യന്ത്രത്തിൽ കയറിനിൽക്കുന്ന കാഴ്ച ഫേസ് ബുക്കിൽ: കടലിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ യന്ത്രം കാണാതായി

Monday 11 October 2021 8:45 PM IST
കടലിൽ നിന്ന് ലഭിച്ച കാലാവസ്ഥ നിരീക്ഷണയന്ത്രത്തിൽ കയറിനിൽക്കുന്നവരുടെ ദൃശ്യം

യന്ത്രത്തിന്റെ ദൃശ്യം മലപ്പുറം സ്വദേശിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ

കാസർകോട്: കൊടുങ്കാറ്റ്, സുനാമി എന്നിവയെ കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി സ്ഥാപിച്ച വേവ് റൈഡർ ബോയ് എന്ന കാലാവസ്ഥ നിരീക്ഷണയന്ത്രം കാണാതായി. മൂന്ന് ദിവസം മുതലാണ് യന്ത്രം കാണാതായത്.

ഇതിൽ നിന്നുള്ള ആശയവിനിമയം ഇല്ലാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യന്ത്രം കാണാതായ വിവരം പുറത്തുവന്നത്. അതിനിടെ മലപ്പുറം താനൂരിൽ നിന്നുള്ള ഒരാളുടെ ഫേസ് ബുക്ക് പോസ്റ്റിൽ യന്ത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിന് കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങൾക്ക് കടലിൽ നിന്ന് ലഭിച്ച വസ്തുവാണിതെന്ന് വീഡിയോ ദൃശ്യത്തിൽ ഇവർ പറയുന്നുണ്ട്.ചില മത്സ്യതൊഴിലാളികൾ യന്ത്രത്തിന്റെ മുകളിൽ കയറി നിൽക്കുന്ന ദൃശ്യവും പോസ്റ്റിലുണ്ട്. കപ്പലിൽ നിന്ന് വേർപ്പെട്ട വസ്തുവാണെന്നാണ് ഇവർ കരുതിയത്. യന്ത്രം ഉയർത്തിയപ്പോൾ ഒന്നരക്കൊട്ട അയല ലഭിച്ചുവെന്നും ദൃശ്യത്തിൽ പറയുന്നുണ്ട്.

ഇതോടെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം മലപ്പുറം, കാസർകോട് ജില്ലകളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിൽ ഇതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.

യന്ത്രത്തിന്റെ ഭാഗങ്ങൾ കടലിൽ നിന്ന് ലഭിച്ചവരെ തിരിച്ചറിഞ്ഞതായി കാസർകോട് കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ പറഞ്ഞു. പൊന്നാനി ഭാഗത്തെ മത്സ്യത്തൊഴിലാളികളാണിതെന്ന് സംശയിക്കുന്നു. പൊന്നാനി പൊലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നൽകുന്നതിന് കാസർകോടിന് മലപ്പുറത്തിനും ഇടയിലായി കടലിൽ സ്ഥാപിച്ചതാണ് ഈ യന്ത്രം. അതിന്റെ ഒരു ഭാഗം ബന്ധം വിച്ഛേദിച്ചു ജലനിരപ്പിലേക്ക് വന്നതാണെന്ന് കരുതുന്നു. മത്സ്യത്തൊഴിലാളികളുടെ അജ്ഞത കൊണ്ടാകാം ഗൗരവത്തിൽ എടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

യന്ത്രം കാണാതായ സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ നിർദ്ദേശ പ്രകാരം കളക്ട്രേറ്റിലെ ഉദ്യോഗസ്ഥർ ഫിഷറീസ് ഓഫീസുകളിലും കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലും എത്തി അന്വേഷണം നടത്തി. ഫിഷറീസ് വകുപ്പുമായി ഇതിന് യാതൊരുബന്ധവുമില്ലെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ പറഞ്ഞു.

Advertisement
Advertisement