കേരളത്തിൽ മാർക്ക് ജിഹാദെന്ന്​ ഡൽഹി സർവകലാശാല പ്രൊഫസർ

Friday 08 October 2021 12:55 AM IST

ന്യൂഡൽഹി: കേരളത്തിൽ മാർക്ക് ജിഹാദ് നടക്കുന്നുവെന്നാരോപിച്ച് ഡൽഹി സർവകലാശാല അദ്ധ്യാപകൻ വിവാദത്തിൽ. ഡൽഹി കിരൊരി കോളേജിലെ ഫിസിക്സ് പ്രൊഫസറും ആർ.എസ്.എസ് ബന്ധമുള്ള അദ്ധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുൻ പ്രസിഡന്റുമായ രാകേഷ് കുമാർ പാണ്ഡെ സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ആരോപണമുന്നയിച്ചത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾ ഇത്തവണ ആദ്യത്തെ കട്ട്ഓഫിൽ തന്നെ ഡൽഹി സർവകലാശാലയിൽ പ്രവേശനം നേടിയതാണ് രാകേഷ് കുമാറിനെ ചൊടിപ്പിച്ചത്.

'കേരളത്തിൽ നിന്നും ഡൽഹി സർവകലാശാലയിൽ കൂടുതൽ അപേക്ഷകൾ വന്നത് അസ്വാഭാവികം. കേരളത്തിൽ ലൗ ജിഹാദ് ഉള്ളതുപോലെ മാർക്ക് ജിഹാദുമുണ്ട്. ഇടതുപക്ഷം ജെ.എൻ.യുവിൽ പരീക്ഷിച്ച നടപടി ഡൽഹി സർവകലാശാലയിലും നടപ്പാക്കുന്നു. ഓൺലൈൻ പരീക്ഷയായതിനാൽ കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് 100 ശതമാനം മാർക്ക് കിട്ടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാർത്ഥികൾ സംസ്ഥാന ബോർഡ് പരീക്ഷകളിൽ 100 ശതമാനം മാർക്ക് നേടുന്നത് ഗൂഢ പദ്ധതിയുടെ ഭാഗമാണ്. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാനറിയില്ല.' -രാകേഷ് കുമാർപാണ്ഡെ 'കേരളത്തിൽ മാർക്ക് ജിഹാദ്' എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ആരോപിച്ചു.
ഡൽഹി സർവകലാശാല ഡിഗ്രി പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് അദ്ധ്യാപകന്റെ വിവാദ പരാമർശം. ഇതിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളും അദ്ധ്യാപക സംഘടനകളും രംഗത്തെത്തി.

Advertisement
Advertisement