കമാൻഡർ തല ചർച്ച പരാജയം: ഇന്ത്യ-ചൈന അതിർത്തി വീണ്ടും സംഘർഷഭരിതം

Tuesday 12 October 2021 12:42 AM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അവശേഷിക്കുന്ന സംഘർഷ മേഖലകളിൽ നിന്ന് സേനകളെ പിൻവലിക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം ചൈന തള്ളിയതോടെ ഇരു രാജ്യങ്ങളുടെയും കമാൻഡർമാർ ഞായറാഴ്ച നടത്തിയ 13-ാം തല ചർച്ച പരാജയപ്പെട്ടു. ഉത്തരാഖണ്ഡിലും അരുണാചലിലും അടുത്തിടെയുണ്ടായ കടന്നുകയറ്റവും കിഴക്കൻ ലഡാക്കുമായി ബന്ധപ്പെട്ട ചർച്ച പരാജയപ്പെട്ടതും ഇന്ത്യാ-ചൈനാ അതിർത്തി സംഘർഷം കൂടുതൽ വഷളാകുമെന്ന സൂചനയാണ് നൽകുന്നത്.

കിഴക്കൻ ലഡാക്കിലെ ഹോട്ട്സ്‌പ്രിംഗ് പെട്രോൾ പോയിന്റ് 15ൽ (പി.പി.15) നിന്നുള്ള സേനാപിന്മാറ്റമായിരുന്നു ചുഷുൽ മോൾഡയിൽ 9മണിക്കൂർ നീണ്ട കമാൻഡർ തല കൂടിക്കാഴ്ചയിലെ പ്രധാന അജണ്ട. ദൗലത് ബെഗ് ഓൾഡ് വ്യോമത്താവളം സ്ഥിതി ചെയ്യുന്ന ഡെപസാങ് മേഖലകളിൽ അടക്കം നിയന്ത്രണരേഖ ലംഘിച്ച് കടന്നുകയറിയ സൈന്യത്തെ പൂർണമായി പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് ചൈന മുഖം തിരിച്ചു. നവംബറിൽ മഞ്ഞു വീഴുന്നതിന് മുമ്പ് സേനാ പിൻമാറ്റം അടിയന്തരമായി നടപ്പാക്കണമെന്ന് ലേയിലെ 14-ാം കോർപ്‌സ് ഫയർ ആൻഡ് ഫ്യൂരി കമാൻഡറും മലയാളിയുമായ ലഫ്.ജനറൽ പി.ജി.കെ മേനോൻ നയിച്ച ഇന്ത്യൻ സംഘം ആവശ്യപ്പെട്ടു.

ഗോഗ്ര, പാംഗോങ് മേഖലകളിലേത് പോലെ ഹോട്ട്സ്‌പ്രിംഗിൽ 3-10 കിലോമീറ്റർ ദൂരത്തിൽ ബഫർസോൺ രൂപീകരിക്കാമെന്ന് ചൈനീസ് സംഘം നിർദ്ദേശിച്ചതായി അറിയുന്നു. ബഫർസോൺ രൂപീകരിച്ചാൽ ഇപ്പോഴുള്ള പട്രോളിംഗ് നിറുത്തേണ്ടി വരുമെന്നതിനാൽ ഇന്ത്യ യോജിച്ചില്ല.

ജൂലായിൽ നടന്ന 12-ാം തല കൂടിക്കാഴ്ചയ്ക്ക് ശേഷം ഗോഗ്ര കുന്നുകളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു. എന്നാൽ അടുത്തിടെ ഉത്തരാഖണ്ഡ്, അരുണാചൽ അതിർത്തിയിൽ ചൈന വീണ്ടും കടന്നുകയറ്റത്തിന് ശ്രമിച്ചത് സമാധാനശ്രമങ്ങളെ പിന്നോട്ടടിപ്പിച്ചു.

ചൈനീസ് സേന നിയന്ത്രണരേഖയിൽ തുടർന്നാൽ ഇന്ത്യൻ സേനയ്ക്കും തുടരാതെ നിർവാഹമില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരാവനെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

ഇന്ത്യൻ കരസേനയുടെ പ്രസ്താവന

അതിർത്തിയിലെ സംഘർഷം കുറയ്ക്കാൻ ഇന്ത്യ മുന്നോട്ടുവച്ച അനിവാര്യമായ ക്രിയാത്മക നിർദ്ദേശങ്ങൾ ചൈന അംഗീകരിച്ചില്ല. പകരം നടപ്പാക്കേണ്ട നിർദ്ദേശങ്ങളും നൽകിയില്ല. അതിനാൽ സേനാ പിന്മാറ്റം ലക്ഷ്യമിട്ട് നടത്തിയ ചർച്ച തീരുമാനമെടുക്കാതെ പിരിഞ്ഞു. ചർച്ച പരാജയപ്പെട്ടെങ്കിലും ആശയവിനിമയം തുടരാനും സമാധാനം നിലനിറുത്താനും ധാരണയായി.

ഉഭയകക്ഷി ധാരണകൾ ലംഘിച്ച് നിയന്ത്രണ രേഖയിൽ ചൈന ഏകപക്ഷീയമായി നടത്തിയ കടന്നുകയറ്റമാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. അതിനാൽ അതിർത്തിയിൽ സമാധാനവും ശാന്തതയും നിലനിറുത്തേണ്ട ഉത്തരവാദിത്വം ചൈനയ്ക്കുണ്ട്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുണ്ടാക്കിയ ധാരണകളും നടപ്പാക്കണം.


ചൈനീസ് വെസ്റ്റേൺ തിയറ്റർ കമാൻഡ് പ്രതികരണം

ഇന്ത്യയുടെ യുക്തിരഹിതവും അപ്രായോഗികവുമായ നിർദ്ദേശങ്ങൾ ചർച്ചകളിൽ വിലങ്ങു തടിയായി. സാഹചര്യങ്ങൾ ഇന്ത്യ തെറ്റായി വിലയിരുത്തരുത്. പകരം നിയന്ത്രണ രേഖയിലെ അനുകൂല സാഹചര്യങ്ങൾ നിലനിറുത്താനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ ആത്മാർത്ഥമായ ശ്രമങ്ങളാണ് ചൈന നടത്തിയത്. ഇരു രാജ്യങ്ങളും സേനകളും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി ധാരണകളും ഒത്തുതീർപ്പുകളും പാലിക്കാൻ ഇന്ത്യയ്ക്ക് ബാദ്ധ്യതയുണ്ട്.

Advertisement
Advertisement