സവാള വില ഉയരുന്നു,ഇങ്ങനെ കരയിപ്പിക്കല്ലേ !

Friday 08 October 2021 12:00 AM IST

കോട്ടയം : ഒന്നരയാഴ്ചയ്ക്കിടെ സവാളയ്ക്ക് വർദ്ധിച്ചത് ഇരട്ടിവില. 20 - 25 രൂപ വിലയുണ്ടായിരുന്ന സവാളയ്ക്ക് ജില്ലയിൽ ഇപ്പോൾ 43, 44, 48, 50 എന്നിങ്ങനെയാണ് ഹോൾ സെയിൽ ആൻഡ് റീട്ടെയ്ൽ വില. എറണാകുളം, കോഴിക്കോട് ജില്ലകളിൽ 46-48, 38-43 എന്നിങ്ങനെയാണ് വില. മഹാരാഷ്ട്രയിലെ നാസികിൽ നിന്നാണ് പ്രധാനമായും സവാളയും, ഉള്ളിയും കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളിൽ പെയ്യുന്ന മഴയാണ് വില വർദ്ധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. 2019 ൽ ഉള്ളിയ്ക്ക് 150 രൂപ വരെ വില ഉയർന്നിരുന്നു. ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ഉള്ളിയുടെ വിളവെടുപ്പ് നടക്കുന്നത്. എന്നാൽ, പ്രതികൂല കാലാവസ്ഥ വിളവ് മോശമാകുന്നതിന് ഇടയാക്കി. മഹാരാഷ്ട്രയിൽ സവാളയുടെ വില ഒരാഴ്ച മുൻപ് 16 രൂപയായിരുന്നു. ഇപ്പോൾ 23. ഹോർട്ടികോർപ്പിൽ ഉൾപ്പെടെ സവാള ക്ഷാമം രൂക്ഷമാണ്.

തട്ടുകടകളിൽ സവാള ഔട്ട് !

തട്ടുകടകളിൽ സവാള ഉത്പന്നങ്ങളുടെ നിർമ്മാണം കുറച്ചു. ചെറിയ ഉള്ളിയുടെ വിലയിലും മാറ്റം സംഭവിച്ചിട്ടുണ്ട്. 60 രൂപയാണ് ചെറിയ ഉള്ളിയുടെ ഹോൾസെയിൽ വില. സവാളയുടെ ലഭ്യതക്കുറവും പ്രതികൂല കാലാവസ്ഥയും മുൻനിർത്തി ഇടനിലക്കാരാണ് കരിഞ്ചന്തയിൽ വില വർദ്ധിപ്പിക്കുന്നത്. വില ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

തട്ടുകടയിലേക്ക് ആവശ്യമായ സവാള ഹോൾസെയിലാണ് എടുത്തിരുന്നത്. സവാളയുടെയ വില വർദ്ധിച്ചതോടെ ഇപ്പോൾ ഉള്ളിവട നിർമ്മാണം നിറുത്തിവച്ചിരിക്കുകയാണ്. സവാള വിലയ്‌ക്കൊപ്പം പാചകവാതക വില വർദ്ധിച്ചതും ഇരുട്ടടിയായി.

ചന്ദ്രൻ, തട്ടുകട വ്യാപാരി

Advertisement
Advertisement