എൻമകജെയും സഭയുടെ വേദനകളും

Thursday 07 October 2021 12:35 AM IST

"തിളക്കമുറ്റ കണ്ണുകളോടെ ചുറ്രും നോക്കി ഗംഭീരസ്വരത്തിൽ കഴുത പറഞ്ഞു. 'എല്ലാവരും കേൾക്കണം. എനിക്ക് പറയാനുണ്ട്, പ്രധാനപ്പെട്ട ചില കാര്യങ്ങൾ.' സ്ത്രീയും പുരുഷനും മാത്രമല്ല, സർവചരാചരങ്ങളും ശ്രദ്ധാലുക്കളായി "- ഡോ. അംബികാസുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ അവസാനിക്കുന്നതിങ്ങനെയാണ്.

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ കദനകഥ കേൾക്കുമ്പോൾ, എൻമകജെ നോവലിലെ ഗുഹയ്ക്കകത്തെത്തിയ ജീവജാലങ്ങളെപ്പോലെ, നിയമസഭയിലെ സർവസാമാജികരും 'സഭാഗുഹ'യ്ക്കകത്ത് ശ്രദ്ധാലുക്കളാകാറുണ്ട്. ദുരിതബാധിതരോട് സഹാനുഭൂതി പ്രകടിപ്പിക്കാൻ എല്ലാവരും മത്സരിക്കുന്നത് പോലെ. പക്ഷേ കാര്യത്തോടടുക്കുമ്പോൾ ആശ്വാസവഞ്ചി എൻമകജെയിലോ ഏറിപ്പോയാൽ കാസർകോട് ടൗണിലോ തന്നെ!

ദുരിതബാധിതരുടെ കണ്ണീർ ഇന്നലെയും സഭയിലുയർന്നു. കാസർകോട് അംഗം എൻ.എ. നെല്ലിക്കുന്ന് ഗംഭീരമായി വിഷയമവതരിപ്പിച്ചു. അതിനേക്കാൾ ഗംഭീരമായി സാമൂഹ്യനീതി മന്ത്രി ആർ.ബിന്ദു മറുപടിയും നൽകി. ഒടുവിൽ പ്രതിപക്ഷനേതാവിന്റെ വികാരവിക്ഷുബ്ധമായ പ്രസംഗവുമുണ്ടായി. ദുരിതബാധിതർ ഇന്നലെയും സെക്രട്ടേറിയറ്റ് നടയിൽ സമരമിരിക്കാനെത്തിയത് അദ്ദേഹം ഓർമ്മിപ്പിച്ചു. അവരെ സഹായിക്കാനുള്ള ദൗത്യം ഉദ്യോഗസ്ഥരുടെ കൈകളിലേക്കിട്ട് കൊടുക്കാത്ത സാമൂഹ്യപ്രതിബദ്ധതയാണ് അദ്ദേഹം സർക്കാരിനോടാവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നിലപാടറിയാൻ ആഗ്രഹിച്ച് അദ്ദേഹം വാക്കൗട്ട് നടത്താതെ ഇരുന്നെങ്കിലും മുഖ്യമന്ത്രി മൗനം പാലിച്ചതേയുള്ളൂ. അദ്ദേഹം ഇനിയിടപെടുമായിരിക്കും എന്നാശ്വസിക്കുക.

അംബികാസുതൻ മാങ്ങാടിന്റെ 'എൻമകജെ' നോവൽ ശൂന്യവേളയിൽ സംവാദത്തിന്റെ കേന്ദ്രബിന്ദുവാകാൻ നിമിത്തമായത് എൻ.എ. നെല്ലിക്കുന്നിന്റെ അവതരണമാണ്. നെല്ലിക്കുന്ന് പഴിച്ചത് മുഴുവൻ കാസർകോട്ടെ മുൻ കളക്ടറെയാണ്. മുൻ കളക്ടർ ദുരിതബാധിതരെയാകെ പുച്ഛത്തോടെ കണ്ടതിലദ്ദേഹം സങ്കടപ്പെട്ടു. മുൻകളക്ടർ മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ എൻമകജെ നോവലിനെ അപഹസിച്ചത് നെല്ലിക്കുന്നിനെ വേദനിപ്പിച്ചു. "സംഘപരിവാറും കോർപ്പറേറ്റ് രാഷ്ട്രീയവും എന്ന പുസ്തകമെഴുതിയ അങ്ങയെ, എം.ബി.രാജേഷ് കോർപ്പറേറ്റ് രാഷ്ട്രീയത്തെ വിറ്റ് കാശാക്കുന്നയാളെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ, സാർ?"- നെല്ലിക്കുന്ന് സ്പീക്കറോടായി ചോദിച്ചു.

