ഡി.സി.സി കാമറയും ഖജനാവും

Tuesday 12 October 2021 12:00 AM IST

വേദികളിലെ ആൾക്കൂട്ടമാണ് കോൺഗ്രസ് പരിപാടികളുടെ പ്രത്യേകത. കളക്ടറേറ്റ് പിക്കറ്റിംഗ് ആയാലും മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനമായാലും സദസിലേതിനേക്കാൾ ജില്ലാ നേതാക്കളുടെ തള്ളിക്കയറ്റം വേദിയിലായിരിക്കും. പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ ചുമതലയേറ്റതോടെ ഇൗ സംസ്കാരത്തിന് മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. വേദിയിൽ നേതാക്കൾ ഇടിച്ചു നിൽക്കേണ്ട. കാമറകൾക്ക് മുന്നിലേക്ക് തല നീട്ടേണ്ട. സദസിലെ എണ്ണം വർദ്ധിപ്പിക്കുക. ഇത്യാദി കാര്യങ്ങളിലൊക്കെ അതീവശ്രദ്ധ വേണമെന്നാണ് സുധാകരചട്ടം. അടുത്തിടെ പത്തനംതിട്ട ഡി.സി.സി ഓഫീസിൽ നടന്ന നേതൃയോഗത്തിലേക്ക് കടന്നുവന്ന സുധാകരൻ ചാനലുകളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഡി.സി.സിയിലെ ചില മല്ലന്മാർ അറിയാതെ ഇടിച്ചുനിന്നു. ശീലിച്ചു വന്ന കാര്യങ്ങൾ പെട്ടെന്ന് നിറുത്തുക നടപ്പുള്ള കാര്യമല്ല. കാമറകൾ കണ്ടപ്പോൾ നേതാക്കൾ ചട്ടം മറന്നുപോയതാണ്. പക്ഷെ, വടിയെടുത്ത് സുധാകരൻ ഒന്നു ഗർജിച്ചപ്പോൾ ചട്ടം ഒാർത്തെടുത്ത് നേതാക്കൾ പുറത്തുചാടി. കടക്ക് പുറത്ത് എന്നു പറഞ്ഞാൽ അത് പിണറായി ശൈലിയാകും. മാറിനില്‌ക്ക് എന്ന ഒറ്റ പ്രയോഗത്തിലൂടെയാണ് സുധാകരൻ നേതാക്കളെ തുരത്തിയത്.

പത്തനംതിട്ട ഡി.സി.സി എന്നു കേൾക്കുമ്പോൾ പണ്ടേ കലിപ്പാണ് കെ.പി.സി.സിക്ക്. തിരഞ്ഞെടുപ്പുകളിൽ ഇരന്നു വാങ്ങുന്ന തോൽവികൾ, പ്രവർത്തിക്കാതെ വേലത്തരം കാട്ടുന്ന നേതാക്കൾ, പദവികൾ തലയിൽ ചൂടി വീട്ടിൽക്കിടന്ന് ഉറങ്ങുന്നവർ... ഇങ്ങനെ ഒട്ടേറെ 'ബഹുമതികൾ' ഏറ്റുവാങ്ങിയവർ. ഇത്രയും മോശം ഡി.സി.സിയെ കേരളത്തിൽ മറ്റൊരു ജില്ലയിലും കണ്ടിട്ടില്ലെന്ന് അടുത്തിടെ ഒരു കെ.പി.സി.സി പ്രമുഖൻ തിരുവനന്തപുരത്തിരുന്ന് പറഞ്ഞത് പത്തനംതിട്ടക്കാർ കാതോടുകാതോരം പറഞ്ഞു കൊണ്ടിരിക്കുകയാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ തൊട്ടുനോക്കാൻ ഒന്നു പോലുമില്ല. തദ്ദേശങ്ങളിൽ ചിലതിൽ കഷ്ടിച്ച് കയറിക്കൂടി. എന്നിട്ടും മേനി പറയുന്നത് പത്തനംതിട്ട യു.ഡി.എഫ് കോട്ടയെന്നാണ്.

