ എണ്ണം വളരെ തുച്ഛം. കുട്ടികളുടെ എണ്ണമാണ് പെരുകിക്കൊണ്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി കീഴ്‌മേൽ മറിഞ്ഞു. കുട്ടികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. വയോജനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ഇന്ന് 17 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്.
നമ്മുടെ ആശുപത്രി പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളും വികസന നയങ്ങളും രൂപംകൊണ്ടത് കുട്ടികളുടെ എണ്ണം പെരുകിക്കൊണ്ടിരുന്ന കാലത്താണ്. സ്വാഭാവികമായും അവ ശിശുകേന്ദ്രീകൃതമാണ്. വയോജനങ്ങളെ പരിഗണിച്ചിരുന്നില്ല. കാലം മാറി. എന്നിട്ടും വേണ്ടത്ര വയോജന പരിഗണന ഉണ്ടായിട്ടില്ല.

കൂട്ടുകുടുംബ വ്യവസ്ഥകളെല്ലാം ഇല്ലാതായതോടെ വയോജന സംരക്ഷണത്തിനുള്ള പരമ്പരാഗത രീതികളും ദുർബലമായി. പാശ്ചാത്യ രാജ്യങ്ങൾ ഈ സാഹചര്യത്തെ നേരിട്ടത് വയോജനങ്ങൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ പരിരക്ഷ ഉറപ്പുവരുത്തിയാണ്. അതേറെ ചെലവേറിയ മാർഗമായതിനാൽ ഈ ഘട്ടത്തിൽ നമുക്ക് സ്വീകാര്യമല്ല. പ്രാദേശിക കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ വയോജന സംരക്ഷണം ഉറപ്പുവരുത്തുകയും ആശുപത്രിയടക്കമുള്ള സർക്കാർ സംവിധാനങ്ങളെ വയോജന സൗഹൃദമാക്കുകയുമാണ് വേണ്ടത്. ഇതാണ് വയോജന സൗഹൃദപഞ്ചായത്ത് എന്ന ആശയത്തിനടിസ്ഥാനം. ഹെൽത്ത് ആക്ഷൻ ഫോർ പീപ്പിൾ എന്ന പേരിൽ ഒരു സംഘം ഡോക്ടർമാർ തിരുവനന്തപുരം കമ്മ്യൂണിറ്റി മെഡിസിൻ തലവനായിരുന്ന ഡോ. വിജയകുമാറിന്റെ നേതൃത്വത്തിൽ ഇതിനായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഡോ.സി.ആർ. സോമൻ രൂപം നൽകിയ ആരോഗ്യ പ്രവർത്തകരുടെ ഫോറമാണിത്. താത്‌പര്യവും പ്രതിബദ്ധതയുമുള്ള ഏതാനും പഞ്ചായത്തുകൾ തിരഞ്ഞെടുത്ത് രണ്ട് - മൂന്ന് വർഷം കൊണ്ട് അവയെ വയോജന സൗഹൃദമാക്കാനാണ് പരിപാടി.


ഒറ്റപ്പെടലും അനാരോഗ്യവും

വയോജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ഒറ്റപ്പെടലിന്റേതാണ്. ഇതിനൊരു പ്രതിവിധി വയോജനങ്ങളുടെ അയൽക്കൂട്ടങ്ങളാണ്. കുടുംബശ്രീയുമായി ബന്ധപ്പെടുത്തി ഈ പഞ്ചായത്തുകളിൽ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഈ അയൽക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളായിരിക്കും ഓരോ വാർഡിലും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വയോക്ലബ്ബുകൾ. വയോജനങ്ങൾക്ക് ചർച്ചകൾക്കും ഉല്ലാസത്തിനും പ്രവൃത്തികൾക്കുമുള്ള സൗകര്യങ്ങൾ ഈ ക്ലബ്ബുകളിലുണ്ടാകും. പരിചരണത്തിനും മേൽനോട്ടത്തിനും ഒരു കുടുംബശ്രീ പ്രവർത്തകയും.

പ്രായം കൂടുംതോറും ആരോഗ്യപ്രശ്നങ്ങൾ കൂടും. കിടപ്പുരോഗികൾക്ക് ഫലപ്രദമായ പാലീയേറ്റീവ് ചികിത്സ ലഭ്യമാക്കണം. മറവിരോഗം ഇന്ന് വ്യാപകമാണ്. ഓർമ്മ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും പ്രമേഹവും പ്രഷറും ശരിയായ രീതിയിൽ മാനേജ് ചെയ്യുന്നതു വഴി ഓർമ്മ നഷ്ടപ്പെടലിന്റെ തോത് കുറയ്ക്കാൻ കഴിയും. മൂത്രമൊഴിക്കുന്നതിനുള്ള നിയന്ത്രണം നഷ്ടപ്പെടലാണ് മറ്റൊരു രോഗം. പലരും ഇത് മറച്ചുവെയ്ക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ വർദ്ധിച്ച എണ്ണവും മെച്ചപ്പെട്ട സൗകര്യങ്ങളും വയോജന സൗഹൃദമാക്കണം. വയോജനങ്ങളുടെ ആരോഗ്യ മേൽനോട്ടത്തിന് ജനകീയ സംവിധാനം വേണം.
ഇതിനെല്ലാമുള്ള സാങ്കേതിക പിന്തുണ ലഭ്യമാക്കും.


