ഭൂനിലാവ് മായുന്നുവോ? ഭൂമിയുടെ തിളക്കം കുറയുകയാണെന്ന് ഗവേഷകർ

Thursday 07 October 2021 2:40 AM IST

വാഷിംഗ്ടൺ: ഭൂമിയ്ക്ക് പഴയപോലെ തിളക്കമില്ലെന്ന കണ്ടെത്തലുമായി കാലിഫോർണിയയിലെ ബിഗ് ബെയർ സോളാർ ഒബ്‌സർവേറ്ററിയിലെ ഗവേഷകർ. കഴിഞ്ഞ 20 വർഷക്കാലത്തെ ഓരോ രാത്രിയിലും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഭൂമിയുടെ തിളക്കം കുറഞ്ഞുവരികയാണെന്ന നിഗമനത്തിൽ ഗവേഷകരെത്തിയത്. 20 വർഷം മുമ്പുണ്ടായിരുന്ന പ്രതിഫലനത്തേക്കാള്‍ 0.5 ശതമാനം കുറവ് ഇപ്പോഴുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ തട്ടി പ്രതിഫലിക്കുമ്പോഴുള്ള എർത്ത് ഷൈന്‍ അഥവാ ഭൂനിലാവ് ചന്ദ്രന്റെ ഇരുണ്ട വശത്ത് പതിയുമ്പോഴുണ്ടാവുന്ന വെളിച്ചം വിശകലനം ചെയ്താണ് ഗവേഷകർ ഈ കണ്ടെത്തലിലെത്തിയത്. അര്‍ദ്ധചന്ദ്രനെ കാണുന്നസമയത്ത് അതിന്റെ ഇരുണ്ട ഭാഗവും ചെറിയ തോതിൽ നമുക്ക് ഭൂമിയിലിരുന്ന് കാണാൻ സാധിക്കാറുണ്ട്. ഇതിന് കാരണം ഭൂനിലാവാണ്.

@ പ്രതിഫലനത്തോത് കുറയുന്നു

ഓരോ രാത്രികളിലും ഓരോ ഋതുക്കളിലും ഭൂനിലാവിന്റെ തീവ്രതയിൽ വ്യത്യാസമുണ്ടാവും.

ഭൂമിയിലെ വലയം ചെയ്യുന്ന മേഘപാളിയിൽ തട്ടിയാണ് സൂര്യപ്രകാശം പ്രതിഫലിക്കുന്നത്. ഭൂനിലാവിന് തിളക്കം കുറയുന്നുവെന്ന് പറഞ്ഞാൽ ഈ പ്രതിഫലനതോത് കുറയുന്നുവെന്നാണ് അർത്ഥം. ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ നീല നിറത്തിൽ തിളങ്ങുന്നൊരു ഗ്രഹമാണ് ഭൂമിയെന്ന് കാണാം. ഇതിന് കാരണവും ഭൂനിലാവാണ്.

@ അപകടം പതിയിരിക്കുന്നു

ഭൂമിയില്‍ പതിക്കുന്ന പ്രകാശത്തിൽ 30 ശതമാനവും ഭൂമിയിൽ തട്ടി പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ നാടകീയമായ കുറവ് ഭൂനിലാവിന്റെ തെളിച്ചത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. ഇത് മൂലം അത്രയും സൂര്യപ്രകാശം ഭൂമിയിലേക്ക് അധികമായി പ്രവേശിക്കുകയും ഭൂമിയിലെ താപനില വർദ്ധിക്കുന്നതിനിടയാക്കുകയും ചെയ്യുന്നു.

തെക്ക്, വടക്ക് അമേരിക്കൻ തീരങ്ങൾക്ക് മുകളിലെ മേഘാവരണത്തിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. ഇത് സമുദ്ര താപനില വർദ്ധിക്കാനിടയാക്കുന്ന പസിഫിക് ഡെകേഡൽ ഓസ്‌കിലെഷൻ (Pacific Decadal Oscillation - PDO) എന്ന കാലാവസ്ഥയ്ക്കിടയാക്കും. കൂടാതെ, സമുദ്രതാപനില വർദ്ധിക്കുന്നത് ചുഴലിക്കാറ്റ് ഉൾപ്പടെയുള്ള പ്രതിഭാസങ്ങൾക്ക് കാരണമാകും

Advertisement
Advertisement