നിലയ്‌ക്കാതെ രാജി പരമ്പര; പി.വി. ബാലചന്ദ്രനും കോൺഗ്രസ് വിട്ടു

Wednesday 06 October 2021 12:30 AM IST

കൽപ്പറ്റ: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ രാജി പരമ്പരയിൽ ഒന്നു കൂടി. കെ.പി.സി.സി മെമ്പറും മുൻ ഡി.സി.സി പ്രസിഡന്റുമായ പി.വി.ബാലചന്ദ്രൻ പാർട്ടി വിട്ടു. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ നേതൃത്വത്തിനു കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നല്ലാതെ ഏതു പാർട്ടിയിലേക്കെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സി.പി.എമ്മിൽ ചേരാനുള്ള തീരുമാനം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന.

ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമനങ്ങളിൽ വൻ തുക കോഴ കൈപ്പറ്റിയതായി ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ ബാലചന്ദ്രൻ ആരോപണമുന്നയിച്ചിരുന്നു. അതോടെ, അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്‌ പോഷക സംഘടനാ ഭാരവാഹികളിൽ ഒരു വിഭാഗം ഒപ്പുശേഖരണം നടത്തി. കെ.പി.സി.സി പ്രസിഡന്റിനും എ.ഐ.സി.സി ജനറൽ സെക്രട്ടറിക്കും പരാതിയും നൽകി. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്ന് ബാലചന്ദ്രൻ പറഞ്ഞു.
അൻപത് വർഷത്തിലേറെ പ്രവർത്തനപാരമ്പര്യമുള്ള ബാലചന്ദ്രൻ അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തെക്കേ വയനാട് കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്നപ്പോൾ കെ.എസ്.യു ജില്ലാ പ്രസിഡന്റായി. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം, കോൺഗ്രസ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കെ.പി.സി.സി നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

Advertisement
Advertisement