സഹാനുഭൂതി കാണിക്കണം

Friday 08 October 2021 12:00 AM IST

എൻഡോസൾഫാൻ ദുരന്തത്തിനിരയായ കുടുംബങ്ങൾ സഹായവും നീതിയും തേടി ഒരിക്കൽക്കൂടി ഭരണസിരാകേന്ദ്രത്തിന്റെ പടിവാതിലിൽ എത്തിയിരിക്കുകയാണ്. കാണുന്നവരുടെയെല്ലാം കണ്ണുകൾ നനയിക്കുന്ന അവരുടെ ദൈന്യതയ്ക്കു മുന്നിൽ സർക്കാർ എന്നേ കണ്ണുതുറക്കേണ്ടതായിരുന്നു. പരസഹായം കൂടാതെ നിന്നിടത്തുനിന്നു ചലിക്കാൻ പോലുമാകാത്തവർ അക്കൂട്ടത്തിലുണ്ട്. മുൻപ് ഇതുപോലുള്ള സഹനസമരം നടന്ന ഓരോ ഘട്ടത്തിലും പ്രശ്നപരിഹാരം ഉറപ്പാക്കിയാണ് ദുരന്തബാധിതരെ കാസർകോട്ടേയ്ക്ക് അധികൃതർ തിരിച്ചയച്ചത്. എന്നാൽ വർഷങ്ങൾ കടന്നുപോയിട്ടും വാഗ്ദാനങ്ങളിൽ പലതും നടപ്പായില്ലെന്ന വേദനാജനകമായ യാഥാർത്ഥ്യം വീണ്ടും തെളിയുകയാണ്. നാലുവർഷം മുൻപ് സുപ്രീംകോടതി കല്പിച്ച നഷ്ടപരിഹാരം പോലും ലഭിക്കാത്ത അനവധി പേർ ദുരന്തബാധിതരുടെ കൂട്ടത്തിലുണ്ടെന്ന വെളിപ്പെടുത്തൽ മാനുഷിക പ്രശ്നങ്ങൾ എത്ര ലാഘവത്തോടെയാണ് ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. പ്രതിപക്ഷ നേതാവ് ബുധനാഴ്ച നിയമസഭയിൽ നടത്തിയ പ്രസ്താവനയനുസരിച്ച് മൂവായിരത്തി എഴുന്നൂറിലധികം പേർക്ക് ഇനിയും കോടതി കല്പിച്ച അഞ്ചുലക്ഷം രൂപ ലഭിക്കാനുണ്ട്. നഷ്ടപരിഹാരത്തുക മാത്രമല്ല, മുൻ ഒത്തുതീർപ്പു കരാറിലെ വേറെയും കാര്യങ്ങൾ ശേഷിക്കുകയാണ്. തീർത്തും അനുകമ്പാപൂർണമായ മനുഷ്യാവസ്ഥയിൽ കഴിയുന്ന എൻഡോസൾഫാൻ ബാധിതരെ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരിക്കൽക്കൂടി വലിച്ചിഴയ്ക്കരുതായിരുന്നു. ദുരിതബാധിതർക്കു വേണ്ടി സർക്കാർ ഇതിനകം ചെയ്ത നല്ലകാര്യങ്ങൾ സാമൂഹ്യക്ഷേമവകുപ്പുമന്ത്രി നിയമസഭയിൽ അക്കമിട്ട് വിശദീകരിക്കുകയുണ്ടായി. അതിൽ ആർക്കും തർക്കവുമില്ല. എന്നാൽ ചെയ്യാൻ ഇനിയും കാര്യങ്ങളുള്ളതു കൊണ്ടാകണമല്ലോ നീതിതേടി അവർ സെക്രട്ടേറിയറ്റ് പടിക്കലേക്കു നീങ്ങിയത്. ശേഷിക്കുന്നവർക്കു കൂടി പരമോന്നത കോടതി നിശ്ചയിച്ച നഷ്ടപരിഹാരം നൽകാൻ ഖജനാവ് അപ്പാടെ കാലിയാക്കേണ്ടിവരില്ല. അതുപോലെ പ്രഖ്യാപിക്കപ്പെട്ട പുനരധിവാസ പദ്ധതിയും ചികിത്സാ സൗകര്യങ്ങളും മറ്റു ക്ഷേമകാര്യങ്ങളും നടപ്പിലാക്കാനും സർക്കാർ മനസുവച്ചാൽ സാധിക്കും. കീടനാശിനി കമ്പനി സൃഷ്ടിച്ച ഈ മഹാദുരന്തം മറ്റു പരിഷ്‌കൃത രാജ്യത്തെങ്ങാനുമാണ് നടന്നിരുന്നതെങ്കിൽ നഷ്ടപരിഹാരം കൊടുത്തുതീർക്കാൻ സർക്കാർ പെടാപ്പാടുപെട്ടേനെ. കശുമാവിൻ തോട്ടങ്ങളിൽ അമിതതോതിൽ മാരകമായ എൻഡോസൾഫാൻ പ്രയോഗം നടത്തി അനവധി പേരെ ജീവിതാന്ത്യം വരെ രോഗികളാക്കി മാറ്റിയ കൊടുംദുരന്തത്തിന് വർഷങ്ങളേറെ കഴിഞ്ഞിട്ടും ശമനമായില്ല. തലമുറകളിലേക്കും അതു നീളുകയാണ്. എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളുമായി കഴിയുന്ന ആ കുടുംബങ്ങളുടെ ജീവിതം ഭദ്രമാക്കാനുള്ള ദൗത്യം നിർവഹിക്കേണ്ടത് സർക്കാർ തന്നെയാണ്. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടി രൂപീകരിക്കപ്പെട്ട സമിതി മാസങ്ങളായി പ്രവർത്തിക്കുന്നില്ല. നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ ലിസ്റ്റിൽ അനവധി അനർഹരുണ്ടെന്നു ചൂണ്ടിക്കാട്ടി അത് തടഞ്ഞുവച്ച ജില്ലാ കളക്ടറും ഫലത്തിൽ ഇരകളോട് അനുഭാവമല്ല കാണിച്ചത്. മൂന്നുവട്ടം പരിശോധനകൾക്കു ശേഷം തയ്യാറാക്കിയ ലിസ്റ്റാണ് കളക്ടർ തടഞ്ഞുവച്ചത്.

സർക്കാരിന് അനായാസം ചെയ്യാവുന്ന കാര്യങ്ങളേ ഇപ്പോഴും എൻഡോസൾഫാൻ ദുരന്തബാധിതർ ആവശ്യപ്പെടുന്നുള്ളൂ. ഭരണസിരാകേന്ദ്രത്തിനു മുമ്പിലെ ദുരിതക്കാഴ്ച നീട്ടിക്കൊണ്ടു പോകാതെ എത്രയും വേഗം ഒത്തുതീർപ്പുണ്ടാക്കണം.

Advertisement
Advertisement