ഉത്തരാഖണ്ഡ് മന്ത്രിയും മകനും കോൺഗ്രസിൽ

Tuesday 12 October 2021 12:54 AM IST

ഡെറാഡൂൺ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,​ ഉത്തരാഖണ്ഡ് ഗതാഗതമന്ത്രി യശ്പാൽ ആര്യയും മകനും എം.എൽ.എയുമായ സഞ്ജീവ് ആര്യയും ബി.ജെ.പിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് തിരികെയെത്തി. മുതിർന്ന നേതാവ് ഹരീഷ് റാവത്ത്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഡൽഹിയിൽ വച്ചാണ് ഇരുവരും പാർട്ടിയിൽ ചേർന്നത്.

യാതൊരു വ്യവസ്ഥയുമില്ലാതെ കോൺഗ്രസിനെ സേവിക്കുമെന്നും സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നതിൽ സഹകരിക്കുമെന്നും യശ്പാൽ ആര്യ പറഞ്ഞു. ഇരുവരും ഇന്നലെ രാവിലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചിരുന്നു. 2017ൽ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ഇരുവരും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. 2017ൽ, അന്നത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രവർത്തനരീതിയിൽ അസ്വസ്ഥനാണെന്നും പാർട്ടിയിൽ അവഗണന അനുഭവപ്പെടുകയാണെന്നും ആരോപിച്ചാണ് യശ്പാൽ മകനോടൊപ്പം കോൺഗ്രസ് വിട്ടത്.