കുടുംബശ്രീയിലൂടെ യുവതികൾ തിളങ്ങും

Thursday 07 October 2021 12:00 AM IST

# പിന്തുണയേകാൻ ഓക്സിലറി ഗ്രൂപ്പുകൾ

ആലപ്പുഴ: ജില്ലയിൽ യുവതികൾക്കായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. നടപടി ക്രമങ്ങളുടെ ഭാഗമായി 11ന് കുടുംബശ്രീ ഉദ്യോഗസ്ഥർ കാമ്പയിൻ നടത്തും. 18നും 40നും ഇടയിൽ പ്രായമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.

അഭ്യസ്തവിദ്യരായ സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് എത്തിക്കാനുള്ള പിന്തുണയാണ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലൂടെ നൽകുന്നത്. നിലവിൽ ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ കുടുംബശ്രീയിൽ അംഗമാകാൻ കഴിയുകയുള്ളൂ. അതിനാൽ വലിയൊരു വിഭാഗം സ്ത്രീകൾക്കും കുടുംബശ്രീ പദ്ധതികളുടെ ഗുണങ്ങൾ ലഭിച്ചിരുന്നില്ല.
ഇവരിൽ 18 നും 40നും ഇടയിൽ പ്രായമുള്ളവർ പത്ത് ശതമാനമാണ്. ഈ വിഭാഗത്തെ കൂടുതലായി കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനാണ് ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. ഗ്രൂപ്പുകളിൽ ഒരുവീട്ടിൽ നിന്ന് രണ്ടാമതൊരാൾക്കും അംഗമാകാം. കുടുംബശ്രീയുടെ ജാഗ്രതാ സമിതി, ജെൻഡർ റിസോഴ്‌സ് സെന്റർ, സ്‌നേഹിത എന്നിവയുമായി യോജിച്ചാണ് ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം.

ഒരു ഗ്രൂപ്പിൽ 50 പേർ

1. സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനുമാണ് പുതിയ പദ്ധതി

2. വാർഡ് തലത്തിൽ എ.ഡി.എസുകളുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ് രൂപീകരിക്കുക

3. ഒരു ഗ്രൂപ്പിൽ പരമാവധി 50 പേർക്ക് അംഗങ്ങളാകാം

4. ഓരോ ഗ്രൂപ്പിലും ലീഡറെ കൂടാതെ സാമ്പത്തികം, സാമൂഹിക വികസനം, ഉപജീവനം, ഏകോപനം എന്നിവയുടെ ചുമതല വഹിക്കുന്ന നാലുപേർ കൂടി ഉണ്ടാവും

ജില്ലയിൽ അംഗങ്ങൾ: 3.2 ലക്ഷം

''

ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. തൊഴിൽ സാദ്ധ്യതകൾ പരിചയപ്പെടുത്തുക, മാനസികാരോഗ്യം മെച്ചപ്പെടുത്തുക, സംരംഭക സഹായങ്ങൾ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.

അജയ് കുമാർ, എ.ഡി.എം.സി

ജില്ലാ കുടുംബശ്രീ മിഷൻ

Advertisement
Advertisement