മുട്ടിൽ മരംമുറി: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Thursday 07 October 2021 12:17 AM IST

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.സമീറിനെ പാലക്കാട് വാളയാർ ട്രെയ്‌നിംഗ് സ്‌കൂളിലേക്ക് മാറ്റി. ഡി.ഹരിലാലിനാണ് ഇവിടെ പകരം നിയമനം. സമീർ ഉൾപ്പെടെ 6 പേർക്കാണ് സ്ഥലംമാറ്റം. മുട്ടിൽ കേസ് അന്വേഷണോദ്യോഗസ്ഥരായ ഫ്ലയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ ഒ.പി.ധനേഷ് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.വി ബെന്നി എന്നിവരെ നേരത്തെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്നിരിക്കെ, സമീറിന്റെ സ്ഥലംമാറ്റം സാധാരണ നടപടി മാത്രമാണെന്നാണ് വിശദീകരണം. സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നതായി സമീറും പറഞ്ഞു.