കീഴടങ്ങാതെ കഞ്ചാവ് മാഫിയ കച്ചവടം കൊഴുപ്പിക്കാൻ ഓഫർ

Wednesday 06 October 2021 10:46 PM IST

തിരുവനന്തപുരം : അയൽ സംസ്ഥാനങ്ങളിൽ നിന്ന് ക്വിന്റൽ കണക്കിന് കഞ്ചാവ് തലസ്ഥാനത്തെത്തിച്ച് വിതരണവും വിൽപ്പനയും നടത്തുന്ന മാഫിയകളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് തലസ്ഥാനജില്ല. പേയാട് ഒരു വീട്ടിൽ നിന്ന് 187 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എക്സൈസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പിടിക്കുന്തോറും പിടികൊടുക്കാത്ത വിധം തഴച്ചുവളരുകയാണ് ലഹരിയുടെ ലോകം. തിരുവനന്തപുരം നഗരത്തിലും പുറത്തുമായി തലസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ചെറുതും വലുതുമായ 450 ലധികം കേസുകളാണ് എക്സൈസും പൊലീസും രജിസ്റ്റർ ചെയ്തത്. 345 പേരാണ് വിവിധ കേസുകളിൽ അറസ്റ്റിലായത്. പത്ത് ക്വിന്റലിലധികം കഞ്ചാവ് പലസ്ഥലങ്ങളിൽ നിന്നായി പിടികൂടിയെങ്കിലും ജില്ലയിൽ കഞ്ചാവിന്റെ ഉപയോഗത്തിന് കുറവില്ല. 100 ഗ്രാം കഞ്ചാവ് വാങ്ങുന്നവർക്ക് 10 ഗ്രാം സൗജന്യമെന്ന ഓഫറിൽ വരെ വിൽപ്പന പൊടിപൊടിക്കുമ്പോൾ പൊലീസിന്റെയോ എക്സൈസിന്റെയോ നിയന്ത്രണങ്ങൾക്ക് അതീതമായി തഴച്ചുവളരുകയാണ് ക‍ഞ്ചാവ് മാഫിയ. ലഹരിയിൽ പുകഞ്ഞ് കിറുങ്ങുകയാണ് കൗമാരം.

കഞ്ചാവ് റൂട്ട്

ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. അമരവിള ,​ ആര്യങ്കാവ് ചെക്ക് പോസ്റ്റുകളും ഇടറോഡുകളും വഴിയാണ് ജില്ലയിലേക്ക് പ്രധാനമായും കഞ്ചാവ് എത്തുന്നത്. കമ്പം, തേനി പ്രദേശങ്ങളിൽ നിന്ന് കുമളി വഴി വടക്കൻ റൂട്ടുകളിൽ നിന്ന് കഞ്ചാവ് എത്തുന്നുണ്ട്. ആൾപ്പാർപ്പില്ലാത്ത കാട്ടുവഴികളിലൂടെ വരുന്നതിനാൽ ചെക്ക് പോസ്റ്റിനെ കടത്തുകാർക്ക് ഭയമില്ല.ട്രെയിനുകളിലൂടെയും ബസുകളിലൂടെയുമുള്ള കടത്ത് ‘സിനിമാറ്റി’ക്കാണ്. ട്രാവൽ ബാഗുകളിൽ നിറച്ച് ആളൊഴിഞ്ഞ സീറ്റുകളിൽ വയ്ക്കും. അൽപ്പം മാറിയാവും ഉടമസ്ഥർ ഇരിക്കുക. പൊലീസിന്റെയോ എക്സൈസിന്റെയോ പിടിയിലായില്ലെങ്കിൽ സാധനവുമായി ഇവർ കടക്കും.

യുവാക്കൾ കടത്തുകാർ

കഞ്ചാവുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും 18 മുതൽ 23 വ‌യസ്സുകാരാണ്. അയൽ സംസ്ഥാനങ്ങളിൽ പഠിക്കാനായി പോയവരും ഇതിൽ ഉൾപ്പെടുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ലഹരിക്കൊപ്പം പണവു‌ം ലഭിക്കുന്നതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രധാന കാരണം. ചിലർ മാഫിയയുടെ കണ്ണികളായി മാറുന്നു. ലോക്ക് ഡൗൺ മാറി ഇതരസംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ എത്തിത്തുടങ്ങിയതോടെ കഞ്ചാവിന്റെ വരവു കൂടി.

മാഫിയയും ഡിജിറ്റൽ

ആവശ്യക്കാരനുമായി നേരിട്ടായിരുന്നു മുമ്പ് ഇടപാടെങ്കിൽ ഇപ്പോൾ ഓൺലൈൻ വഴിയാണ് വിൽപ്പന. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ തുക കൈമാറിയ ശേഷം സാധനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയിക്കും. ആവശ്യക്കാരൻ നേരിട്ടുപോയി എടുക്കും. പിടിക്കപ്പെട്ടാൽ വാങ്ങിയ ആളിന് വിൽപനക്കാരനെക്കുറിച്ച് ഒരു വിവരവും നൽകാൻ കഴിയില്ല. അയൽ സംസ്ഥാനങ്ങളിൽ കിലോയ്ക്ക് 7000 രൂപ മുതൽ കഞ്ചാവ് ലഭിക്കുമെന്നാണ് എക്സൈസ് അധികൃതർ പറഞ്ഞത്. ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് വില കൂടും. ഇവിടെ എത്തുമ്പോൾ ചെറിയ പൊതികളിലാക്കി വിലകൂട്ടി വിൽക്കും.

ചികിത്സതേടുന്നവരുടെ

എണ്ണത്തിൽ വർദ്ധന

മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികളിലും ലഹരി മോചന ചികിത്സാ കേന്ദ്രങ്ങളിലും 2016 വരെ വർഷത്തിൽ ശരാശരി 450 കഞ്ചാവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അത് 600ന് മുകളിലാണ്. 30 ശതമാനത്തിന്റെ വർദ്ധന. ചികിത്സ തേടുന്നവരുടെ ശരാശരി പ്രായം 40ൽ നിന്ന് 32 ആയി താഴ്ന്നു. കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നവരുടെ ശരാശരി പ്രായം 2016ൽ 18മുതൽ 19 വയസ്സായിരുന്നു. എന്നാൽ ഇപ്പോഴത് 13 മുതൽ 14 ആണ്. ചികിത്സയ്ക്കായി ഇവിടെ പ്രവേശിപ്പിച്ചവർക്കു പോലും കഞ്ചാവ് എത്തിക്കാനുള്ള ശ്രമം മാഫിയ വഴി നടക്കാറുണ്ട്. മുമ്പ് നഗരങ്ങളെ കേന്ദ്രീകരിച്ചിരുന്ന ലഹരി മാഫിയയുടെ വിളയാട്ടമെങ്കിൽ ഇപ്പോൾ ഗ്രാമപ്രദേശങ്ങളുൾപ്പെടെ എല്ലായിടത്തുമായിട്ടുണ്ട്.

Advertisement
Advertisement