പള്ളത്തിയും മുഷിയും കണ്ടവരുണ്ടോ ?

Wednesday 06 October 2021 9:02 PM IST
ഒഴിവു സമയങ്ങളിൽ കൃഷിപ്പണി ചെയ്യുന്ന ഡോ.സി.പി.ഷാജി

ഉൾനാടൻ മത്സ്യസമ്പത്തിന്റെ ഇടനെഞ്ച് തകർത്ത് ഊത്തപിടുത്തം

മാള: ഊത്തപിടുത്തം, ശുദ്ധജല മത്സ്യങ്ങളെ അവയുടെ ഈറ്റില്ലങ്ങളിൽ കൊന്നൊടുക്കി വംശനാശത്തിലേക്ക് തള്ളിവിടുമെന്ന് ഉൾനാടൻ മത്സ്യങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ.സി.പി. ഷാജി. ഇത്തരത്തിൽ പള്ളത്തി, നാടൻ മുഷി പോലുള്ളവ ഏറെക്കുറെ വംശനാശത്തിലെത്തിയതായും അദ്ദേഹം പറയുന്നു.

മാളയ്ക്കടുത്തുള്ള അന്നമനട മേലഡൂർ ചക്കാലക്കൽ ഡോ. സി.പി. ഷാജിയുടെ പഠന റിപ്പോർട്ടിനെ തുടർന്നാണ് വംശനാശം നേരിടുന്ന ഉൾനാടൻ മത്സ്യങ്ങളെ പ്രജനന കാലത്ത് പിടിക്കുന്നത് നിയന്ത്രിച്ചത്. കുറുവ, കൈപ്പ, ചുട്ടിപ്പരൽ, കല്ലട, മുതുക്കി, വരാൽ, വട്ടുടി, പൂച്ചുട്ടി, കരിങ്കണ തുടങ്ങിയ നിരവധി ഇനം മത്സ്യങ്ങളാണ് ചത്തൊടുങ്ങുന്നത്. പുഴയിൽ നിന്നോ വേനൽക്കാല ഇടങ്ങളിൽ നിന്നോ യാത്ര തുടങ്ങി നെൽപ്പാടങ്ങളിലോ വെള്ളം കയറിയ വശങ്ങളിലോ ആണ് ഈ മത്സ്യങ്ങൾ അണ്ഡവിക്ഷേപം നടത്തുന്നത്. മലിഞ്ഞീൻ, തൊണ്ടി, ബ്രാൽ, വട്ടുടി എന്നിങ്ങനെ ചിലതൊഴികെ മുട്ടയിടാനാണ് സുരക്ഷിത ഇടം തേടുന്നത്. വയലിലൂടെയുള്ള ഇടറോഡുകൾ മത്സ്യങ്ങൾക്ക് സഞ്ചരിക്കാൻ തടസമാകുന്നുണ്ട്. ഊത്ത എന്ന വാക്ക് ദ്രാവിഡ ഭാഷയായ തമിഴിൽ നിന്നുള്ളതാണ്.

നിരവധി ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ പ്രബന്ധങ്ങൾ, ദേശീയ അന്തർദേശീയ സെമിനാറുകളിൽ പങ്കാളിത്തം എന്നിവയിലൂടെ ശ്രദ്ധേയനാണ് ഷാജി. എഫ്.ആർ.ഐ. ഡെറാഡൂൺ ഡീംഡ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ താത്കാലിക ശാസ്ത്രജ്ഞനായെങ്കിലും 2006ൽ ട്രഷറി വകുപ്പിൽ ക്ലർക്കായാണ് സ്ഥിരം ജോലിയാകുന്നത്. ഇപ്പോൾ തൃശൂരിൽ സബ് ട്രഷറിയിൽ സീനിയർ അക്കൗണ്ടന്റാണ്. ഒരു ജീവിയും അജ്ഞാതരാകരുതെന്ന തിരിച്ചറിവുള്ളതിനാൽ ഷാജി വെബിനാറിലൂടെയും മറ്റും ക്ലാസുകൾ നൽകുന്നുണ്ട്. കുടുംബം: ഭാര്യ മേരീസ്. മക്കൾ: ആതിര, അരുൺ, അജിത്ത്.

ഉൾനാടൻ മത്സ്യസമ്പത്ത് ഇങ്ങനെ

കാണുന്നത് :

കായലുകൾ, നദികൾ, കോൾപ്പാടങ്ങൾ, നെൽപ്പാടങ്ങൾ, കുളങ്ങൾ, തോടുകൾ

39 കുടുംബങ്ങൾ

95 ജനുസുകൾ

210 ഇനങ്ങൾ

ശുദ്ധജലത്തിൽ മാത്രം ജീവിക്കുന്നവ 180 ഇനം

ഊത്തകയറ്റം ഇങ്ങനെ

വെള്ളം കയറിയാൽ

1-ാം ദിവസം കല്ലട

2-ാം ദിവസം കാരി, മുഴി

3-ാം ദിവസം പരൽ

4-ാം ദിവസം മഞ്ഞക്കൂരി

5-ാം ദിവസം തൂളി (ഉയർന്ന പ്രദേശത്ത് മാത്രം)

6-ാം ദിവസം കരിമീൻ

കൃഷിയും മത്സ്യഗവേഷണവും ജീവിതത്തിന്റെ ഭാഗമാണ്. കൃഷി സംബന്ധിച്ച അറിവുകൾ മക്കൾ അടക്കമുള്ള അടുത്ത തലമുറയിലേക്ക് പകരുകയാണ്.

- ഡോ. സി.പി. ഷാജി

Advertisement
Advertisement