ഒഴിവായത് വലിയൊരു സംവരണ അട്ടിമറി

Thursday 07 October 2021 12:00 AM IST

കേരള സർവകലാശാലയിലെ വിവിധ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിൽ സംവരണതത്വം പാലിച്ച് നിയമനത്തിനുള്ള നിയമഭേദഗതിയും വിജ്ഞാപനവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം ശരിവച്ചത് സാമൂഹിക നീതിയുടെ വിളംബരവും ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നതുമാണ്. 2017ലെ വിജ്ഞാപനപ്രകാരം, സർവകലാശാല സംവരണം പാലിച്ച് നടത്തിയ 58 അദ്ധ്യാപക നിയമനങ്ങളാണ് വിധിയിലൂടെ അംഗീകരിക്കപ്പെട്ടത്. സർവകലാശാലാ അദ്ധ്യാപക നിയമനങ്ങളിൽ പിന്നാക്ക -പട്ടികവിഭാഗ സംവരണം ഉറപ്പുവരുത്താൻ 2014 ൽ സംസ്ഥാന നിയമസഭ പാസാക്കിയ സംവരണ ഭേദഗതി നിയമവും ഇതിലൂടെ സാധൂകരിക്കപ്പെട്ടു. മാത്രവുമല്ല, ഇതനുസരിച്ച് എം.ജി, കാലിക്കറ്റ്, കണ്ണൂർ, നുവാൽസ്, കാലടി സംസ്കൃത സർവകലാശാലകളും 2014 മുതൽ സംവരണം പാലിച്ച് നടത്തിവന്ന ഒട്ടേറെ അദ്ധാപക നിയമനങ്ങൾക്കും ഭീഷണിയൊഴിഞ്ഞു. സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങളിൽ വർഷങ്ങളായി തുടർന്നിരുന്ന സംവരണ അട്ടിമറിയ്‌ക്കുള്ള പഴുതുകളും അടയ്ക്കുന്നതാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.

സംസ്ഥാനത്തെ പല പ്രമുഖ സർവകലാശാലകളിലെയും അദ്ധ്യാപക - അനദ്ധ്യാപക നിയമനങ്ങളിൽ സംവരണതത്വം മറികടന്നുള്ള നിയമനങ്ങൾ തുടർക്കഥയാണ്. നിയമനങ്ങളിൽ,വിശേഷിച്ച് ഉയർന്ന തസ്തികളിൽ പിന്നാക്ക-പട്ടിക സമുദായങ്ങളെ അകറ്റി നിറുത്താനുള്ള ഗൂഢനീക്കങ്ങളാണ് സംവരണവിരുദ്ധ ലോബികൾ കാലങ്ങളായി നടത്തിവന്നത്. കേരള , കാലിക്കറ്റ് സർവകലാശാലകളിൽ ഇത് പലപ്പോഴും പാരമ്യത്തിലെത്താറുണ്ട്. സംവരണ ഒഴിവുകൾ വർഷങ്ങളോളം പൂഴ്ത്തിവച്ചും പിന്നീട് പൊതുവിഭാഗത്തിലേക്ക് മാറ്റിയുമാണ് അട്ടിമറി. കേരള സർവകലാശാലയിൽ ഒപ്റ്റോ ഇലക്ട്രാണിക്സ് തസ്തികയിൽ 2002 ലെ വിജ്ഞാപനപ്രകാരം നടത്തിയ നിയമനം ഒരുദാഹരണം മാത്രം. ഈഴവ സമുദായത്തിന് സംവരണം ചെയ്യപ്പെട്ടതായിരുന്നു തസ്തിക. ഒറ്റതസ്തികയിലെ നിയമനത്തിന് സംവരണം പാടില്ലെന്ന വാദമുന്നയിച്ച് സർവകലാശാലയിലെ മറ്റൊരദ്ധ്യാപകൻ ഇതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുകൂലമായി വിധിച്ചതോടെ, ഈഴവ സംവരണ തസ്തികയിൽ മുന്നാക്ക സമുദായത്തിൽപ്പെട്ട ഹർജിക്കാരന് നിയമനം ലഭിച്ചു. അതോടെ, സംവരണവിരുദ്ധ ലോബി കൂടുതൽ ഉഷാറാവുകയായിരുന്നു. സർവകലാശാലയിൽ ഒഴിവുള്ള മറ്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളെല്ലാം പൊതുഒഴിവാക്കി ഒറ്റതിരിച്ചുള്ള നിയമനങ്ങൾ തകൃതിയായതോടെ, നേരിട്ടുള്ള നിയമനങ്ങളിൽ സംവരണ സമുദായങ്ങൾ പടിക്ക് പുറത്തായി. ഇതിനെതിരെ സർക്കാരിന് പരാതികൾ ലഭിക്കുകയും സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം പാസാക്കുകയും ചെയ്തു. തുടർന്നാണ്, സംവരണ അട്ടിമറി തടയാൻ 2014 ൽ അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ നിയമസഭയിൽ നിയമഭേദഗതി പാസാക്കിയത്.

ഈ ഭേദഗതിയനുസരിച്ചുള്ള 2017ലെ സർവകലാശാലാ വി‌ജ്ഞാപനവും നിയമനങ്ങളും അസാധുവാക്കി സിംഗിൾ ബെഞ്ച് കഴിഞ്ഞ മാർച്ച് 31ന് പുറപ്പെടുവിച്ച ഉത്തരവ്, സംസ്ഥാന സർക്കാരും മറ്റും സമർപ്പിച്ച അപ്പീലിന്മേൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് സംവരണ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാണ്. സംവരണ നിയമഭേദഗതിയും വിജ്ഞാപനവും നിയമനങ്ങളിൽ സംവരണം പാലിക്കാൻ പര്യാപ്തമാണെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. സംവരണ അട്ടിമറി തടയാൻ 2014ൽ നിയമസഭയിൽ നിയമഭേദഗതി കൊണ്ടുവന്ന ഉമ്മൻചാണ്ടി സർക്കാരും സംവരണതത്വം അപകടത്തിലാക്കുന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനും ശക്തമായി വാദിച്ച് അനുകൂലവിധി നേടാനും തയ്യാറായ പിണറായി സർക്കാരും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു.

Advertisement
Advertisement