രാജസ്ഥാനിലും ഉത്ര മോഡൽ കൊലപാതകം, പാമ്പിനെ ഉപയോഗിച്ചുള്ള കൊല ട്രെൻഡെന്ന് സുപ്രീംകോടതി

Friday 08 October 2021 12:06 AM IST

ന്യൂഡൽഹി: വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചുള്ള കൊലപാതകങ്ങൾ പുതിയ ട്രെൻഡായി മാറുകയാണെന്ന് സുപ്രീംകോടതി.

രാജസ്ഥാനിൽ സ്ത്രീയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നിഷേധിക്കവെയാണ് കോടതിയുടെ പരാമർശം.

ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പാമ്പാട്ടികളിൽ നിന്ന് വിഷമുള്ള പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെൻഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ രാജസ്ഥാനിൽ സാധാരണമായിരിക്കുകയാണെന്നും ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവമാണ് രാജസ്ഥാനിൽ നടന്നതും. 2019 ജൂൺ രണ്ടിനാണ് രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ സുബോദ ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. സുബോദ ദേവിയുടെ മരുമകൾ അല്പന, കാമുകനായ മനീഷ്, സുഹൃത്ത് കൃഷ്ണകുമാർ എന്നിവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

2018 ഡിസംബർ 18നാണ് സുബോദ ദേവിയുടെ മകനായ സച്ചിനും അല്പനയും വിവാഹിതരാകുന്നത്. സച്ചിൻ സൈന്യത്തിലായതിനാൽ അല്പനയും സുബോദ ദേവിയും മാത്രമാണ് ജുൻജുനുവിലെ വീട്ടിൽ താമസിച്ചിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും സൈനികനാണ്. ഭർത്താവ് രാജേഷും ജോലിയാവശ്യാർർത്ഥം മറ്റൊരിടത്തായിരുന്നു താമസം. ഇതിനിടെ ജയ്‌പുർ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലായി. ഇക്കാര്യം സുബോദാദേവി മനസിലാക്കിയെന്നറിഞ്ഞ കമിതാക്കൾ, സുഹൃത്ത് കൃഷ്ണകുമാറിന്റെ സഹായത്തോടെ പാമ്പിനെ കൊണ്ട് സുബോദയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതൽ മൂന്ന് പ്രതികളും ജയിലിലാണ്. ഇതിനിടെയാണ് കൃഷ്ണകുമാർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.

Advertisement
Advertisement