രാജാ രവിവർമ്മയുടെ ജന്മനാട്ടിൽ തിലകക്കുറിയായി കലാഗ്രാമം

Friday 08 October 2021 2:23 AM IST

കിളിമാനൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ആരംഭിച്ച രാജാ രവിവർമ്മ കലാ ഗ്രാമത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ഭാരതീയ ചിത്രകലാ പാരമ്പര്യത്തിന്റെ ദീപ്‌തമുഖമായ രവി വർമ്മയുടെ സ്മരണ നിലനിറുത്താൻ തുടങ്ങിവച്ച പദ്ധതികളൊന്നും പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.

രവിവർമ്മയുടെ കലാ തപസ്യ നിറഞ്ഞു നിൽക്കുന്ന കൊട്ടാരവും ആർട്ട് ഗ്യാലറിയും ഒക്കെ ഒരു പുനർജന്മം കാത്ത് കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടി ' അവഗണനയിൽ ചാലിച്ച ചിത്രം " എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് അന്നത്തെ എം.എൽ.എ ബി. സത്യൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആധുനിക രീതിയിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ തീരുമാനിക്കുകയുമായിരുന്നു. ശിലാസ്ഥാപനം 2019 നവംബറിൽ 27ന് അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് നിർവഹിച്ചത്. ഒന്നാംഘട്ടമായി 80 ലക്ഷം അനുവദിക്കുകയും ചെയ്തു. കൊവിഡ് കാരണം വൈകിയ ജോലികൾ അടുത്തിടെയാണ് പുനരാരംഭിച്ചത്.

മാതൃകാ കലാഗ്രാമം

----------------------------

പഞ്ചായത്ത് നൽകിയ രണ്ടേക്കർ ഭൂമിയിൽ ലളിതകലാ അക്കാഡമി സ്ഥാപിച്ച രവിവർമ്മ സാംസ്‌കാരിക നിലയത്തിലാണ് കലാഗ്രാമം ഒരുക്കുന്നത്. സ്റ്റുഡിയോ കോംപ്ലക്സ്, ആർട്ടിസ്റ്റ് റസിഡന്റ്സ് പ്രോഗ്രാം,​ കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും താമസിച്ച് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും സൗകര്യമുണ്ടാകും. ചിത്രരചനയ്ക്കും ചിത്രപ്രദർശനത്തിനുമായുള്ള കേന്ദ്രവും ഇവിടെ സജ്ജമാക്കും.

ആർട്ടിസ്റ്റ് സ്ക്വയർ എങ്ങുമെത്തിയില്ല

------------------------------------------------------

രാജാ രവിവർമ്മയുടെ സ്‌മാരകമായി അന്തർദേശീയ നിലവാരത്തിലുള്ള ആർട്ടിസ്റ്റ് സ്ക്വയർ നിർമ്മിക്കുമെന്ന് കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ലളിതകലാ അക്കാഡമിയുടെ നിയന്ത്രണത്തിലായിരിക്കും ആർട്ടിസ്റ്റ് സ്ക്വയർ പ്രവർത്തിക്കുകയെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇതിനായി നാളിതുവരെ പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല.

പദ്ധതിത്തുക - 1.5 കോടി

ശിലാസ്ഥാപനം - 2019ൽ