ഇന്ന് ഗവർണർ സന്ദർശിക്കും, ആദിവാസി ജീവിതത്തിന്റെ ഇഴയടുപ്പായി നെയ്ത്ത് ഗ്രാമം

Wednesday 06 October 2021 12:03 AM IST
വയനാട് നെയ്ത്ത് ഗ്രാമത്തിൽ നിന്ന്

തൃശ്ശിലേരി (വയനാട് ): കാടിന്റെ മക്കളുടെ കരവിരുത് കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തൃശ്ശിലേരിയിലെ നെയ്ത്ത് ഗ്രാമത്തിലെത്തും. തിരുനെല്ലി പഞ്ചായത്തിലെ ആദിവാസികളുടെയും ഏകാകിനികളായ ആദിവാസി അമ്മമാരുടെയും ഇഴയടുപ്പം കാണാൻ ഗവർണർ താത്പര്യം അറിയിച്ചതോടെ അതിരറ്റ ആഹ്ലാദത്തിലാണ് ഇവിടെയുളളവർ. ആദിവാസി അമ്മമാരുടെ ക്ഷേമവും വ്യവസായ വികസനവും സംയോജിപ്പിച്ച് കൊണ്ടുളള ഈ പദ്ധതി സുശീലാഗോപാലൻ വ്യവസായ മന്ത്രിയായപ്പോൾ രൂപംകൊണ്ടതാണ്. വയനാട് ഹാൻഡലൂം പവർലൂം ആൻഡ് മൾട്ടി പർപ്പസ് ഇൻഡസ്‌ട്രിയിൽ സഹകരണ സംഘം 1999 ജനുവരി ഒന്നിനാണ് കമ്മീഷൻ ചെയ്തത്. വ്യവസായ വകുപ്പിന് കീഴിൽ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ടെക്സ്റ്റൈൽസ് ഫെഡറേഷൻ (ടെക്സ്ഫെഡ്) മുഖേനയാണ് നെയ്ത്ത് ഗ്രാമത്തിന്റെ പിറവി. ഗുണഭോക്താക്കളിൽ 80 ശതമാനവും ആദിവാസികൾ. അതിൽ 85 ശതമാനം വനിതകൾ. നിലവിൽ സംഘത്തിൽ ജോലി ചെയ്യുന്ന 72 തൊഴിലാളികളിൽ 52പേർ വനിതകളാണ്. വയനാട് നെയ്ത്ത് ഗ്രാമം എന്ന ബ്രാൻഡിലുളള സംഘത്തിന്റെ ഉത്പ്പന്നങ്ങൾ വിൽക്കുന്നത് മാനന്തവാടി, മീനങ്ങാടി, തൃശ്ശിലേരി എന്നിവിടങ്ങളിലെ ഷോറൂമുകളിലാണ്. പി.ജെ.ആന്റണിയാണ് സംഘം പ്രസിഡന്റ്. സെക്രട്ടറി കെ. എ. ഷജീർ.

സംഘത്തിനുളളത്

13.40 ഏക്കർ സ്ഥലം

30 കൈത്തറി യന്ത്രം

40 യന്ത്രത്തറി

20 സെമി ഓട്ടോ മാറ്റിക് യന്ത്രത്തറി

വാർപ്പിംഗ് മെഷിൻ

ഹാങ്ക് ടൂ കോൺവെന്റിംഗ് യന്ത്രം

ഡയിംഗ് യൂണിറ്റ്

ട്രെയിനിംഗ് ഷെഡ് കൈത്തറി

യന്ത്രത്തറി നെയ്ത്തുശാല

കൈത്തറി നെയ്ത്തുശാല

റെസിഡൻഷ്യൽ കോട്ടേജുകൾ

ആവശ്യങ്ങൾ

* കൈത്തറി കെട്ടിടം നവീകരിച്ച് പരിശീലനത്തിനുള്ള കോൺഫറൻസ് ഹാളാക്കി മാറ്റുക. * തിരുനെല്ലിയിൽ സ്വന്തമായി ഒരു കൈത്തറി യൂണിറ്റ് നിർമ്മിക്കുക. * 120' വീതിയുള്ള യന്ത്രത്തറി സ്ഥാപിക്കുക . * 30 കൈത്തറി യന്ത്രം കൂടി സ്ഥാപിക്കുക . * 5 ഹൈ സ്പീഡ് റാപ്പിയർ യന്ത്രത്തറി മെഷിൻ സ്ഥാപിക്കുക. *ഓഫീസ് പരിസരം, കമ്പനി ഏരിയ മുഴുവനായും ചുറ്റുമതിൽ സ്ഥാപിക്കുക . *തൊഴിലാളികൾ താമസിക്കുന്ന 18 വീടുകൾ നവീകരിക്കുക * തുണിത്തരങ്ങൾ വിൽക്കുന്നതിന് റൂറൽ മാർട്ട് വാഹനം . * വിൽപ്പന വർധിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം. * വ്യാവസായിക ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക *ആദിവാസി ജനവിഭാഗങ്ങളുടെ പ്രത്യേക തരം ഭക്ഷണം ലഭിക്കുന്ന ഒരു കഫ്റ്റീരിയ നിർമിക്കുക. *നെയ്ത്തുഗ്രാമത്തെ ട്രൈബൽ ഹെറിറ്റേജ് ഗ്രാമമാക്കുക