ഘനി രാജ്യം വിട്ടത് ബാഗുകൾ നിറയെ പണവുമായെന്ന് മുൻ അംഗരക്ഷകൻ

Tuesday 12 October 2021 4:01 AM IST

കാബൂൾ: ഭീകരസംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ മുൻ പ്രസിഡന്റ് അഷ്റഫ് ഘനി രാജ്യം വിട്ടത് വലിയൊരു തുകയുമായാണെന്ന് ഘനിയുടെ അംഗരക്ഷകനായിരുന്ന ബ്രിഗേഡിയർ ജനറൽ പിറാസ് അറ്റ ഷരീഫി. ഇതിന് തെളിവുകളുണ്ടെന്നും അത് പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഘനി ബാഗുകൾ നിറയെ പണവുമായി രാജ്യം വിട്ടത് ഞാൻ കണ്ടിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യം തെളിവായി സൂക്ഷിച്ചിട്ടുണ്ട്. ഘനി രാജ്യം വിടുന്നതിന് തൊട്ടുമുൻപായി അഫ്ഗാൻ ബാങ്കിലെ ഒരു ഉദ്യോഗസ്ഥൻ ബാഗുകൾ നിറയെ പണവുമായി കൊട്ടാരത്തിലേക്ക് കയറുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. അഷ്‌റഫ് ഘനിയുടെ ദൈനംദിന സുരക്ഷാസംഘത്തിൽ അംഗമായിരുന്നു ഷരീഫി.  ചതിയ്ക്കപ്പെട്ടതായി തോന്നി കറൻസി എക്‌സ്‌ചേഞ്ച് മാർക്കറ്റിലേക്ക് വേണ്ട പണമായിരുന്നു അത്. എന്നാൽ, അത് ഘനി സ്വന്തമാക്കി. അവസാനം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഘനിയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് പണവുമായി രക്ഷപ്പെട്ടത്. രാജ്യം വിടുന്നതിന് മുമ്പായി താലിബാന്റെ പിടിയിൽ അകപ്പെടുകയാണെങ്കിൽ സ്വയം വെടിവച്ച് മരിക്കാനായി ഒരു തോക്ക് അദ്ദേഹം കൈയിൽ കരുതിയിരുന്നെന്നും ഷരീഫി പറഞ്ഞു. ആഗസ്റ്റ് 15ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസിൽ ഞാൻ ഘനിയെ കാത്തിരുന്നു. എന്നാൽ, ഒരു ഫോൺ കോളിലൂടെ അദ്ദേഹം വിമാനത്താവളം വഴി രാജ്യം വിട്ടതായി അറിഞ്ഞു. തന്റെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും നൽകാതെ ഘനി രാജ്യം വിട്ടതോടെ ചതിക്കപ്പെട്ടതായി തോന്നിയെന്നും താലിബാൻ ഭരണത്തിൽ ഒളിജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ടെന്നും ഷരീഫി കൂട്ടിച്ചേർത്തു.

Advertisement
Advertisement