ഭാരമല്ല, സമ്പത്താണ്

ഈ പുതിയ പരിപാടി വയോജനങ്ങളെ ഭാരമായിട്ടല്ല കാണുന്നത്. വയോജനങ്ങളുടെ താത്‌പര്യവും കഴിവുകളും വിലയിരുത്തി നാടിന്റെ ക്ഷേമവികസന പ്രവർത്തനങ്ങളിൽ അവരെ പങ്കാളിയാക്കും. ഇതിനുള്ള വലിയൊരു പരിശ്രമമായിരുന്നു ജനകീയാസൂത്രണ കാലത്തെ സന്നദ്ധ സാങ്കേതികസേന. അതിന്റെ കൂടുതൽ വിപുലമായ വേദിയാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്.

സാങ്കേതിക പരിജ്ഞാനവും വിദ്യാഭ്യാസവുമുള്ള വയോജനങ്ങൾ മാത്രമല്ല പരമ്പരാഗതമായ തൊഴിലുകളിൽ വൈദഗ്ദ്ധ്യമുള്ളവരെക്കൂടി ഈ രീതിയിൽ പ്രയോജനപ്പെടുത്താം. പഠന പിന്തുണ പരിപാടികൾ, അങ്കണവാടികളിൽ കഥയ്ക്കും കളിക്കും നേതൃത്വം നൽകുന്നവർ, കുട്ടികളുടെ അയൽപക്ക കൂട്ടങ്ങൾ, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് ഇവയിലെല്ലാം ഇവർക്ക് വലിയ സംഭാവന ചെയ്യാൻ കഴിയും.

പല സ്ഥലങ്ങളിലും, പ്രത്യേകിച്ച് വിദേശ കുടിയേറ്റ മേഖലകളിൽ പല വീടുകളിലും വയോജനങ്ങൾ മാത്രമേയുള്ളൂ. സമയത്ത് ഭക്ഷണം ഒരു പ്രശ്നമാണ്. അന്തരിച്ച മാർ ക്രിസോസ്റ്റം തിരുമേനി പണമുണ്ടെങ്കിലും പട്ടിണി കിടക്കേണ്ടി വരുന്നവരെക്കുറിച്ച് പറയാറുണ്ട്. 'മീൽസ് ഓൺ വീൽസ്' എന്ന പേരിൽ ഇങ്ങനെയുള്ള കുടുംബങ്ങൾക്ക്
ഭക്ഷണമെത്തിക്കുന്ന പരിപാടി അദ്ദേഹം തയ്യാറാക്കി. ഇതിന്റെ ആധുനിക ഓൺലൈൻ രൂപം എളുപ്പത്തിൽ നടപ്പാക്കാം. സൗജന്യമായിട്ടല്ല, സേവനത്തിനുള്ള മുഴുവൻ ഫീസും ഈടാക്കിക്കൊണ്ട് തന്നെ. സൗജന്യമായി ഭക്ഷണം നൽകുന്നത് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കണം.


കാട്ടാക്കട മണ്ഡലം

കാട്ടാക്കട മണ്ഡലത്തിലെ ജനപ്രതിനിധികളുടെ പ്രാഥമിക കൂടിയാലോചനയിൽ പങ്കാളിയായി. ഡോ. വിജയകുമാറും എൻ. ജഗജീവനുമാണ് പാർട്ടിസിപ്പേറ്ററി അപ്രൈസലിന് നേതൃത്വം നൽകിയത്. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ പട്ടികപ്പെടുത്തി. അവയിൽ നല്ല പങ്കും പഞ്ചായത്തുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണെന്നു കണ്ടു. സ്ഥാപനങ്ങളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ, പശ്ചാത്തല സൗകര്യങ്ങൾ, തൊഴിൽമേഖല, കലാസാംസ്‌കാരികരംഗം തുടങ്ങി എല്ലാ രംഗങ്ങളും മുതിർന്ന പൗരന്മാരുടെ ജീവിതാവശ്യങ്ങളും അവകാശങ്ങളും ഉൾക്കൊള്ളുന്ന രീതിയിൽ നവീകരിക്കണം.

തദേശസ്വയംഭരണ സ്ഥാപനങ്ങൾ നീക്കിവയ്ക്കുന്ന മൂന്ന് ശതമാനം വികസനഫണ്ട് കൊണ്ടു മാത്രം മുതിർന്ന പൗരസമൂഹത്തിന്റെ വികസനാവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല. നിലവിലുള്ള വിവിധ സ്‌കീമുകളേയും പദ്ധതികളേയും സംയോജിപ്പിക്കുന്നതിലൂടെ മാത്രമേ നിലവിലുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ.

മികച്ച ആരോഗ്യസ്ഥിതിയോടെ ജീവിതാവസാനത്തേക്ക് എത്തുന്ന സമൂഹമായി നമുക്ക് മാറണം. അതിൽ ഒരു പ്രധാന ഘടകമാണ് ജീവിത ശൈലീരോഗ നിയന്ത്രണം. ഇന്ന് ചെറുപ്പക്കാർ പോലും ജീവിത ശൈലി രോഗത്തിന്റെ വലയിൽ വീഴുന്നു. ഈ അവസ്ഥ തടയാൻ കഴിഞ്ഞാൽ മാത്രമേ പ്രായമാകുമ്പോഴുണ്ടാകാവുന്ന രോഗാതുരത നിയന്ത്രിക്കാൻ കഴിയൂ. ചുരുക്കത്തിൽ ആരോഗ്യരംഗത്തെ സമഗ്ര ഇടപെടലിലൂടെ മാത്രമേ ഭാവിയിലെ മുതിർന്ന സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കഴിയൂ...

Advertisement
Advertisement