വരുമാനപരിധി എങ്ങനെ എട്ട് ലക്ഷമാക്കും? സാമ്പത്തിക സംവരണത്തിൽ സുപ്രീംകോടതി

Friday 08 October 2021 12:32 AM IST

സമുദായ സംവരണത്തിന്റെ അതേ അളവുകോൽ ബാധകമാക്കാനാവില്ല

ന്യൂഡൽഹി : സാമ്പത്തിക സംവരണത്തിനുള്ള വാർഷിക കുടുംബ വരുമാനപരിധി എങ്ങനെ എട്ട് ലക്ഷമായി ഉയർത്താനാവുമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു.

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ അഖിലേന്ത്യാ ക്വാട്ടയിൽ (നീറ്റ്) 27 ശതമാനം ഒ.ബി.സി സംവരണവും പത്ത് ശതമാനം സാമ്പത്തിക സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിന്മേലാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്,​ വിക്രംനാഥ്,​ ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ചോദ്യം.

സാമ്പത്തിക സംവരണം സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഒ.ബി.സി സംവരണത്തിനുള്ള ക്രീമിലെയറിന് സമാനമായി എട്ട് ലക്ഷം രൂപയാണ് ഇതിനും വാർഷിക വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളതെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ കെ.എം. നട്‌രാജ് വാദിച്ചു. എന്നാൽ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള അതേ വരുമാനപരിധി, അതല്ലാത്ത വിഭാഗങ്ങൾക്കും ഏർപ്പെടുത്തുന്നത് എങ്ങനെ ശരിയാവുമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഒരേ അളവുകോലിൽ വ്യത്യസ്ത സംവരണം ലഭ്യമാക്കുന്നത് ഉചിതമാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പിന്നാക്കാവസ്ഥ പൂർണ്ണമായും

എടുത്ത് മാറ്റിയോ?​

” നിങ്ങൾ (കേന്ദ്ര സർക്കാർ) വരുമാനം മാത്രമാണോ സംവരണത്തിനായി പരിഗണിക്കുന്നത്?. ഇതേ സംവരണ അളവുകോൽ നിങ്ങൾ എസ്.ഇ.ബി.സിയിലും പരീക്ഷിക്കുമോ?​ ഒ.ബി.സി ക്രീമിലെയറിൽപ്പെടാനുള്ള ഏക വ്യവസ്ഥ സാമ്പത്തികം മാത്രമാണോ?​ രാജ്യത്തെ പിന്നാക്കാവസ്ഥ പൂർണ്ണമായും എടുത്ത് മാറ്റിയോ?​ ഒരേ അളവുകോലിൽ രാജ്യത്തെ വിവിധ വിഭാഗങ്ങളിലെ സംവരണം നടപ്പാക്കാനാവുമോ?. ഉദാഹരണത്തിന്, അഭിഭാഷകരെ ജഡ്ജിമാരായി പരിഗണിക്കുമ്പോൾ അവരുടെ സാമ്പത്തികനില കൂടി പരിശോധിക്കും. മുംബയിലെയും യു.പിയിലെയും അഭിഭാഷകരെ ഒരേ സാമ്പത്തിക അളവുകോലിൽ പരിഗണിക്കാനാകില്ല. ഒരിടത്ത് കോർപ്പറേറ്റ് ഹർജിക്കാർ ഒരുപാടുണ്ടെങ്കിൽ മറ്റൊരിടത്ത് അതില്ലായിരിക്കും. ​അങ്ങനെയിരിക്കെ, രാജ്യത്താകെ സാമ്പത്തിക സംവരണത്തിനും 8 ലക്ഷം വാർഷിക വരുമാന പരിധിയായി നിശ്ചയിക്കുന്നതെങ്ങനെ?. ആരാണ് ഈ വിഷയത്തിൽ പഠനം നടത്തിയത്? ​സർക്കാരിന്റെ നയമെന്നുപറഞ്ഞ് ഒഴിയാനാകില്ല.സാമ്പത്തിക സംവരണത്തിന് ഭരണഘടന ഭേദഗതിയുണ്ട്-” ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തിലെ ഭരണഘടനാ പ്രശ്നങ്ങൾ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ഇത്തരം വിഷയങ്ങളിൽ സാമൂഹിക ക്ഷേമ മന്ത്രാലയമാണ് ഉത്തരം നൽകേണ്ടതെന്നും അഡി. സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സമയവും ആവശ്യപ്പെട്ടു. കേസിൽ 22ന് വീണ്ടും വാദം കേൾക്കും.

Advertisement
Advertisement