യു.പി.പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി, പ്രതി ആരായാലും ഉടൻ അറസ്റ്റ് ചെയ്യണം

Saturday 09 October 2021 12:03 AM IST

 മന്ത്രിപുത്രന് പ്രത്യേക പരിഗണന വേണ്ട,

 കൊലക്കേസുകളിൽ പ്രതിക്ക് നോട്ടീസ് അയച്ച് കാത്തിരിക്കുന്നതാണോ യു.പി.പൊലീസിന്റെ രീതി

ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ നാല് കർഷകരടക്കം എട്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. കൊലക്കേസുകളിൽ സമൻസ് അയച്ച് പ്രതി വരുന്നതും കാത്തിരിക്കുന്നതാണോ യു.പി പൊലീസിന്റെ രീതിയെന്ന് ആരാഞ്ഞ കോടതി, കേന്ദ്രമന്ത്രിയുടെ മകനെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് വാക്കാൽ നിർദ്ദേശിച്ചു.

സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം.

എന്തുകൊണ്ട് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ്, പ്രതി എത്ര ഉന്നതനായാലും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും വ്യക്തമാക്കി.

കേസിൽ പ്രതിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷിന്, ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്നലെ പതിനൊന്ന് വരെ സമയം നൽകിയിരുന്നുവെന്നും ഹാജരായില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും യു.പിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു.

'സാധാരണ കൊലക്കേസുകളിൽ സമൻസ് അയച്ച് പ്രതിവരുന്നതും കാത്തിരിക്കുന്നതാണോ നടപടിക്രമം' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. 'ഈ കേസിൽ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സമാന കേസുകളിൽ മറ്റു പ്രതികളെ കൈകാര്യം ചെയ്യുന്നത് പോലെ ആശിഷിനെയും കൈകാര്യം ചെയ്യണമെന്ന്" ചീഫ് ജസ്റ്റിസ് വാക്കാൽ പറഞ്ഞു. കേസിൽ യു.പി. സർക്കാരിന്റെ ഇതുവരെയുള്ള നടപടികളിൽ കടുത്ത അതൃപ്തിയുണ്ടെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനസർക്കാർ ഉത്തരവാദിത്വം കാണിക്കണം
'സംസ്ഥാന സർക്കാരിൽ നിന്ന് കുറച്ചു കൂടി ഉത്തരവാദിത്വം പ്രതീക്ഷിച്ചു. കൊലപാതകവും വെടിവയ്പും ഉൾപ്പടെ ആരോപിക്കപ്പെട്ട കേസാണിത്. എന്നിട്ടും പ്രതിക്ക് നോട്ടീസ് അയച്ച് ദയവായി ഒന്നു വരാമോ, എന്തെങ്കിലുമൊന്ന് പറയാമോ എന്ന സമീപനമാണ് പൊലീസിന്.'- ചീഫ് ജസ്റ്റിസ് പറഞ്ഞു.

'അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെല്ലാം പ്രാദേശിക തലത്തിലുള്ളവരാണ്. പിന്നെങ്ങനെ അന്വേഷണം ശരിയായി നടക്കും. കേസിലെ തെളിവുകളും വസ്തുതകളും അതേപടി സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കണം. എട്ടു പേർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ അടിയന്തിര അറസ്റ്റാണ് വേണ്ടതെന്ന്' ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സൂര്യകാന്തും വ്യക്തമാക്കി.

സി.ബി.ഐ വേണ്ട
കേസ് സി.ബി.ഐക്ക് കൈമാറുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് സംസ്ഥാന സർക്കാരിന് അങ്ങനെയൊരു ആവശ്യമില്ലെന്നായിരുന്നു ഹരീഷ് സാൽവേയുടെ മറുപടി. ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ സി.ബി.ഐയെ ഏൽപ്പിക്കുന്നത് കൊണ്ടും പ്രയോജനമില്ലെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചു.

വെടിവയ്പുണ്ടായതായി ആരോപണം ഉണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ വെടിയേറ്റ പാടുകളില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുമില്ല. എന്നാൽ അറസ്റ്റ് വൈകുന്നതിന് അതൊരു കാരണമാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതൊരു ഗൗരവമേറിയ കേസാണെന്ന് ഹരീഷ് സാൽവേ വാദിച്ചപ്പോൾ ഗൗരവമൊക്കെ വാക്കിൽ മാത്രമേയുള്ളൂ പ്രവൃത്തിയിൽ കാണാനില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. പൂജാ അവധിക്ക് ശേഷം ഒക്ടോബർ 20ന് കേസ് വീണ്ടും പരിഗണിക്കും.

Advertisement
Advertisement