ബി.ജെ.പിയ്ക്ക് യുവമുഖം, പ്രതീക്ഷകൾ വാനോളം

Thursday 07 October 2021 12:31 AM IST

പ്രായത്തിൽ ബേബിയാണെങ്കിലും ബി.ജെ.പിയുടെ ജില്ലയുടെ ചുക്കാൻ ജി.ലിജിൻ ലാലിനെ ഏൽപ്പിക്കുമ്പോൾ സംസ്ഥാന നേതൃത്വത്തിന് വ്യക്തമായ കണക്ക് കൂട്ടലുണ്ട്. പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയെന്ന നിർണായക ചുമതലയാണ് ലിജിന്. ഏത് പ്രവർത്തകനും ഏത് സമയത്തും നേരിട്ട് വിളിക്കാവുന്നൊരു ജില്ലാ പ്രസിഡന്റായിരിക്കും താനെന്നാണ് ലിജിൻ പറയുന്നത്. പഞ്ചായത്തുതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന പാർലമെന്റ് തിരിഞ്ഞെടുപ്പിൽ നിർണായക ശക്തിയാവുകയാണ് ലക്ഷ്യം. നിയുക്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ കേരളകൗമുദിയോട് മനസ് തുറക്കുന്നു :

 പ്രതീക്ഷിച്ചിരുന്നോ ഈ നിയോഗം?

അപ്രതീക്ഷിതമായാണ് സംസ്ഥാന നേതൃത്വം ഈ നിയോഗം എന്നെ ഏൽപ്പിക്കുന്നത്. പാർട്ടി ചുമതലയേറ്റെടുക്കാൻ പറഞ്ഞു. സന്തോഷത്തോടെ ഏറ്റെടുക്കുന്നു. നാളെ ചുമതല ഒഴിയാൻ പറഞ്ഞാലും നിറഞ്ഞ മനസോടെ അനുസരിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഈ കൊടിച്ചുവട്ടിലുണ്ടാവും എന്നും

അതൃപ്തരെ നേരിൽ കാണുമോ?

പാർട്ടിയിൽ അതൃപ്തരില്ല, വിവിധ അഭിപ്രായങ്ങൾ ഉള്ളവർ മാത്രമേയുള്ളൂ. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കും. മുതിർന്ന നേതാക്കളെ നേരിൽക്കണ്ട് അവരുടെ ഉപദേശം സ്വീകരിച്ചും എല്ലാവരെയും അംഗീകരിച്ചും അർഹമായ ഇടംനൽകിയും മാത്രമേ മുന്നോട്ടു പോകൂ.

എന്താണ് പുതിയ സ്ട്രാറ്റജി?

മാസ്റ്റർ ഒഫ് ഇന്റർനാഷണൽ ബിസിനസിൽ ബിരുദാനന്തര ബിരുദം നേടി ഷിപ്പിംഗ് ലോജിസ്റ്റിക്സിൽ ജോലി ചെയ്യുന്നതിനിടെയാണ് മുഴുവൻ സമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങിയത്. ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തിപ്പെടുത്തും. സാധാരണക്കാരുടെ ഏത് ആവശ്യത്തിനും ഏത് സമയത്തും ബി.ജെ.പി പ്രവർത്തകർ വിളിപ്പാടകലെ ഉണ്ടാകും. ബൂത്ത് തലം മുതലുള്ള അഴിച്ചുപണിയിൽ എല്ലാ പ്രായത്തിലുള്ളവരെയും ഉൾപ്പെടുത്തും. രണ്ട് പഞ്ചായത്തുകളാണ് ബി.ജെ.പി ഭരിക്കുന്നത്. ഇതിന്റെ എണ്ണം വർദ്ധിപ്പിക്കും. കോട്ടയം, ഏറ്റുമാനൂർ പോലുള്ള നഗരസഭകൾ ബി.ജെ.പിയ്ക്ക് ഭരിക്കാനുള്ള സാഹചര്യം ഒരുക്കും. ടെക്നോളജിയുടെ കാലം കൂടിയായതിനാൽ ആ സാദ്ധ്യതയും പരമാവധി വിനിയോഗിക്കും. പ്രവർത്തനത്തിൽ കാലാനുസൃതമായ മാറ്റമുണ്ടാവും.

 കൊഴിഞ്ഞ് പോക്ക് കൂടിയോ?
ചുരുക്കം ചിലർ മറ്റ് പാർട്ടിയിലേയ്ക്ക് പോയി എന്നുള്ളത് സത്യമാണ്. പക്ഷേ, പർവതീകരിക്കും പോലെയില്ല. ഉടൻ ജില്ലയിലെ മുഴുവൻ ബൂത്തുകളിലും സന്ദർശനം നടത്തും.

ആത്മവിശ്വാസം നൽകുന്നതെന്ത്

രണ്ടാം പിണറായി സർക്കാരിന്റെ അഴിമതിയും മറ്റും ഒരു വശത്ത്, യു.ഡി.എഫിൽ പ്രത്യേകിച്ച് ദുർബലമായ കോൺഗ്രസ് സംഘടനാ സംവിധാനം. ഈ സാഹചര്യത്തിൽ ബി.ജെ.പിക്ക് വളരാനുള്ള മണ്ണുണ്ട്. മോദി സർക്കാരിന്റെ ജനോപകാര പ്രദമായ പദ്ധതികൾ പരമാവധി സാധാരണക്കാരിലേയ്ക്ക് എത്തിക്കും

കുടുംബം

മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ കുറിച്ചിത്താനത്താണ് വീട്. ഭാര്യ അനുലക്ഷ്മി എസ്.നായർ കെ.എസ്.ഇ.ബിയിൽ ഉദ്യോഗസ്ഥയാണ്. ഏകമകൻ പാർത്ഥിവ് നായർ പുലിയന്നൂർ ഗായത്രി സ്കൂളിൽ ഒന്നാം ക്ളാസ് വിദ്യാർത്ഥി.

Advertisement
Advertisement