സർക്കാർ ഓഫീസുകൾക്ക് മാർക്കിടാൻ ആപ്

Friday 08 October 2021 2:59 AM IST

തൃശൂർ: ഓൺലൈനിൽ സാധനം വാങ്ങാനും ഹോട്ടലുകളുടെ സേവനങ്ങൾക്കും മികവിന്റെ അടിസ്ഥാനത്തിൽ മാർക്കിടുന്നത് പോലെ ഇനി സർക്കാർ ഓഫീസുകൾക്കും മാർക്കിടാം. പ്ലേ സ്റ്റോറിൽ നിന്ന് എൻ്റെ ജില്ല (ENTE JILLA) ആപ്പ് ഡൗൺലോഡ് ചെയ്ത് ജില്ല തെരഞ്ഞെടുത്താൽ സർക്കാർ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ റെഡിയാണ്. ലൊക്കേഷൻ മാപ്പ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും അതിലുണ്ട്. ആപ്പ് വഴി നേരിട്ട് ഓഫീസിലേക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും വിളിക്കാനും ഇ മെയിൽ അയക്കാനും കഴിയും. മാർക്കിടാനും അഭിപ്രായം പറയാനുമുള്ള (റേറ്റ് ആൻഡ് റിവ്യൂ) സംവിധാനമാണ് ആപ്പിന്റെ പ്രധാന സവിശേഷത.

റൈറ്റ് എ റിവ്യൂ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകിയാൽ ലഭിക്കുന്ന ഒ.ടി.പി എൻഡർ ചെയ്ത ശേഷം പേരും ഇമെയിൽ ഐഡിയും നൽകി രജിസ്റ്റർ ചെയ്യാം. അതിന് ശേഷം മാർക്കിടാം. അനുഭവം പങ്കുവയ്ക്കാം. ഓഫീസുകളെ ഒന്ന് മുതൽ അഞ്ച് വരെ റേറ്റ് ചെയ്യാനും അവയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനും സാധിക്കും. പോസ്റ്റ് ചെയ്യുന്ന റിവ്യൂ എല്ലാവർക്കും കാണാം.

  • തത്സമയം വിലയിരുത്തൽ

ഓഫീസുകൾക്ക് ജനങ്ങൾ നൽകുന്ന റേറ്റിംഗും അവിടെ നിന്നുള്ള സേവനം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അവർ രേഖപ്പെടുത്തുന്ന അഭിപ്രായവും ജില്ലാ കളക്ടറുടെ കീഴിലുള്ള സംഘം തത്സമയം വിലയിരുത്തും. മികവ് പുലർത്തുന്ന ഓഫീസുകൾക്ക് അംഗീകാരം നൽകുന്നതോടൊപ്പം അല്ലാത്തവയെ തിരുത്താനുള്ള നടപടികളും കൈക്കൊള്ളും.

  • നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വഴി

എന്റെ ജില്ല ആപ്പിൽ ഓഫീസുകളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തി ജില്ലയിൽ അന്തിമഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പുരോഗതി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വഴിയാണ് ഈ വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നത്. നിലവിൽ വില്ലേജ് ഓഫീസുകൾ ഉൾപ്പെടെയുള്ള റവന്യൂ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപന കാര്യാലയങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, ആർ.ടി.ഒകൾ, കെ.എസ്.ഇ.ബി, സിവിൽ സപ്ലൈസ് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയെല്ലാം വിവരങ്ങൾ ആപ്പിൽ ലഭ്യമാണ്.

മികച്ച സ്ഥാപനങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി പ്രോത്സാഹിപ്പിക്കാനും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത സ്ഥാപനങ്ങളെ തിരുത്താനും ഇതിലൂടെ സാധിക്കും. ഓഫീസുകളെ റേറ്റ് ചെയ്യുന്നതോടൊപ്പം അതിനുള്ള കാരണം വിശദീകരിക്കുക കൂടി ചെയ്താൽ തുടർ നടപടി എളുപ്പമാവും.

ഹരിത വി കുമാർ

ജില്ലാ കളക്ടർ