കൊവിഡ് വാക്സിനേഷൻ ആദ്യഘട്ടം പൂർത്തിയാകുന്നു: ആരോഗ്യമന്ത്രി

Wednesday 06 October 2021 12:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നതായി മന്ത്രി വീണാജോർജ് നിയമസഭയെ അറിയിച്ചു. 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സിനും 42.2 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിക്കഴിഞ്ഞു. ആദ്യഡോസ് വാക്സിനേഷൻ ഈ മാസത്തോടെയും ജനുവരിയോടെ രണ്ടാം ഡോസും പൂർത്തിയാക്കുമെന്നും എ.എൻ. ഷംസീറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. വാക്സിൻ സ്വീകരിച്ച അപൂർവം ചിലരിൽ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പും വാക്സിൻ സ്വീകരിച്ചവരിലുണ്ടായ പാർശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആശ്വാസം നൽകുന്നതിനുള്ള ഉത്തരവ് ഇറക്കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.