ട്രെയിനിൽ മയക്കുമരുന്ന് നൽകി കവർച്ച സ്വർണം കൊൽക്കത്തയിൽ വിറ്റതായി പ്രതികൾ

Wednesday 06 October 2021 10:50 PM IST

തിരുവനന്തപുരം: കുപ്പിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കവ‌ർച്ച ചെയ്ത സംഭവത്തിലെ സ്വർണം കൊൽക്കത്തയിൽ വിറ്റതായി പ്രതികളുടെ വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ കൊൽക്കത്ത സ്വദേശികളായ ഷൗക്കത്തലി (കയാം), എം.ഡി. കേയാം, സുബൈർ ക്വാദ്‌സി എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടി മുതൽ കൊൽക്കത്തയിലെ ജുവലറിയിൽ വിറ്റഴിച്ച വിവരം വെളിപ്പെട്ടത്. പതിനാറര പവൻ സ്വർണം മൂന്നരലക്ഷം രൂപയ്‌ക്കാണ് കൊൽക്കത്തയിൽ വിറ്റഴിച്ചത്. വിറ്റഴിച്ച സ്വർണം കണ്ടെത്തുന്നതിനും കൂടുതൽ തെളിവെടുക്കുന്നതിനും സംഘത്തിലെ കൂടുതൽ പേരെപ്പറ്റി അന്വേഷിക്കുന്നതിനുമായി ഇവരെ വരും ദിവസങ്ങളിൽ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. കവർച്ചയ്ക്ക് ശേഷം തൃശൂർ, കണ്ണൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ തങ്ങിയതായും ചോദ്യം ചെയ്യലിൽ പറഞ്ഞു. വധക്കേസിലുൾപ്പെടെ പ്രതിയായ ഷൗക്കത്തലിയാണ്‌ കവർച്ചയുടെ മുഖ്യസൂത്രധാരൻ. കൊൽക്കത്തയിലുൾപ്പെടെ സംഘത്തിനെതിരെ കവർച്ച കേസുണ്ട്‌. ഇവർക്ക്‌ ട്രെയിനിൽ സ്ഥിരം കവർച്ച നടത്തുന്ന കുപ്രസിദ്ധ കുറ്റവാളി അസ്‌ഗർ ബഗ്‌ഷയുമായി ബന്ധമില്ലെന്നാണ്‌ നിഗമനം. അസ്ഗർ ബഗ്ഷയെ രക്ഷിക്കാൻ വിവരങ്ങൾ ഇവർ മറച്ചുവയ്ക്കുകയാണോയെന്ന സംശയവും പൊലീസിനുണ്ട്. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ ശേഖരിച്ച് കവർച്ചാ സംഘത്തിലെ മുഴുവൻ പേരെയും പിടികൂടാനാണ് പൊലീസിന്റെ നീക്കം.ന്യൂഡൽഹി- തിരുവനന്തപുരം നിസാമുദ്ദീൻ എക്‌സ്‌പ്രസിൽ സെപ്‌തംബർ 12നാണ് കവർച്ച നടന്നത്. തിരുവല്ല സ്വദേശിനി വിജയലക്ഷ്‌മി, മകൾ അഞ്‌ജലി, കോയമ്പത്തൂർ സ്വദേശിനി കൗസല്യ എന്നിവരാണ്‌ കവർച്ചയ്‌ക്കിരയായത്‌.