'ഗുരുവേ എന്ന് സ്നേഹബഹുമാനങ്ങളോടെ വിളിക്കാൻ എനിക്കിനി വേണുവേട്ടൻ ഇല്ല'; നെടുമുടി വേണുവിന്റെ ഹൃദയസ്‌പർശിയായ ഓർമ്മയുമായി ജോയ് മാത്യു

Monday 11 October 2021 9:33 PM IST

പരാജിതരായ നായകന്മാർ പിറക്കുന്നതിന് മുൻപ് മുൻവിധികളുടെ മുനയൊടിക്കുന്ന നായകനായി മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ നടനാണ് നെടുമുടി വേണുവെന്ന് നടൻ ജോയ്‌ മാത്യു. ഫേസ്‌ബുക്കിലെ അനുസ്‌മരണക്കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. വെറുമൊരു നെടുമുടിക്കാരനല്ല നവരസങ്ങളുടെ കൊടുമുടിയാണെന്നും തന്നെ ചേർത്തുപിടിച്ച ആ സ്നേ‌ഹവായ്‌പ്പ് ഇനിയില്ലെന്നും ഗുരുവേ എന്ന് സ്നേഹ‌ബഹുമാനങ്ങളോടെ വിളിക്കാൻ വേണുവേട്ടൻ തനിക്കിനിയില്ലെന്നും പറഞ്ഞാണ് മലയാളത്തിന്റെ അതുല്യ നടന് ജോയ്‌ മാത്യു വിടപറയുന്നത്.

ജോയ്‌ മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

'ഒരു വാതിൽ മെല്ലെ തുറന്നടയുന്ന പോൽ
കരിയില കൊഴിയുന്ന പോലെ
ഒരു മഞ്ഞുകട്ടയലിയുന്ന പോലെത്ര,
ലഘുവായ് ലളിതമായി നീ മറഞ്ഞുവരികില്ല നീയിരുൾക്കയമായി
നീയെൻ ശവദാഹമാണെൻ മനസ്സിൽ '
ലെനിൻ രാജേന്ദ്രന്റെ 'വേനലി 'ൽ വേണുച്ചേട്ടൻ പാടി അഭിനയിച്ച അയ്യപ്പപ്പണിക്കരുടെ 'പകലുകൾ രാത്രികൾ 'എന്ന കവിത കേരളത്തിലെ കാമ്പസുകളെ ഉഴുതുമറിച്ചകാലം പൈങ്കിളിപ്പാട്ടുകളെ കടപുഴക്കിയ കവിതക്കാലം അതായിരുന്നു എന്റെ തലമുറയുടെ കാമ്പസ് കാലം! പരാജിതരാവാത്ത നായകന്മാർ പിറക്കുന്നതിന് മുൻപ് മുൻവിധികളുടെ മുനയൊടിക്കുന്ന നായകനായി മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ സാധാരണക്കാരന്റെ നടൻ ഒരു വെറും നെടുമുടിക്കാരനെയല്ല നവരസങ്ങളുടെ കൊടുമുടിയാണ് പിന്നീട് പ്രേക്ഷകർ കണ്ടത് എനിക്കാണെങ്കിൽ
പുസ്തകങ്ങളുടെ ചെങ്ങാതിയായ വേണുവേട്ടൻ ,തനത് നാടക പ്രവർത്തകനായ വേണുവേട്ടൻ ,കൊട്ടും പാട്ടും അറിയുന്ന അപൂർവ്വനായ ചലച്ചിത്ര നടൻ ഈ നെടുമുടിക്കാരൻ ആടാത്ത വേഷങ്ങൾ അപൂർവ്വം
ശൂന്യമായിപ്പോയല്ലോ അരങ്ങ് ,അതും ഇത്രപെട്ടെന്ന് ....
എന്നും എന്നെ ചേർത്തുപിടിച്ച ആ സ്‌നേഹവായ്പ് ഇനിയില്ല
ഗുരുവേ എന്ന് സ്‌നേഹബഹുമാനങ്ങളോടെ വിളിക്കാൻ എനിക്കിനി വേണുവേട്ടൻ ഇല്ല
വിട വേണുവേട്ടാ വിട !