ഇന്ന് ആർത്രൈറ്റിസ് ദിനം : കുട്ടികളിലെ വാതരോഗം സൂക്ഷിക്കണം !

Monday 11 October 2021 10:39 PM IST

തൃശൂർ : ഇന്ന് ലോക ആർത്രൈറ്റിസ് ദിനം. സന്ധികളിൽ നീർക്കെട്ടും വേദനയും വരുന്ന രോഗാവസ്ഥയാണ് സന്ധിവീക്കം അഥവാ ആർത്രൈറ്റിസ്. തലച്ചോറ്, കിഡ്‌നി, ശ്വാസകോശം, ഹൃദയം എന്നിവയെ കാലക്രമേണ ബാധിക്കാവുന്ന ഒന്നാണിത്. ആദ്യകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കണ്ടുവന്നിരുന്നത് ഇപ്പോൾ കുട്ടികളിലും കാണപ്പെടുന്നു. കുട്ടികളിൽ കൂടിവരുന്ന സന്ധിവീക്കത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഈ ആർത്രൈറ്റിസ് ദിനം ലക്ഷ്യമിടുന്നത്. നിലവിൽ വലിയ രീതിയിൽ കുട്ടികളിൽ കാണുന്നില്ലെങ്കിലും വരും നാളുകളിൽ കൂടുതൽ പേരിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പാശ്ചാത്യ കണക്ക് പ്രകാരം ആയിരത്തിൽ രണ്ട് മുതൽ അഞ്ച് വരെ കുട്ടികളിൽ ഇത്തരം വാത രോഗം കണ്ടെത്തുന്നുണ്ട്. നമ്മുടെ നാട്ടിലും കണക്ക് വിഭിന്നമല്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. തുടക്കം മുതൽ കൃത്യമായ രോഗ നിർണ്ണയവും ശാസ്ത്രീയമായ ചികിത്സയും നടത്തിയാൽ ഭേദമാക്കാവുന്നതാണെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളിലെ വാതരോഗ ലക്ഷണം

സന്ധികളിലെ നീർക്കെട്ട്, വേദന, വിട്ടുമാറാത്ത പനി, കടുത്ത ക്ഷീണം, കൈകളിലും കാലുകളിലും കാണപ്പെടുന്ന ഉണങ്ങാത്ത വ്രണങ്ങൾ, പുറം വേദന, മസിൽ വേദനയോട് കൂടിയുള്ള ബലക്ഷയം, വായ്പ്പുണ്ണ്.

ചികിത്സാ രീതികൾ

കൃത്യമായ രോഗ നിർണ്ണയമാണ് പ്രധാനം. രോഗത്തിന്റെ കാഠിന്യം, കുട്ടിയുടെ പ്രായം, പൊതു ആരോഗ്യം എന്നിവയ്ക്കനുസരിച്ചുള്ള സമഗ്രമായ ഒരു ചികിത്സ പദ്ധതി തയ്യാറാക്കിയായിരിക്കും ചികിത്സ.


കുട്ടികളുടെ ഭാവി മുതിർന്നവരുടെ കൈകളിലാണ്. അതുകൊണ്ട് അവരുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ കടമയാണ്. കുട്ടികളിൽ കാണുന്ന ഇത്തരം രോഗലക്ഷണം കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിന് ആവശ്യമായ മുൻകരുതലെടുക്കേണ്ടേതാണ്.

ഡോ. ഷിജി ജോസഫ്
അസി.പ്രൊഫസർ
പീഡീയാട്രിക്‌സ്
അമല മെഡിക്കൽ കോളേജ്‌

Advertisement
Advertisement