നെല്ലിക്കുന്നിന്റെ ഭാവപ്രകടനം മന്ത്രി ബിന്ദുടീച്ചറിലും 'ഹാങ് ഓവർ' സൃഷ്ടിച്ചു! "വളരെ മൂർത്തമായ നിലയിൽത്തന്നെ ഇരകളാക്കപ്പെട്ടവരുടെ സങ്കടവും കണ്ണീരും ഹൃദയമിടിപ്പുകളുമെല്ലാം ഏറ്റെടുത്ത പ്രസ്ഥാനത്തിന്റെ പ്രതിനിധികളാണ് അധികാരത്തിലിരിക്കുന്നത് എന്നതിനാൽ അവർക്കാശ്വാസമെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, സാർ"- മന്ത്രി പറഞ്ഞുനിറുത്തി.

എൻഡോസൾഫാൻ ദുരിതബാധിതർ പൈങ്കിളിനോവലിലെ കഥാപാത്രങ്ങളെപ്പോലെയാണെന്ന് പറഞ്ഞ മുൻ കളക്ടർ സർക്കാരിന്റെ പ്രതിനിധിയോ, അതോ കീടനാശിനി കമ്പനിയുടെ ഏജന്റോ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം.

വിദ്യാഭ്യാസവകുപ്പിലെ ചുരുങ്ങിയ കാലത്തെ അനുഭവം മന്ത്രി ശിവൻകുട്ടിയിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെപ്പറ്റി ചിന്തയുണർത്തിയിരിക്കുന്നു. "എങ്ങനെ നാട്ടുകാരെ ബുദ്ധിമുട്ടിലാക്കാമെന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥർ വിരളമായെങ്കിലും ഉണ്ട്, സാർ"- സ്കൂൾ തുറക്കാനൊരുങ്ങവേ, വീടിനടുത്തുള്ള സ്കൂളിലേക്ക് ടി.സി വാങ്ങിപ്പോകാനാഗ്രഹിക്കുന്ന രക്ഷിതാക്കളുടെ പ്രശ്നമുയർത്തി എ.എൻ. ഷംസീറിന്റെ ഉപേക്ഷപത്തിനുള്ള മറുപടിക്കിടെ മന്ത്രി പറഞ്ഞു.

വ്യവസായനിക്ഷേപങ്ങൾ എളുപ്പമാക്കാനുള്ള സൂക്ഷ്മ-ചെറുകിട- ഇടത്തരം വ്യവസായസ്ഥാപനങ്ങൾ സുഗമമാക്കൽ ഭേദഗതി ബില്ലുൾപ്പെടെ ഇന്നലെ സഭയിലെത്തിയത് നാല് ബില്ലുകൾ. കഴിഞ്ഞ രണ്ട് ദിവസവും രാത്രിയോളം നീണ്ട ചർച്ചകൾ ആവർത്തിക്കാതിരിക്കാൻ സ്പീക്കർ ഉപായം നിർദ്ദേശിച്ചു: "ബിൽചർച്ചയ്ക്ക് സമയപരിധിയില്ലെങ്കിലും ഒരാൾ 12 മിനിറ്റ് വീതമെടുത്താൽ ഇരുട്ടും മുൻപേ തീർക്കാം. പ്രസംഗത്തിന്റെ ഒഴുക്കിനെ ബാധിക്കാതിരിക്കാൻ സംശയങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നത് ഒഴിവാക്കാം."

സാമാജികരുടെ മൗനം സമ്മതമെന്ന് തോന്നിയെങ്കിലും കാര്യത്തോടടുത്തപ്പോൾ സംഗതി പഴയ ചാക്കായി. ആദ്യബില്ലിന് നിരാകരണപ്രമേയമവതരിപ്പിച്ച എൻ. ഷംസുദ്ദീൻ വർഗീയത, മതനിരപേക്ഷതയുടെ തകർച്ച, കർഷകസമരം, പൗരത്വപ്രശ്നം, മോൻസൻ തട്ടിപ്പ്, ബെഹ്റ വിഷയങ്ങളെല്ലാം കടന്ന് ബില്ലിലേക്കെത്തിയപ്പോഴേക്കും 12 മിനിറ്റിന്റെ ബെൽ മുഴങ്ങിക്കഴിഞ്ഞു. മൂന്ന്,നാല് സംശയങ്ങൾക്ക് വഴങ്ങി പ്രസംഗമവസാനിച്ചപ്പോൾ 20 മിനിറ്റ്. കൊമ്പൻ പോയ വഴിയേ മോഴയുമെന്ന മട്ടിൽ പിന്നാലെയെത്തിയവരും നീങ്ങിയപ്പോൾ സമയമൊരു വഴിക്ക് !

Advertisement
Advertisement