പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധമുയരണം: എൽ.ഡി.എഫ്

Tuesday 12 October 2021 12:30 AM IST

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിവസേന വർദ്ധിപ്പിച്ച് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്രസർക്കാരിന്റെ കൊള്ളയ്ക്കെതിരെ അതിശക്തമായ പ്രതിഷേധമുയർത്തണമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
തുടർച്ചയായി ഏഴാം ദിവസവും വില വർദ്ധിപ്പിച്ച് ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയാണ്. തിങ്കളാഴ്ച ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ, പെട്രോളി​നൊപ്പം ഡീസലിന്റെയും വില നൂറ് രൂപ കടന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ ഡീസലിന് 15 തവണയും പെട്രോളിന് 12 തവണയും വില കൂട്ടി. കഴിഞ്ഞ നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ വില 40 രൂപയിലധികമാണ് വർദ്ധിച്ചത്. പാചകവാതക വില ദിവസങ്ങൾക്ക് മുമ്പാണ് കൂട്ടിയത്. മറ്റ് രാജ്യങ്ങളിലെല്ലാം ഇന്ധന വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഈ കൊള്ള.
ഡീസൽ വിലവർദ്ധന രാജ്യത്തെ ചരക്ക് നീക്കത്തെ ബാധിക്കും. ഓട്ടോ- ടാക്സി മേഖലയെയും സ്വകാര്യ വാഹന ഉടമകളെയും പ്രതിസന്ധിയിലാക്കുന്നതാണ് പെട്രോൾവില വർദ്ധന. പ്രതിരോധിച്ചില്ലെങ്കിൽ കേരളം വലിയ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തുക. പെട്രോളിയം വില വർദ്ധനവിന് ജി.എസ്.ടിയാണ് പോംവഴിയെന്ന കേന്ദ്രവാദം പച്ചക്കള്ളമാണ്. ഇന്ധന നികുതി കുറച്ച് വിലവർദ്ധനയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ കേന്ദ്രസർക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് വിജയരാഘവൻ ആവശ്യപ്പെട്ടു.

Advertisement
Advertisement