പാഠ്യപദ്ധതിയിൽ ജെൻഡർ വിദ്യാഭ്യാസം ഉൾപ്പെടുത്താൻ ശുപാർശ ചെയ്യും: ഡോ. ചിന്ത ജെറോം

Wednesday 06 October 2021 3:19 AM IST

തൃശൂർ: പാഠ്യപദ്ധതിയിൽ ജെൻഡർ വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിന് സർക്കാരിലേയ്ക്ക് ശുപാർശ ചെയ്യുമെന്ന് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ.ചിന്ത ജെറോം. ജില്ലാ യുവജനക്ഷേമ അദാലത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

പ്രണയ നൈരാശ്യവും തുടർന്ന് ഉണ്ടാകുന്ന അക്രമങ്ങളും കൊലപാതകങ്ങളും വർദ്ധിച്ച് വരുന്നത് തടയിടാൻ യുവജന കമ്മീഷൻ കാമ്പസുകളിൽ ബോധവത്കരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കലാലയങ്ങളിൽ ജെൻഡർ എജ്യൂക്കേഷൻ കാമ്പയിൻ സംഘടിപ്പിക്കും. കലാസാംസ്‌കാരിക മേഖലകളിലേക്ക് യുവതി യുവാക്കളെ കൂടുതൽ ആകർഷിപ്പിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കും. യുവജന കമ്മീഷനിലേക്ക് ലഭിക്കുന്ന പരാതികളിൽ ഏറെയും ഗാർഹിക പീ‌ഡനങ്ങളും സ്ത്രീധന പ്രശ്‌നങ്ങളുമാണ്. വിസ്മയയുടെ കൊലപാതകത്തിന് ശേഷം മാത്രം നൂറിലേറെ പരാതികളാണ് സംസ്ഥാനത്ത് സ്ത്രീധന പ്രശ്‌നവുമായി ബന്ധപ്പെട്ട് കമ്മീഷന് മാത്രം ലഭിച്ചത്. ഇവ മേഖലകളാക്കി തിരിച്ച് പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. ജില്ലയിൽ ഇന്നലെ നടന്ന അദാലത്തിൽ 22 പരാതികളാണ് ലഭിച്ചത്. ഇതിൽ 16 എണ്ണം തീർപ്പാക്കി. പത്ത് പുതിയ പരാതികൾ സ്വീകരിച്ചതായും ചിന്ത ജെറോം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ വി. വിനിൽ, പി. മുബഷീർ, കെ.പി. ഷജീറ, പി.എ. സമദ്, റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ക്ഷിതി വി. ദാസ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement