തൃശൂരിലെ 28 വില്ലേജുകൾക്ക് ഒ.ഡി.എഫ് പ്ലസ് പദവി
തൃശൂർ: സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ കൈവരിക്കേണ്ട ഒ.ഡി.എഫ് പ്ലസ് പദവിക്കായുള്ള സെൽഫ് ഡിക്ലറേഷനുകൾ വില്ലേജ് അടിസ്ഥാനത്തിൽ നടത്തി. 27 ഗ്രാമപഞ്ചായത്തുകളിലുള്ള 28 വില്ലേജുകൾ പദവിക്ക് അർഹമായി. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ കൈവരിക്കുകയും ഇത് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയുമാണ് വില്ലേജുകൾ ഒ.ഡി.എഫ് പദവി നേടിയെടുത്തത്.
വെളിയിട വിസർജ്ജന മുക്തമാക്കുക, ഖരദ്രവ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക എന്നിവ കൈവരിച്ച് പഞ്ചായത്തുകളുടെ ശുചിത്വ സൂചിക ഉയർത്തുക എന്നതാണ് ഒ.ഡി.എഫ് പ്ലസ് ലക്ഷ്യമാക്കുന്നത്. വീടുകളിൽ ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ ഉറപ്പാക്കുക, പൊതുസ്ഥാപനങ്ങളിൽ ശൗചാലയ സൗകര്യം ഏർപ്പെടുത്തുക, പൊതുഇടങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ ഉണ്ടാവാതെ സംരക്ഷിക്കുക, പഞ്ചായത്ത് അടിസ്ഥാനത്തിൽ ഖരദ്രവ മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങൾ സൃഷ്ടിക്കുക, ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ. പഞ്ചായത്തുകൾ സ്വയം പ്രഖ്യാപിച്ചതിനുശേഷം ജില്ലാ കളക്ടർ ചുമതലപ്പെടുത്തുന്ന ജില്ലാതല ടീമും കേന്ദ്രസർക്കാർ നിയോഗിക്കുന്ന സംഘവും വിലയിരുത്തൽ നടത്തും. ഒക്‌ടോബർ 2ന് മുമ്പേ 20 വില്ലേജുകളെ ഈ പദവിലേക്ക് ഉയർത്തുക എന്നതായിരുന്നു ജില്ലയുടെ പ്രഖ്യാപിത ലക്ഷ്യം.
ഒ.ഡി.എഫ് പ്ലസ് പദവിക്ക് അർഹമായ വില്ലേജുകൾ
- അന്തിക്കാട് ബ്ലോക്കിലെ ചാഴൂർ, മണലൂർ, താന്ന്യം, കാരമുക്ക്
- ചാലക്കുടി ബ്ലോക്കിലെ അതിരപ്പിള്ളി, കാടുക്കുറ്റി, കൊരട്ടി
- ചേർപ്പ് ബ്ലോക്കിലെ അവിണിശ്ശേരി
- ചാവക്കാട് ബ്ലോക്കിലെ പുന്നയൂർക്കുളം
- ചൊവ്വന്നൂർ ബ്ലോക്കിലെ കാണിപ്പയ്യൂർ, കണ്ടാണശ്ശേരി, പോർക്കുളം, വേലൂർ
- ഇരിങ്ങാലക്കുടയിലെ കാറളം, കാട്ടൂർ
- കൊടകരയിലെ ആമ്പല്ലൂർ, തൃക്കൂർ
- മതിലകം ബ്ലോക്കിലെ പെരിഞ്ഞനം, പടിഞ്ഞാറെ വെമ്പല്ലൂർ
- മുല്ലശ്ശേരി ബ്ലോക്കിലെ എളവള്ളി, വെങ്കിടങ്ങ്, മുല്ലശ്ശേരി
- ഒല്ലൂക്കരയിൽ പാണഞ്ചേരി
- തളിക്കുളം ബ്ലോക്കിൽ തളിക്കുളം, വാടാനപ്പിള്ളി
- വെള്ളാങ്കല്ലൂരിലെ പൂമംഗലം
- വടക്കാഞ്ചേരിയിലെ വരവൂർ, തെക്കുംകര