തിരുത്തൽ വേണ്ടവർ ആദ്യം സ്മാർട്ടാകും

Thursday 07 October 2021 12:02 AM IST

# പുതിയ റേഷൻ കാർഡ് നവംബർ ഒന്നിന്

ആലപ്പുഴ: റേഷൻ കാർഡുകൾ സ്മാർട്ടാക്കുമ്പോൾ, കാർഡിൽ തിരുത്തൽ വരുത്തേണ്ട ഗുണഭോക്താക്കൾക്ക് മുൻഗണന. മറ്റ് ഗുണഭോക്താക്കളെ പിന്നാലെ പരിഗണിക്കും. മേൽവിലാസത്തിലെ മാറ്റം, വീട്ട് നമ്പർ, വാർഡ് നമ്പർ, അംഗങ്ങളെ ചേർക്കുന്നത്/ ഒഴിവാക്കുന്നത്, ബാങ്ക് അക്കൗണ്ട് മാറ്റുന്നത്, ഗ്യാസ് കണക്ഷൻ നമ്പർ ചേർക്കുന്നത് തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഓൺലൈൻ മുഖേനയും നേരിട്ടും അപേക്ഷ നൽകിയിരിക്കുന്നവരുടെ കാർഡുകളാണ് തിരുത്തലുകളോടെ സ്മാർട്ടായി കേരളപ്പിറവി ദിനത്തിൽ എത്തുക. 25 രൂപയാണ് കാർഡ് സ്മാർട്ടാക്കാൻ ഫീസ് ഈടാക്കുന്നത്. എന്നാൽ മുൻഗണനാ വിഭാഗത്തിന് നടപടിക്രമങ്ങൾ സൗജന്യമാണ്. തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നതും കൊണ്ടുനടക്കാൻ എളുപ്പമാണെന്നതുമാണ് റേഷൻ കാർഡ് സ്മാർട്ട് കാർഡാകുന്നതോടെയുള്ള പ്രധാന ഗുണം. ക്യൂ ആർ കോഡും ബാർ കോഡും ഉടമയുടെ ചിത്രവും പേരും വിലാസവും കാർഡിന്റെ മുൻവശത്തുണ്ടാകും.

സത്യവാങ്മൂലമുണ്ടെങ്കിൽ

വാടകക്കാർക്ക് കാർഡ്

അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സാധുവായ വാടകക്കരാറിന്റെയോ കെട്ടിട ഉടമയുടെ സമ്മതപത്രത്തിന്റെയോ അടിസ്ഥാനത്തിലാണ് വാടക വീടുകളിൽ താമസിക്കുന്ന റേഷൻകാർഡില്ലാത്ത കുടുംബങ്ങൾക്ക് നിലവിൽ റേഷൻ കാർഡ് അനുവദിച്ചുവരുന്നത്. എന്നാൽ ഈ വാടക വീട്ടിൽ മറ്റൊരു റേഷൻ കാർഡ് നിലനിൽക്കുന്നതിനാലോ കെട്ടിട ഉടമയുടെ സമ്മതപത്രം ലഭിക്കാത്തതിനാലോ കാർഡ് നിഷേധിക്കപ്പെടുന്നവർക്ക് ആശ്വാസമായാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന പരിഗണിച്ച്, അപേക്ഷകന്റെയും കാർഡിൽ ഉൾപ്പെടുന്ന മറ്റ് അംഗങ്ങളുടെയും ആധാർകാർഡ് പരിശോധന നടത്തി മറ്റൊരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം റേഷൻ കാർഡ് അനുവദിക്കും. ഇത്തരം കാർഡുകൾ തിരിച്ചറിയൽ രേഖയായോ മറ്റ് ആനുകൂല്യങ്ങൾക്കുള്ള രേഖയായോ ഉപയോഗിക്കാൻ സാധിക്കില്ല.

ജില്ലയിൽ റേഷൻ കാർഡുകൾ: 5,88,260

""

നിലവിൽ തിരുത്തലിന് അപേക്ഷ നൽകിയിരിക്കുന്നവരുടെ കാർഡുകളാണ് ആദ്യം സ്മാർട്ടാവുക. കാർഡ് സ്മാർട്ടാകുമ്പോൾ തെറ്റുകൾ ഒഴിവാക്കുന്നതിനാണ് തിരുത്തലുകാരെ ആദ്യം പരിഗണിക്കുന്നത്.

സിവിൽ സപ്ലൈസ്

Advertisement
Advertisement