സിനിമ ഷൂട്ടിംഗിനായി റഷ്യൻ സംഘം ബഹിരാകാശത്തേക്ക് തിരിച്ചു

Tuesday 05 October 2021 10:41 PM IST

മോസ്കോ :ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തൻ അദ്ധ്യായം കുറിക്കാൻ സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറന്ന് റഷ്യൻ സംഘം. റഷ്യൻ നടി യൂലിയ പെരേസിൽഡും സംവിധായകൻ കിം ഷിപെൻകോയുമാണ് സംഘത്തിലുള്ളത്. റഷ്യയുടെ ബഹിരാകാശ സഞ്ചാരിയായ ആന്റൺ കപ്ലെറോവും കൂടെയുണ്ട്.

കസാക്കിസ്ഥാനിലുള്ള റഷ്യയുടെ ബൈക്കോണർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എം.എസ് 19 പേടകത്തിലാണ് ഇന്ത്യൻ സമയം ഉച്ചക്ക് 2.25ന് സംഘം പുറപ്പെട്ടത്. ഭൂമിയിൽ നിന്ന് 408 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സ്‌പെയ്സ് സ്റ്റേഷനിൽ (ഐ.എസ്.എസ്)​ സുരക്ഷിതമായി ഇവർ എത്തിച്ചേർന്നു. പന്ത്രണ്ട് ദിവസത്തെ ചിത്രീകരണത്തിനുശേഷം സംഘം ഭൂമിയിലേക്ക് മടങ്ങും.

നിലവിൽ സ്പേസ് സ്റ്റേഷനിലുള്ള തോമസ് പെസ്‌ക്വറ്റ്, മാർക്ക് വാൻഡ് ഹെ, ഷെയിൻ കിംബ്രൗ, മേഘൻ മക് ആർതർ, ഒളെഗ് നോവിറ്റ്സ്‌കി, അകി ഹോഷിദെ എന്നിവർ സിനിമാ സംഘത്തെ സ്വാഗതം ചെയ്യും.ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന ഒരു ഡോക്ടറുടെ കഥയാണ് 'ചലഞ്ച്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ദൗത്യം. ഇതോടെ ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യത്തെ സിനിമയെന്ന ബഹുമതി ചലഞ്ചിന് സ്വന്തമാകും .ചരിത്രനിയോഗമാണ് ഇതെന്ന് യൂലിയ പ്രതികരിച്ചു.

പ്രശസ്ത നടൻ ടോം ക്രൂയിസിനെ സിനിമാ ഷൂട്ടിങ്ങിനായി ഈ മാസം 12നാണ് ടോം ക്രൂയിസിനെ ഐ.എസ്.എസിൽ എത്തിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഈലോൺ മസ്‌കിന്റെ സ്‌പേസ് എക്സ് ഏജൻസിയും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദൗത്യം അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.