പൂരം കഴിഞ്ഞ മൂകത

ഡി.സി.സികളിലെ അഴിച്ചുപണികളിൽ പത്തനംതിട്ടയ്ക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ചപ്പോൾ അസംതൃപ്തർ ചേർന്ന് ഒാഫീസ് മുറ്റത്തെ കൊടിമരത്തിൽ നിന്ന് ത്രിവർണ പതാക താഴ്ത്തി മുകളിൽ കരിങ്കൊടി കെട്ടി അന്ത്യാഞ്ജലി അർപ്പിച്ചത് നിസാര കാര്യമല്ല. പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. പാർട്ടിയുടെ പരാതിയെത്തുടർന്ന് പൊലീസും അന്വേഷണം തുടങ്ങി. റിപ്പോർട്ടുകൾ ഒന്നും പുറത്തുവന്നിട്ടില്ല. വെളിച്ചം കാണാത്ത അന്വേഷണ റിപ്പോർട്ടുകളെപ്പോലെയാകും കരിങ്കൊടി കേസും. കരിങ്കൊടി കെട്ടിയത് പാർട്ടിക്കാരനാണെങ്കിൽ പുറത്താക്കും എന്ന് പ്രഖ്യാപനം പുതിയ ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പലകുറി ആവർത്തിച്ചിട്ടുണ്ട്. ഡി.സി.സി ഒാഫീസിന് മുന്നിൽ സി.സി.ടി.വി ഉണ്ടായിരുന്നെങ്കിൽ ഒറ്റമണിക്കൂറിനുള്ളിൽ പ്രതികളെ കണ്ടെത്താമായിരുന്നു. പാർട്ടിയെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ രണ്ട് കാര്യങ്ങൾ നടപ്പാക്കിയിരിക്കുകയാണ് ഡി.സി.സി പ്രസിഡന്റ്. ഒാഫീസിനകത്തോ പുറത്തോ ആരും വെറുതേ ചുറ്റിത്തിരിഞ്ഞ് നിൽക്കരുതെന്ന കർശന നിർദേശമാണ് ഒന്നാമത്തേത്. പരിപാടികളും കമ്മറ്റികളും നടക്കുമ്പോഴും അത്യാവശ്യ കാര്യങ്ങൾക്കുമായി മാത്രം ആളെത്തുക. അല്ലാത്ത സമയങ്ങളിൽ പ്രസിഡന്റും ഒാഫീസ് ചുമതലയള്ള ജനറൽ സെക്രട്ടറിയും ജീവനക്കാരും മാത്രം. പൂരപ്പറമ്പ് പോലെ കാണപ്പെട്ട ഡി.സി.സി ഒാഫീസിൽ ഇപ്പോൾ ശ്മശാന മൂകതയായി. വാഹനങ്ങളുടെ ഇരമ്പമില്ല. ഖദറുകളുടെ വെൺമയില്ല. മുറ്റത്ത് കരിയിലകൾ മാത്രം. ശചീകരണ ജീവനക്കാർ എത്തുന്നതുകൊണ്ട് വൃത്തിയും വെടിപ്പുമുണ്ട്. പാർട്ടിയിൽ ശുദ്ധികലശം പ്രഖ്യാപിച്ച ഡി.സി.സി പ്രസിഡന്റ് ഒാഫീസിനുള്ളിലും പുറത്തും നാല് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. ചെലവ് പാർട്ടിയാണ് വഹിക്കേണ്ടത്. പക്ഷെ, പണം മുടക്കിയത് ഡി.സി.സി പ്രസിഡന്റിന്റെ പോക്കറ്റിൽ നിന്നാണ്. പ്രസിഡന്റ് റിട്ടയേർഡ് പ്രൊഫസറായതുകൊണ്ട് പെൻഷൻ തുക എടുത്തുകൊടുത്തു. കൈയിലെ കാശ് പോയാലും വേണ്ടില്ല, കരിങ്കൊടി പോലുള്ള കരിങ്കാലിപ്പണി ഇനി പൊറുക്കില്ല. കരിങ്കൊടി കെട്ടാൻ ആളുകൾ എത്തിയത് ആംബുലൻസിൽ ആണെന്നാണ് കേട്ടത്. ശരിക്കും അന്ത്യാഞ്ജലി തന്നെ. കാമറകൾ സ്ഥാപിച്ചതോടെ പാത്തും പതുങ്ങിയും ഒാഫീസ് മുറ്റത്ത് നടക്കുന്ന നേതാക്കൾക്ക് പണികിട്ടുമെന്ന് ഉറപ്പാണ്.

ഖജനാവ് കാലി

ഡി.സി.സിയുടെ ഖജനാവ് അടുത്തിടെ പരിശോധിച്ചപ്പോൾ ഏതാനും ചില്ലറത്തുട്ടുകളാണ് കിട്ടിയത്. എണ്ണിപ്പെറുക്കി നോക്കിയപ്പോൾ ആയിരത്തി അൻപത് രൂപ മാത്രം!. പണം എവിടെയെന്ന് ആരോട് ചോദിക്കാൻ?. തിരുവനന്തപുരത്ത് പുതിയ ഡി.സി.സി പ്രസിഡന്റ് ചുമതലയേറ്റപ്പോൾ ഖജനാവിൽ ഒന്നരക്കോ‌ടി ഉണ്ടായിരുന്നു. എറണാകുളത്ത് 66ലക്ഷവും കോട്ടയത്ത് എട്ട് ലക്ഷവുമുണ്ടായിരുന്നു. ഒരു കമ്മറ്റി നടത്തിയാൽ ചായ കൊട‌ുക്കാൻ

പോലും പണമില്ലാത്ത ഡി.സി.സിയാണ് പത്തനംതിട്ടയിലേത്. ഇലക്ഷൻ ഫണ്ടും പാർട്ടി ഫണ്ടുമൊക്കെ എവിടെപ്പോയെന്ന് പിന്നാമ്പുറത്ത് ചർച്ച മുറുകുന്നുണ്ട്. അതിനും വേണ്ടിവരും ഒരന്വേഷണം. സംഗതി സാമ്പത്തിക കുറ്റകൃത്യമാണ്. പാർട്ടി അന്വേഷണത്തിന് പുറമേ സർക്കാർ ഏജൻസികളുടെ അന്വേഷണവും നടത്തണം. റിപ്പോർട്ട് വെളിച്ചം കാണുമോ എന്നറിയില്ല. കെ.പി.സി.സി പ്രസിഡന്റ് സുധാകരനായതുകൊണ്ട് ചിലപ്പോൾ പിടിവീണെന്നിരിക്കും. പ്രതികൾ വലിയ പുള്ളികളാണെങ്കിൽ അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടാനും സാദ്ധ്യതയുണ്ട്.