തടഞ്ഞുവയ്ക്കൽ, പ്രതിഷേധം, എസ്‌കോർട്ടോടെ ലഖിംപൂരിലേക്ക്, ല‌ക്‌നൗ വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ

Thursday 07 October 2021 12:43 AM IST

ന്യൂഡൽഹി : ലക്‌നൗ വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് രാഹുലും സംഘവും ലഖിംപൂരിലേക്ക് പുറപ്പെട്ടത്. സന്ദർശനത്തിന് യു.പി സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ രാഹുൽ ലക്‌ന‌ൗ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുലിന് സ്വീകരണവും ഒരുക്കിയിരുന്നു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ഛന്നി, കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. പൊലീസ് വാഹനത്തിൽ ലഖിംപൂരിലേക്ക് പോകണമെന്നുള്ള നിർദ്ദേശം രാഹുൽ തള്ളിയതോടെ സുരക്ഷാസേന വിമാനത്താവളത്തിൽ തടഞ്ഞു. അതോടെ രാഹുലും സംഘവും വിമാനത്താവളത്തിൽ ഒന്നരമണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് എസ്‌കോർട്ടോടെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ യു.പി പൊലീസ് അനുമതി നൽകി.

യു.പി. സർക്കാർ അറസ്റ്റ് ചെയ്ത് 48 മണിക്കൂറോളം കരുതൽ തടങ്കലിൽ പാർപ്പിച്ച ശേഷം മോചിപ്പിച്ച സഹോദരി പ്രിയങ്കയുമൊത്താണ് രാഹുൽ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ചത്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഞ്ചു പ്രതിനിധികൾക്ക് വീതം ലഖിംപൂർ സന്ദർശിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് യുപി അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസ്തി പറഞ്ഞു.

 യു.പിയിൽ ബി.ജെ.പി വിയർക്കുന്നു

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മാത്രം ബാക്കി നിൽക്കെ ലഖിംപൂർ ഖേഡിയിലെ കർഷകരുടെ കൂട്ടക്കൊല യു.പി സർക്കാരിനും ബി.ജെ.പിക്കും കീറാമുട്ടിയാകുന്നു. കർഷകരുടെ ഇടയിലേക്ക് കാർ ഓടിച്ചു കയറ്റിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ആണെന്ന കർഷകരുടെ പരാതിയിൽ മന്ത്രി പുത്രനെതിരെ കൊലക്കുറ്റം ചുമത്തിയെങ്കിലും അറസ്റ്റ് നടന്നിട്ടില്ല. സംഭവത്തിൽ മന്ത്രി അജയ് മിശ്ര രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യം.

സുപ്രീംകോടതി സ്വമേധയ കേസെടുക്കണം : കപിൽ സിബൽ

ലഖിംപൂർ കൂട്ടക്കൊലയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. യു ട്യൂബും സോഷ്യൽ മീഡിയയും ഒന്നുമില്ലാതിരുന്ന കാലം ഇവിടെയുണ്ടായിരുന്നു. അന്ന് പത്രങ്ങളിൽ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ശബ്ദമില്ലാതിരുന്നവരുടെ ശബ്ദത്തിന് അന്ന് കോടതി ചെവി കൊടുത്തിരുന്നുവെന്നും കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.