സി.പി.എമ്മിന് തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം

Thursday 07 October 2021 12:11 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എ.കെ.ജി സെന്ററിന് എതിർവശത്തായി പാർട്ടിക്ക് പുതിയ ആസ്ഥാന മന്ദിരം പണിയും. ഇതിനായി 31.95 സെന്റ് സ്ഥലം പാർട്ടി വില കൊടുത്തു വാങ്ങി. 6.4 കോടി രൂപ പ്രമാണത്തിൽ രേഖപ്പെടുത്തിയാണ് ഇടപാട്.

എ.കെ.ജി സെന്റർ മന്ദിരം എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. അവിടെയാണ് പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസും പ്രവർത്തിക്കുന്നത്. പാർട്ടിയുടെ പേരിൽ തന്നെ പുതുതായി വാങ്ങിയ സ്ഥലത്ത് ആസ്ഥാന മന്ദിര നിർമ്മാണം ഉടൻ ആരംഭിച്ചേക്കും.

പാർട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന്റെ പേരിലാണ് തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ 2391/2021 നമ്പറിൽ കഴിഞ്ഞ മാസം 25ന് സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75. റീസർവ്വേ നമ്പർ 28. മൊത്തം 34 പേരിൽ നിന്നായാണ് സ്ഥലം വാങ്ങിയത്. എ.കെ.ജി സെന്ററിലായിരുന്നു രജിസ്ട്രേഷൻ നടപടികൾ. പാർട്ടി സമ്മേളനം ഔദ്യോഗികമായി തിരഞ്ഞെടുത്ത സെക്രട്ടറിയെന്ന നിലയിൽ കോടിയേരിയുടെ പേരാണ് പാർട്ടി രേഖകളിൽ . അദ്ദേഹം അനാരോഗ്യം കാരണം അവധിയെടുത്തതിനാലാണ് , പകരം ആക്ടിംഗ് സെക്രട്ടറിയായി എ. വിജയരാഘവൻ പ്രവർത്തിച്ചു വരുന്നത്.

എ.കെ.ജി സെന്ററിന് മുന്നിൽ നിന്ന് എം.ജി റോഡിലെ സ്പെൻസർ ജംഗ്ഷനിലേക്കുള്ള ഡോ.എൻ.എസ്. വാരിയർ റോഡിന്റെ വശത്താണ് പുതിയ സ്ഥലം. പാർട്ടി നേതാക്കൾ താമസിക്കുന്ന ഫ്ലാറ്റും ഇതിനടുത്താണ്. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ, 1977ലാണ് എ.കെ.ജി സെന്ററിനായി കേരള സർവ്വകലാശാലാ വളപ്പിലെ 34.4 സെന്റ് സ്ഥലം പതിച്ചു നൽകിയത്.