ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാം

Friday 08 October 2021 1:07 AM IST

₹കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ എതിർവാദം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പരിസ്ഥിതി വിഷയങ്ങളിൽ പത്രവാർത്തയുടേയും കത്തിന്റെയും അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനെതിരായ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെയും ക്വാറി ഉടമകളുടെയും എതിർവാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

മുംബയ് മുനിസിപ്പൽ കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണത്തിനെതിരെ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെടുത്ത കേസ്, പാലക്കാട് ജില്ലയിൽ കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട് ദൂരപരിധി വർദ്ധിപ്പിച്ച കേസ് തുടങ്ങി ഹരിത ട്രൈബ്യൂണലിനെതിരെ ഒരുകൂട്ടം പരാതികളാണ് സുപ്രീംകോടതിയിലുള്ളത്.

പരിസ്ഥിതി വിഷയങ്ങളിൽ വിശാലമായ അധികാരമുണ്ടെങ്കിലും, സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്നായിരുന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും അമിക്കസ് ക്യൂറിയും, കേരള സർക്കാരും കോടതിയിൽ സ്വീകരിച്ച നിലപാട്. ഇത് സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ, കേരളത്തിലെ ക്വാറി ദൂരപരിധി ഉയർത്തിയതിനെതിരായ ഹർജികൾ കോടതി പരിഗണിക്കും.

പാലക്കാട് ജില്ലയിലെ കരിങ്കൽ ക്വാറിക്കെതിരെ സ്വമേധയാ എടുത്ത കേസിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ദൂരപരിധി 50ൽ നിന്ന് 200 മീറ്ററായി വർദ്ധിപ്പിച്ച് ഉത്തരവിറക്കിയത്.

ഇതിനെതിരെ ക്വാറി ഉടമകളും സംസ്ഥാന സർക്കാരും നൽകിയ ഹർജിയിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുതിയ ക്വാറികൾക്ക് മാത്രമേ ബാധകമാകൂ എന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജിയാണ് കേരളത്തിന്റേതായി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Advertisement
Advertisement