അക്കാര്യത്തിൽ എനിക്ക് മോഹൻലാലിനോട് അസൂയയാണ്,​ നെടുമുടി വേണു അഭിമുഖത്തിനിടെ അന്നു പറഞ്ഞത്

Monday 11 October 2021 9:20 PM IST

മലയാളസിനിമയിൽ മോഹൻലാൽ ​- ജഗതി കോമ്പിനേഷൻ പോലെ പ്രേക്ഷകർ ഇഷടപ്പെട്ടിരുന്ന ഒന്നാണ് മോഹൻലാൽ .​- നെടുമുടി വേണു കൂട്ടുകെട്ടും. നിരവധി ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. താളവട്ടം,​ ഓര്‍ക്കാപ്പുറത്ത്, ചിത്രം,​ തേന്മാവിന്‍ കൊമ്പത്ത്, അപ്പു,​ ഹിസ് ഹൈനസ് അബ്‌ദുള്ള തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് ഇവരിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്ഠ നേടി. വാനപ്രസ്ഥത്തിലൂടെ മോഹൻലാലിന് വീണ്ടും ദേശീയ. അവാർഡ് ലഭിച്ചപ്പോൾ ദൂരദർശന് വേണ്ടി മോഹൻലാലിനെ ഇനന്‍വ്യു ചെയ്‌‌തതും നെടുമുടി വേണുവായിരുന്നു.

ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിനോട് തനിക്കുള്ള അസൂയയെക്കുറിച്ച് ആ അഭിമുഖത്തിൽ നെടുമുടി തുറന്നു പറയുന്നുണ്ട്. കഥകളിയെ ഏറെ സ്നേഹിക്കുന്ന തനിക്ക് ഇതുവരെ സിനിമയില്‍ ഒരു കഥകളിവേഷം അവതരിപ്പിക്കാന്‍ ആയിട്ടില്ലെന്നായിരുന്നു നെടുമുടി അന്ന് പറഞ്ഞത്.

എനിക്ക് ലാലിനോട് വല്ലാത്ത അസൂയയുണ്ട്. അസൂയ എന്ന് പറയുന്നത് വേറൊന്നുമല്ല. എത്ര പ്രാവശ്യം ദേശീയ പുരസ്‍കാരമോ അതിനപ്പുറത്തുള്ള പുരസ്‍കാരമോ അര്‍ഹതയുള്ളവര്‍ക്ക് കിട്ടുന്നതുകൊണ്ട് നമ്മള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. അതിന്‍റെ പേരിലല്ല അസൂയ. ജീവിതത്തില്‍ നമ്മള്‍ ആകാന്‍ കൊതിക്കുന്ന പല കാര്യങ്ങള്‍, ഉദാഹരണത്തിന് ഒരു ഗായകന്‍, മൃദംഗവാദന വിദഗ്‍ധന്‍, കഥകളി നടന്‍ ഇങ്ങനെ ഒരുപാട് ആഗ്രഹങ്ങള്‍ ഭാഗ്യവശാല്‍ നമ്മള്‍ സിനിമയിലൂടെ അഭിനയിച്ച്, അനുഭവിച്ച് തീര്‍ക്കുകയാണ് ചെയ്യുക. അങ്ങനെയുള്ള പല ഭാഗ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഞാന്‍ ഏറ്റവുമധികം ഇഷ്‍ടപ്പെടുന്ന കലാരൂപം എന്ന നിലയില്‍, ഒരു കഥകളി നടനായി അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല. പിന്നെ വേറൊരു കാര്യം എന്താണെന്നുവച്ചാല്‍, വാനപ്രസ്‍ഥത്തില്‍ ലാല്‍ മിനുക്കുവേഷം (പൂതന) കെട്ടുന്നു. പച്ചവേഷത്തിലും (അര്‍ജുനന്‍) കത്തിവേഷത്തിലും (കീചകന്‍) വട്ടമുടിയിലും (ഹനുമാന്‍) താടിയിലും (ദുശ്ശാസനന്‍) എത്തുന്നു. കഥകളി ജീവിതവൃത്തി ആക്കിയിട്ടുള്ള കലാമണ്ഡലം കൃഷ്‍ണന്‍ നായര്‍ ആശാനെപ്പോലെയുള്ള കലാകാരന്മാര്‍ക്കുപോലും ജീവിതത്തില്‍ ഇത്രയും വൈവിദ്ധ്യമാര്‍ന്ന വേഷങ്ങള്‍ ജീവിതത്തില്‍ കഥകളിയരങ്ങില്‍ കെട്ടാന്‍ അവസരം ഉണ്ടായിക്കാണില്ല. ആ വേഷങ്ങള്‍ മുഴുവന്‍ ലാലിന് കെട്ടാന്‍ സാധിച്ചു എന്നതാണ് എനിക്ക് ലാലിനോടുള്ള ഏറ്റവും വലിയ അസൂയയെന്നായിരുന്നു നെടുമുടി വേണു അന്ന് പറഞ്ഞത്.

ഉദരംസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നെടുമുടി വേണു അന്തരിച്ചത്. . മലയാളത്തിലും തമിഴിലുമായി 500ല്‍ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം പൂരം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.