ഞാൻ ഹൃദയത്തിൽ ഏറ്റുവാങ്ങിയ കൊച്ചു കൈത്തിരിയുടെ പ്രകാശം
പ്രിയ സഹയാത്രികനെക്കുറിച്ച് മമ്മൂട്ടി കോമരം എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം.പിന്നെ വുഡ്ലാൻഡ്സ് ഹോട്ടലിലേക്ക്.അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക്. എൺപത്തഞ്ചു വരെ ഈ സഹവാസം തുടർന്നു.അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തിൽ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങൾ ഓർക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതിൽ തുറന്നു തന്നത് വേണുവാണ്. തിരുവരങ്ങ് നാടകങ്ങൾ, സംഗീതം, നാടൻ കലാരൂപങ്ങൾ, കഥകളിയും കൂടിയാട്ടവും പോലുള്ള രംഗകലകൾ, അതിന്റെ ആട്ട പ്രകാരങ്ങൾ ആരംഗത്തെ ആചാര്യന്മാർ! അങ്ങനെ നിരവധി ഞാനറിയാത്ത വിഷയങ്ങളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.
October 18, 2021