പ്ലസ് വൺ പ്രവേശനം: ആശങ്ക വേണ്ടെന്ന് അധികൃതർ

Friday 08 October 2021 3:28 AM IST

തൃശൂർ: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നവംബർ 25നകം എല്ലാവർക്കും സീറ്റ് ലഭിക്കുമെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ വി.എം. കരീം എന്നിവർ അറിയിച്ചു. 2020- 21 വർഷങ്ങളിൽ പ്ലസ്‌വണിൽ മാത്രം 2730 സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. ആകെയുള്ള 650 ബാച്ചുകളിൽ 629 എണ്ണത്തിൽ മാത്രമേ പൂർണ്ണമായി പ്രവേശനം നേടിയിരുന്നുള്ളൂ. 21 ബാച്ചുകൾ ജില്ലയിൽ കുട്ടികൾ ഇല്ലാതെ നഷ്ടപ്പെട്ടിരുന്നു. ഈ വർഷത്തെ അഡ്മിഷൻ പ്രക്രിയ അവസാനിച്ചതിന് ശേഷമേ എത്ര ബാച്ചുകൾ നിലനിൽക്കുമെന്ന് അറിയാൻ കഴിയൂ. പത്താം തരം പാസായ എല്ലാ കുട്ടികൾക്കും ഉപരി പഠനത്തിന് വേണ്ട സാധ്യതകൾ ജില്ലയിലുണ്ടെന്നും അധികൃതർ അറിയിച്ചു. പ്ലസ് വൺ ഏകജാലക പ്രക്രിയയിലെ 21,293 സീറ്റിലേക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ 4800 സീറ്റിലേക്കും മാത്രമാണ് ഇപ്പോൾ അലോട്ട്‌മെന്റ് ആയിട്ടുള്ളത്.

  • പ്ലസ് വൺ അപേക്ഷ നൽകിയവർ 40,498
  • ഹയർ സെക്കൻഡറിയിൽ 32651 സീറ്റുകൾ
  • വൊക്കേഷണൽ ഹയർ സെക്കൻഡറി 6000 സീറ്റുകൾ
  • സ്‌പെഷൽ സ്‌കൂൾ, ടെക്‌നിക്കൽ ഹയർ സെക്കൻഡറി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ എന്നിവിടങ്ങളിലായി 900 സീറ്റുകൾ
  • പോളിടെക്‌നിക്ക്, ഐ.ടി.ഐ, ഐ.ടി.സി, ഓപ്പൺ സ്‌കൂൾ എന്നിവിടങ്ങളിലായി 6500