അംബേദ്കർ ഗ്രാമത്തിൽ വൈദുതി എത്താത്തത് വിദ്യാർത്ഥികളെ വലയ്ക്കുന്നു
മുടപുരം: അഴൂർ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡിലെ കെ.കെ വനം ശാസ്തവട്ടം ചേടിപ്പുറം അംബേദ്‌കർ സമത്വ ഗ്രാമത്തിൽ വൈദ്യുതി എത്താത്തത് വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു. അനേക വർഷങ്ങളായി ഈ പ്രദേശത്ത് കുടിൽ കെട്ടി താമസിക്കുന്ന പിന്നോക്കാവസ്ഥയിലുള്ള 28ൽപ്പരം കുടുംബങ്ങളാണ് ഇവിടെയുള്ളത്.
സർക്കാർ പുറമ്പോക്കിൽ താമസിക്കുന്ന ഇവർ വിവിധ വകുപ്പുകൾക്ക് അപേക്ഷ നൽകിയിട്ടും ഇതുവരെ അനുകൂലമായ നടപടിയുണ്ടായിട്ടില്ല.
അർഹരായ ഭൂരഹിതർക്ക് ഭൂമി പതിച്ചു നൽകാത്തതിൽ ഇവർക്ക് പ്രതിഷേധമുണ്ട്. ഭൂമി പതിച്ച് നൽകിയില്ലെങ്കിലും ഈ ഗ്രാമത്തിലെ കുടിലുകൾക്ക് താത്കാലികമായെങ്കിലും വൈദ്യുതി കണക്‌ഷൻ നൽകണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അപേക്ഷിക്കുന്നത്.
പ്രൈമറി തലം മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർത്ഥികൾ മെഴുകുതിരി വെളിച്ചത്തിന്റെയും മണ്ണെണ്ണ വിളക്കിന്റെയും വെട്ടത്തിലാണ് പഠിക്കുന്നത്.
എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ പഠനത്തിന് ഏറെ പ്രാധാന്യം ഉള്ളപ്പോൾ വീടുകളിൽ വൈദ്യുതി ഇല്ലാത്തതിനാൽ സ്മാർട്ട്ഫോൺ, സ്വന്തം വീട്ടിൽ ഇരുന്ന് ഉപയോഗിക്കാൻ പലപ്പോഴും കുട്ടികൾക്ക് കഴിയുന്നില്ല. ഗ്രാമത്തിന് പുറത്തുള്ള വീടുകളിൽ പോയിരുന്ന് വൈദ്യുതി ചാർജ് ചെയ്ത് വേണം ഭാഗികമായെങ്കിലും മൊബൈൽ ഉപയോഗിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നത്. ഇവിടത്തെ വീടുകൾക്ക് റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് ഐ.ഡി കാർഡ് തുടങ്ങിയവ ഉണ്ടായിട്ടും വൈദ്യുതി കണക്ഷൻ താൽക്കാലികമായെങ്കിലും നൽകാൻ അധികൃതർ തയ്യാറാവുന്നില്ല.