'ഐസിസിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം, അവരുടെ സഹായമൊന്നും വേണ്ട'; അമേരിക്കൻ സഹായം തള‌ളി താലിബാൻ

Sunday 10 October 2021 12:20 AM IST

കാബൂൾ: രാജ്യത്തെ തകർന്ന സാമ്പത്തികാവസ്ഥ പരിഹരിക്കാൻ കോടിക്കണക്കിന് ഡോളർ അന്താരാഷ്‌ട്ര ഫണ്ടിംഗ് അഫ്ഗാന് അനുവദിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്ഥാൻ. എന്നാൽ അമേരിക്കയുമായി എന്തെങ്കിലും തരത്തിൽ സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താലിബാൻ.

അഫ്ഗാനിൽ വർദ്ധിച്ച് വരുന്ന ഐസിസ് ഭീകരരുടെ ആക്രമണത്തെ തങ്ങൾ തന്നെ നേരിടുമെന്നാണ് താലിബാന്റെ വാദം. 'ഐസിസിനെ നേരിടാൻ ഞങ്ങൾക്ക് അമേരിക്കയുടെ സഹായമൊന്നും വേണ്ട, അവരെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്കറിയാം.' താലിബാൻ വക്താവ് പ്രതികരിച്ചു.

20 വ‌ർഷത്തെ അമേരിക്കൻ സൈന്യത്തിന്റെ അഫ്ഗാൻ മണ്ണിലെ സഹായം അവസാനിപ്പിച്ച് ഓഗസ്‌റ്റ് മാസത്തിൽ അമേരിക്ക പിന്മാറിയതോടെ കേവലം 10 ദിവസം കൊണ്ടാണ് താലിബാൻ അഫ്ഗാൻ സേനയെ മുട്ടുമടക്കിച്ച് അധികാരം പിടിച്ചത്. ഭീകരരായ താലിബാന്റെ കീഴിൽ അഫ്ഗാൻ ജനത പൊറുതിമുട്ടുന്നതിനിടെയാണ് ഐസിസ് ആക്രമണം ആരംഭിച്ചത്.

കുന്തൂസിലെ ഷിയ വിഭാഗത്തിന്റെ പള‌ളിയിലുണ്ടായ സ്‌ഫോടനത്തിൽ വെള‌ളിയാഴ്‌ച നൂറ് കണക്കിന് പേരാണ് മരിച്ചത്. രാജ്യത്തെ ന്യൂനപക്ഷമായ ഷിയ വിഭാഗക്കാരായ മുസ്ളീം ജനങ്ങളാണ് ഐസിസ് നടത്തിയ ഈ ഭീകരാക്രമണത്തിൽ മരിച്ചത്.

ഈയാഴ്‌ച തന്നെ താലിബാന്റെ മുതിർന്ന നേതാക്കൾ ദോഹയിൽ വച്ച് അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തുമെങ്കിലും ഐസിസിനെതിരായ പോരാട്ടക്കാര്യമൊന്നും ചർച്ച ചെയ്യില്ലെന്നാണ് വിവരം. അഫ്ഗാനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാൻ മാത്രമാണ് ഈ ചർച്ചകൾ.